India

പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം പീഡനമാവില്ല: സുപ്രീംകോടതി

Published by

ന്യൂദല്‍ഹി: പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തില്‍ പീഡനാരോപണം പാടില്ലെന്ന് സുപ്രീംകോടതി. തന്റെ പേരിലുള്ള പീഡനാരോപണക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി സ്വദേശി നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. യുവാവിനെതിരെയുള്ള കേസ് സുപ്രീംകോടതി റദ്ദാക്കി.

പ്രണയബന്ധങ്ങള്‍ വിവാഹത്തില്‍ കലാശിക്കാതെ വേര്‍പിരിയുന്ന സംഭവങ്ങളില്‍ യുവാവിനെതിരെയുള്ള പീഡനാരോപണത്തില്‍ ക്രിമിനല്‍ കേസെടുക്കാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് എന്‍. കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.

2019ലാണ് യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇരുവരും രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു. യുവാവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതിനെ തുടര്‍ന്നാണ് യുവതി പരാതി നല്കിയത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവാവ് ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ഹര്‍ജി തള്ളിയതോടെ സുപ്രീം കോടതിയെ സമീപിച്ചു.

തുടര്‍ച്ചയായി സമാനമായ പീഡനാരോപണ കേസുകള്‍ വരുന്നതിന്റെ അടിസ്ഥാനത്തിലാണ് കോടതി നിലപാട് കടുപ്പിച്ചത്. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു എന്ന കാര്യം കോടതിക്ക് ബോധ്യമായി. യുവാവ് വിവാഹ വാഗ്ദാനം നല്കിയിരുന്നില്ല. പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നും യുവതിയുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by