പെഷവാർ : വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടന്ന വർഗീയ കലാപത്തിൽ 18 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബാലിഷ്ഖേൽ, ഖർ കാലി, കുഞ്ച് അലിസായി, മഖ്ബൽ എന്നിവിടങ്ങളിലും വെടിവയ്‌പ്പ് തുടരുകയാണ്.
തോക്കുകളും മറ്റ് വെടിക്കോപ്പുകളും ഉപയോഗിച്ചാണ് ഗോത്രങ്ങൾ പരസ്പരം ഏറ്റുമുട്ടുന്നത്. ഏറ്റുമുട്ടലിൽ ഇതുവരെ 18 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഏറ്റുമുട്ടലിൽ 30 ലധികം പേർ മരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഘർഷത്തിൽ വീടുകൾക്കും കടകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
കൂടാതെ വിവിധ ഗ്രാമങ്ങളിലെ ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ട്. സ്ഥിതിഗതികൾ വഷളായതിനാൽ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച അവധിയായിരിക്കുമെന്ന് സ്വകാര്യ വിദ്യാഭ്യാസ ശൃംഖല ചെയർമാൻ മുഹമ്മദ് ഹയാത്ത് ഹസ്സൻ സ്ഥിരീകരിച്ചു.
അഫ്ഗാനിസ്ഥാന്റെ അതിർത്തിയായ കുറം ജില്ലയിലെ അലിസായി, ബഗാൻ ഗോത്രങ്ങൾ തമ്മിൽ വ്യാഴാഴ്ച പാസഞ്ചർ വാനുകളുടെ വാഹനവ്യൂഹത്തിന് നേർക്ക് നടത്തിയ ആക്രമണത്തിൽ 47 പേർ കൊല്ലപ്പെട്ടിരുന്നു. ബഗാൻ, മണ്ഡൂരി, ഒച്ചാട്ട് എന്നിവിടങ്ങളിൽ 50-ലധികം യാത്രാ വാഹനങ്ങൾക്കു നേരെയാണ് വെടിവെയ്പ് നടന്നത്.
വെടിവെയ്പിൽ ആറ് വാഹനങ്ങൾ പൂർണ്ണമായും നശിക്കുകയും സ്ത്രീകളും കുട്ടികളുമടക്കം 47 പേരുടെ മരണത്തിന് കാരണമായതായും പോലീസ് അറിയിച്ചു. പരാചിനാറിൽ നിന്ന് ഖൈബർ പഖ്തൂൺഖ്വയുടെ തലസ്ഥാനമായ പെഷവാറിലേക്ക് പോകുകയായിരുന്ന വാഹനങ്ങൾക്ക് നേരയാണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും ഷിയ വിഭാഗത്തിൽപ്പെട്ടവരാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക