India

മഹാരാഷ്‌ട്രയിൽ എൻഡിഎ തരംഗം; കേവല ഭൂരിപക്ഷം തികച്ചു, ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി, ജാർഖണ്ഡിലും എൻഡിഎ മുന്നേറ്റം

Published by

മുംബൈ: മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിൽ ഫലങ്ങൾ പുറത്തുവന്നതോടെ എൻഡിഎ തരംഗം. മഹാരാഷ്‌ട്രയിൽ ലീഡ് നില പുറത്ത് വന്നതോടെ 211 സീറ്റുകളിൽ എൻഡിഎ സഖ്യം മുന്നിലെത്തി. ഇതോടെ എൻഡിഎ കേവല ഭൂരിപക്ഷം തികച്ചു കഴിഞ്ഞു. ഇന്‍ഡി സഖ്യം 65 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. 145 സീറ്റുകളാണ് മഹാരാഷ്‌ട്രയില്‍ ഭരണംപിടിക്കാന്‍ ആവശ്യമുള്ളത്.

ലീഡ് നിലയില്‍ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. നൂറോളം സീറ്റുകളിലാണ് ബിജെപി മുന്നേറ്റം. നാഗ്പുര്‍ സൗത്ത് വെസ്റ്റില്‍ ദേവേന്ദ്ര ഫഡ്‌നവിസ്, കോപ്രി-പാഛ്പഖഡിയില്‍ ഏക്‌നാഥ് ഷിന്ദേ, ബാരാമതിയില്‍ അജിത് പവാര്‍, എന്നിവര്‍ ലീഡ് ചെയ്യുകയാണ്. അതിനിടെ വിജയിക്കുന്ന എംഎല്‍എമാരെ ഹോട്ടലിലേക്കു മാറ്റാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയായ മഹാ വികാസ് അഘാഡി തീരുമാനിച്ചു. ഡി.കെ ശിവകുമാറിനാണ് എംഎല്‍എമാരെ ഒന്നിച്ച് നിര്‍ത്താനുള്ള ചുമതല.

കോണ്‍ഗ്രസ് ഭരണമുള്ള കര്‍ണാടകയിലെ ബെംഗളൂരു, തെലങ്കാന എന്നിവിടങ്ങളിലാണ് മഹാവികാസ് അഘാഡി എംഎല്‍എമാര്‍ക്കായി റിസോര്‍ട്ട് ബുക്ക് ചെയ്തിരിക്കുന്നത്.

ജാർഖണ്ഡിലും 44 സീറ്റിൽ എൻഡിഎ മുന്നേറുമ്പോൾ ഇവിടെയും എൻഡിഎ കേവല ഭൂരിപക്ഷം ഉറപ്പിച്ചു കഴിഞ്ഞു. 29 സീറ്റിൽ ആണ് ഇന്‍ഡി മുന്നണി മുന്നില്‍. മാഹാരാഷ്‌ട്രയിലും ജാർഖണ്ഡിലും ബിജെപി സഖ്യം അധികാരം തുടരുമെന്ന് തന്നെയാണ് എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ വന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പുറത്ത് വന്ന സർവേകളില്‍ ഭൂരിപക്ഷവും പ്രവചിക്കുന്നത് മഹാരാഷ്‌ട്രയില്‍ മാഹായുതി-ബിജെപി സഖ്യത്തിന് മുന്‍തൂക്കമെന്നാണ്.

റിപ്പബ്ലിക് ടി.വി – പി മാർക്ക് സർവേ പ്രകാരം 137 മുതല്‍ 157 വരെ വോട്ടുകള്‍ ലഭിക്കും. ആകെ 288 സീറ്റുകളുള്ള സംസ്ഥാനത്ത് 145 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ജാർഖണ്ഡിലും ജെവിസി, മാട്രിസ്, പീപ്പിള്‍സ് പള്‍സ് സര്‍വെകള്‍ എന്‍ഡിഎ മുന്നണിയ്‌ക്ക് നേട്ടമുണ്ടാക്കാനാകുമെന്ന് പ്രവചിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by