ന്യൂദല്‍ഹി: വായു മലിനീകരണത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തി ദല്‍ഹി സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. 50 ശതമാനം ജീവനക്കാര്‍ക്കാണ് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
വായു ഗുണനിലവാര നിരക്ക് സിവിയര്‍ പ്ലസ് വിഭാഗത്തില്‍ തന്നെ തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മലിനീകരണ തോത് കുത്തനെ ഉയർന്ന സാഹചര്യത്തിൽ ഇന്ന് വീണ്ടും അടിയന്തര യോഗം ചേരുമെന്നും മന്ത്രി ഗോപാൽ റായ് വ്യക്തമാക്കി. നഗരത്തിന്റെ പല ഭാഗങ്ങളിലും വായുഗുണനിലവാര സൂചിക 500നും മുകളിലാണ്.
അതേസമയം ദല്‍ഹിയില്‍ വായു മലിനീകരണം അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്ന സാഹചര്യത്തില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ദല്‍ഹി സര്‍ക്കാര്‍ കത്തയച്ചു. വിഷയത്തില്‍ ഇടപെടേണ്ടതു പ്രധാനമന്ത്രിയുടെ ധാര്‍മിക ഉത്തരവാദിത്വമാണെന്നും അദ്ദേഹം അടിയന്തര യോഗം വിളിക്കണമെന്നും ഗോപാല്‍ റായ് കത്തില്‍ ആവശ്യപ്പെട്ടിരുന്നു. കൃത്രിമ മഴ പെയ്യിക്കാന്‍ വിവിധ വകുപ്പുകളുടെ അനുമതിയും സഹകരണവും ആവശ്യമാണ്. ശാശ്വത പരിഹാരം കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കണമെന്നും ഗോപാല്‍ റായ് ആവശ്യപ്പെട്ടിരുന്നു.
ദൽഹിയിൽ സ്കൂളുകൾ അടച്ചിരിക്കുകയാണ്. പത്ത്, പന്ത്രണ്ട് ഉൾപ്പെടെയുള്ള ക്ലാസ്സുകളും ഓൺലൈനിലേക്ക് മാറ്റി. നേരത്തെ 10, 12 ക്ലാസ്സുകൾ ഓണ്‍ലൈനാക്കിയിരുന്നില്ല. സുപ്രീം കോടതി ഇടപെട്ടതോടെയാണ് 10, 12 ക്ലാസ് വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസുകളാക്കിയത്. ദൽഹി സർവകലാശാലക്ക് കീഴിലുള്ള കോളേജുകളിലും, വകുപ്പുകളിലും ഈ മാസം 23 വരെ ക്ലാസുകൾ ഓൺലൈനാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക