Kerala

എഡിബിയുടെ മറവില്‍ കുടിവെള്ള വിതരണം വിദേശകമ്പനിക്ക് നല്‍കരുത്: ബിഎംഎസ്

Published by

കുടിവെള്ള സംരക്ഷണ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ 30 ന് എറണാകുളത്ത് ബിഎംഎസ് ദേശീയ സെക്രട്ടറി വി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡന്റ് എം.പി. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും.

തിരുവനന്തപുരം: എഡിബി വായ്പയുടെ മറവില്‍ കൊച്ചിയിലെ കുടിവെള്ളവിതരണം വിദേശ സ്വകാര്യകമ്പനിക്ക് നല്‍കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘ് (ബിഎംഎസ്) ആവശ്യപ്പെട്ടു.

കൊച്ചിയിലെ എഡിബി കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വിളിച്ച ജലഅതോറിറ്റി ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് ബിഎംഎസ് ഈ ആവശ്യം ഉന്നയിച്ചത്. കൊച്ചിയിലെ എഡിബി കുടിവെള്ള പദ്ധതി കരാര്‍ ഉപേക്ഷിച്ച് കേരളത്തിലെ ജലസ്രോതസുകള്‍ ലക്ഷ്യംവെച്ചുള്ള വിദേശ സ്വകാര്യകുത്തകകളുടെ ഈ മേഖലയിലേക്കുള്ള കടന്നുവരവിനെ തടയണം.

മതിയായ ശാസ്ത്രീയ പരിശോധനകളില്ലാതെ വായ്പയ്‌ക്ക് വേണ്ടി മാത്രമാണ് കൊച്ചിയില്‍ 51% ജലനഷ്ടമുണ്ട് എന്ന് കണ്ടെത്തിയത്. ഇത് പുന:പരിശോധിക്കണമെന്നും ബിഎംഎസ് ആവശ്യപ്പെട്ടു.

പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ യാഥാര്‍ത്ഥ്യബോധത്തോടെയുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി അമൃത്, നഗരസഞ്ചയം, സ്മാര്‍ട്ട് സിറ്റി മിഷന്‍ തുടങ്ങിയ കേന്ദ്ര പദ്ധതികള്‍ ഉപയോഗപ്പെടുത്തി വായ്പയുടെ കെണിയില്‍ നിന്ന് രക്ഷപ്പെടണം. 6500 കോടിയോളം രൂപയുടെ ബാധ്യതയില്‍ പ്രവര്‍ത്തിക്കുന്ന ജല അതോറിറ്റിയുടെ എല്ലാ ബാധ്യതകളും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ബിഎംഎസ് ആവശ്യപ്പെട്ടു.

കേന്ദ്ര ജല്‍ജീവന്‍ മിഷന്‍ പദ്ധതിയിലൂടെ സംസ്ഥാനത്ത് അരലക്ഷം കോടിയോളം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. സംസ്ഥാന ചരിത്രത്തില്‍ കുടിവെള്ള വിതരണമേഖലയില്‍ ലഭിക്കുന്ന എക്കാലത്തെയും ഉയര്‍ന്ന തുകയാണിത്. ഫലപ്രദമായി ഇത് വിനിയോഗിക്കാന്‍ കഴിഞ്ഞില്ല.

പദ്ധതിയിലൂടെ ഇതിനകം 11000 കോടി രൂപ സംസ്ഥാനത്ത് ചെലവഴിച്ചിട്ടും ജലലഭ്യത ഉറപ്പാക്കാത്തതിനാല്‍ കിട്ടിയ കണക്ഷനുകള്‍ ജനങ്ങള്‍ ഉപേക്ഷിച്ചു കൊണ്ടിരിക്കുകയാന്നെന്നും പദ്ധതിയുടെ സ്തംഭനാവസ്ഥയും ജനങ്ങള്‍ക്കുള്ള പ്രയാസങ്ങളും പരിഹരിക്കുവാനും സര്‍ക്കാര്‍ ഇടപെടണമെന്നും കേന്ദ്രജല്‍ശക്തി മന്ത്രാലയത്തിന് വസ്തുതാപരമായ വിവരങ്ങള്‍ നല്‍കി കൂടുതല്‍ സഹായങ്ങള്‍ തേടണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ബിഎംഎസിന്റെ എല്ലാവിധ പിന്തുണ ഉണ്ടാകുമെന്നും നേതാക്കള്‍ ഉറപ്പു നല്‍കി. കേരള വാട്ടര്‍ അതോറിറ്റി എപ്ലോയീസ് സംഘിനെ പ്രതിനിധീകരിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. പ്രദീപ്, സംസ്ഥാന സമിതിയംഗം ജി. അനില്‍ കുളപ്പട എന്നിവര്‍ പങ്കെടുത്തു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by