Kerala

ബെയ്‌ലി പാലത്തിനു ബദലായി പുതിയ മേല്‍പ്പാലത്തിന് നീക്കം

Published by

സന്നിധാനം: കരസേന നിര്‍മിച്ച പാലം പൊളിച്ചുമാറ്റി പുതിയ മേല്‍പ്പാലം നിര്‍മിക്കാന്‍ ദേവസ്വംബോര്‍ഡ്. ഭസ്മക്കുളത്തിന് താഴെ നിന്ന് ആരംഭിച്ച് കുമ്പളാംതോടിന് കുറുകെ ചന്ദ്രാനന്ദന്‍ റോഡുമായി ബന്ധിപ്പിക്കുന്നതാണ് സൈന്യം നിര്‍മിച്ച ബെയ്‌ലി പാലം. ദേവസ്വം ബോര്‍ഡിന്റേയും സര്‍ക്കാരിന്റേയും ആസൂത്രണപ്പിഴവുമൂലം ഭക്തര്‍ ഉപയോഗിക്കാതായതോടെ അശാസ്ത്രീയ നിര്‍മാണത്തിന്റെ നേര്‍ക്കാഴ്ചയായി മാറുകയായിരുന്നു ബെയ്‌ലിപാലം. സന്നിധാനത്തെ തിരക്ക് കുറയ്‌ക്കാന്‍ നിര്‍മിച്ച ഈ പാലം തീര്‍ത്ഥാടകര്‍ക്ക് അനുയോജ്യമല്ലാതായി. ഏറെ ആയാസം നിറഞ്ഞ ഈ പാതയാണ് ബെയ്‌ലി പാലത്തിനായി ബോര്‍ഡ് കണ്ടെത്തിയത്. ബോര്‍ഡ് നിര്‍ദ്ദേശിച്ച സ്ഥലത്ത് റിക്കാര്‍ഡ് സമയത്തിനുള്ളില്‍ കുറ്റമറ്റ രീതിയില്‍ കരസേന ബെയ്‌ലി പാലം തീര്‍ത്തുകൊടുത്തു.

90 ലക്ഷം രൂപ ചെലവില്‍ 2011 നവംബറില്‍ കരസേനയുടെ ബംഗളൂരു ആസ്ഥാനമായ മദ്രാസ് എന്‍ജിനീയേഴസ് ഗ്രൂപ്പാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. പാലക്കാട് സ്വദേശി കേണല്‍ മുരളീധരന്റെ നേതൃത്വത്തില്‍ 40 പേരടങ്ങുന്ന സംഘമാണ് പാലം നിര്‍മിച്ചത്.

ജോധ്പുരില്‍ നിന്നെത്തിച്ച 12 ഉരുക്കു പാനലുകള്‍ കൂട്ടിച്ചേര്‍ത്തായിരുന്നു നിര്‍മാണം. മാളികപ്പുറം ക്ഷേത്രത്തിന്റെ പിറകില്‍ ആരംഭിക്കുന്ന പാതയിലൂടെ ഭക്തര്‍ എത്തി ബെയ്‌ലി പാലത്തിലൂടെ ചന്ദ്രാനന്ദന്‍ റോഡില്‍ പ്രവേശിച്ച് പമ്പയിലേക്ക് മടങ്ങുന്ന രീതിയിലായിരുന്നു ക്രമീകരണം. എന്നാല്‍ മാളികപ്പുറം ക്ഷേത്രത്തിന്റെ പിറകില്‍ ആരംഭിക്കുന്ന കിഴുക്കാംതൂക്കായ ഇറക്കമിറങ്ങി പാലം കടന്ന് വീണ്ടും ചെങ്കുത്തായ പടിക്കെട്ടുകള്‍ കയറി ചന്ദ്രാനന്ദന്‍ റോഡിലേക്ക് എത്തുക എന്നത് തീര്‍ത്ഥാടകരെ സംബന്ധിച്ച് ഏറെ ആയാസം നിറഞ്ഞതാണ്. അതുകൊണ്ടുതന്നെ തീര്‍ത്ഥാടകര്‍ ഈ പാതയും ബെയ്‌ലി പാലവും കൈവിട്ടു.

ദര്‍ശനം കഴിയുന്നവര്‍ വലിയ നടപ്പന്തലില്‍ കൂടി തന്നെ പമ്പയിലേക്ക് മടങ്ങുന്നത് നടപ്പന്തലില്‍ തിരക്ക് വര്‍ദ്ധിപ്പിക്കും. ഇതിനാലാണ് മടക്കത്തിന് മറ്റൊരു വഴി എന്ന രീതിയില്‍ സൈന്യത്തിന്റെ സഹായത്തോടെ ബെയ്‌ലി പാലം നിര്‍മിച്ചത്. ഈ പാലം തീര്‍ത്ഥാടകര്‍ ഉപേക്ഷിച്ചതോടെ പുതിയ മേല്‍പ്പാലം നിര്‍മിക്കാനാണ് ബോര്‍ഡിന്റെ തീരുമാനം. വിശദമായ രൂപരേഖ തയ്യാറാക്കാന്‍ ഏജന്‍സിക്കു ദേവസ്വംബോര്‍ഡ് നിര്‍ദ്ദേശം നല്‍കിയെങ്കിലും തുടര്‍നടപടികള്‍ ആയിട്ടില്ല. മാളികപ്പുറവും ചന്ദ്രാനന്ദന്‍ റോഡും ബന്ധിപ്പിച്ചാവും പുതിയ മേല്‍പ്പാലം നിര്‍മിക്കുക. ഉന്നതാധികാര സമിതിയുടെ അനുവാദത്തോടെ മാത്രമേ നിര്‍മാണം തുടങ്ങാന്‍ കഴിയൂ. 325 മീറ്റര്‍ നീളവും 6 മീറ്റര്‍ വീതിയുമാണ് പുതിയ മേല്‍പ്പാലത്തിന് ഉദ്ദേശിക്കുന്നത്. അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാന്‍ സുരക്ഷാ ഇടനാഴിയും മേല്‍പ്പാലത്തിന്റെ ഭാഗമാകും.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by