ന്യൂദല്‍ഹി: മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ 59% പോളിങ്. സംസ്ഥാനത്തെ 288 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായായിരുന്നു വോട്ടെടുപ്പ്. രണ്ടാംഘട്ടം വോട്ടെടുപ്പു നടന്ന ഝാര്‍ഖണ്ഡില്‍ 68% പോളിങ് രേഖപ്പെടുത്തി. ഇവിടെ 38 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. 43 മണ്ഡലങ്ങളില്‍ ആദ്യഘട്ടത്തില്‍ത്തന്നെ വോട്ടെടുപ്പു പൂര്‍ത്തിയാക്കി.
മഹാരാഷ്‌ട്ര ബീഡ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥി ബാലാസാഹേബ് ഷിന്‍ഡെയാണ് മരിച്ചത്. ബിജെപി നേതൃത്വത്തിലുള്ള ഭരണകക്ഷിയായ മഹായുതി സഖ്യവും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡിയും തമ്മില്‍ നേരിട്ടുള്ള പോരാട്ടം നടന്ന മഹാരാഷ്‌ട്രയില്‍ ഭരണം നിലനിര്‍ത്താനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി സഖ്യം. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയവരുള്‍പ്പെടെ 4136 സ്ഥാനാര്‍ത്ഥികളാണ് മഹാരാഷ്‌ട്രയില്‍ ജനവിധി തേടിയത്. 9.70 കോടി വോട്ടര്‍മാര്‍ക്കായി 1,00,186 പോളിങ് ബൂത്തുകളാണ് ഇവിടെ ഒരുക്കിയിരുന്നത്.
ഝാര്‍ഖണ്ഡിലെ 38 മണ്ഡലങ്ങളിലായി 528 സ്ഥാനാര്‍ത്ഥികളാണ് രണ്ടാംഘട്ടത്തില്‍ ജനവിധി തേടിയത്. ആദ്യഘട്ടത്തില്‍ വോട്ടെടുപ്പു പൂര്‍ത്തിയാക്കിയ 43 മണ്ഡലങ്ങളില്‍ 66.65% പോളിങ്ങാണ് രേഖപ്പെടുത്തിയിരുന്നത്. വിജയത്തില്‍ കുറഞ്ഞതൊന്നും ഇവിടെ ബിജെപി പ്രതീക്ഷിക്കുന്നില്ല. ജെഎംഎം സര്‍ക്കാരിന്റെ അഴിമതിയില്‍ പൊറുതി മുട്ടിയ ജനം ബിജെപിക്കൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷ.
പാലക്കാട് ഉള്‍പ്പെടെ രാജ്യത്തെ പതിനഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും മഹാരാഷ്‌ട്രയിലെ നന്ദേഡ് ലോക്സഭാ മണ്ഡലത്തിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പും ഇന്നലെ നടന്നു. മഹാരാഷ്‌ട്ര, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെയും ഉപതെരഞ്ഞെടുപ്പു നടന്ന വയനാട്, ചേലക്കര, പാലക്കാട് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ 23നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക