Marukara

വികസനത്തേരിലേറി ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളം : യാത്രക്കാരുടെ എണ്ണത്തിലും റെക്കോർഡ് വർധന

ഈ വർഷത്തെ ആദ്യ ഒമ്പത് മാസത്തെ കണക്കുകൾ പ്രകാരം 327,700 ഫ്ലൈറ്റ് സർവീസുകൾ ഈ വിമാനത്താവളത്തിൽ നിന്ന് നടന്നിട്ടുണ്ട്

ദുബായ് : ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളം യാത്രികരുടെ എണ്ണത്തിലും നവീകരണ പ്രവർത്തനങ്ങളിലും ഏറെ മുൻപന്തിയിൽ തന്നെയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളം 2024 ലെ ആദ്യ ഒമ്പത് മാസങ്ങളിൽ വാർഷിക ട്രാഫിക്കിൽ 6.3% വളർച്ച കൈവരിച്ചു. സെപ്റ്റംബർ അവസാനം വരെയുള്ള കണക്കുകൾ പ്രകാരം 68.6 ദശലക്ഷം യാത്രികരാണ് ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലൂടെ ഈ വർഷം സഞ്ചരിച്ചത്.

ഈ വർഷത്തെ മൂന്നാം പാദത്തിൽ മാത്രം ഏതാണ്ട് 23.7 ദശലക്ഷം യാത്രികരാണ് ഈ വിമാനത്താവളം ഉപയോഗിച്ചത്. ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലൂടെ മൂന്നാം പാദത്തിൽ 111,300-ലധികം ഫ്ലൈറ്റുകൾ യാത്രാ സേവനങ്ങൾ നൽകിയിട്ടുണ്ട്. ഇതോടെ ഈ വർഷത്തെ ആദ്യ ഒമ്പത് മാസത്തെ കണക്കുകൾ പ്രകാരം 327,700 ഫ്ലൈറ്റ് സർവീസുകൾ ഈ വിമാനത്താവളത്തിൽ നിന്ന് നടന്നിട്ടുണ്ട്.

ആകെ ഫ്ലൈറ്റുകളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 6.4 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024-ന്റെ അവസാന പാദത്തിൽ 23.2 ദശലക്ഷം അതിഥികളെ സ്വാഗതം ചെയ്യുമെന്ന് എയർപോർട്ട് പ്രതീക്ഷിക്കുന്നുണ്ട്.

അതേ സമയം അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ട് കൂടുതൽ നവീകരണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ്. കഴിഞ്ഞ ഏപ്രിലിൽ 128 ബില്യൺ മൂല്യമുള്ള പുതിയ പാസഞ്ചർ ടെർമിനൽ നിർമ്മിക്കാനുള്ള പദ്ധതിയ്‌ക്ക് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം അംഗീകാരം നൽകിയത്.

നിർമ്മാണം പൂർത്തിയാകുന്നതോടെ ആഗോളതലത്തിൽ തന്നെ ഏറ്റവും വലിയ എയർപോർട്ട് എന്ന തലത്തിലേക്ക് അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിനെ ഉയർത്തുന്നതാണ് ഈ പുതിയ പദ്ധതി.128 ബില്യൺ മൂല്യമുള്ള ഈ പദ്ധതി നടപ്പിലാകുന്നതോടെ ഈ വിമാനത്താവളത്തിലൂടെ വാർഷികാടിസ്ഥാനത്തിൽ 260 മില്യൺ യാത്രികർക്ക് യാത്രാ സേവനങ്ങൾ നൽകുന്നതിന് സാധിക്കുന്നതാണ്.

നിർമ്മാണം പൂർത്തിയാകുന്നതോടെ അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിന്റെ വലിപ്പം നിലവിലെ ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ അഞ്ചിരട്ടിയായി മാറുന്നതാണ്. ഇതോടെ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് നിലവിലുള്ള എല്ലാ പ്രവർത്തനങ്ങളും വരും വർഷങ്ങളിൽ അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിലേക്ക് മാറ്റുന്നതാണ്.

നാനൂറ് എയർക്രാഫ്റ്റ് ഗേറ്റുകൾ, സമാന്തരമായ അഞ്ച് റൺവേകൾ, മറ്റു വിമാനത്താവളങ്ങളിൽ ഇതുവരെ ഉപയോഗിക്കാത്തതായ അതിനൂതന വ്യോമയാന സാങ്കേതികവിദ്യകൾ തുടങ്ങിയവയും ഈ എയർപോർട്ടിന്റെ പ്രത്യേകതകളായിരിക്കും.

അൽ മക്തൂം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിർമ്മിക്കുന്ന പുതിയ ടെർമിനലിന്റെ രൂപരേഖ ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം വിലയിരുത്തുകയും തുടർന്ന് ഇതിന് അംഗീകാരം നൽകുകയുമായിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക