പാലക്കാട്: മലയാള ഭക്തിഗാനരംഗത്ത് ശ്രദ്ധേയ വ്യക്തിമുദ്ര പതിപ്പിച്ച കവിയും ഗാനരചയിതാവുമായ അത്തിമണ്‍ ഇല്ലത്ത് എ.വി. വാസുദേവന്‍ പോറ്റി (ശശി-73) അന്തരിച്ചു. തപസ്യ കലാസാഹിത്യ വേദി പാലക്കാട് ജില്ലാ അധ്യക്ഷനായിരുന്നു.
കുമാരനല്ലൂരമ്മയെ പ്രകീര്‍ത്തിച്ചുള്ള, ചിത്ര പാടിയ,’അഞ്ജന ശിലയില്‍ ആദിപരാശക്തി അമ്മേ കുമാരനല്ലൂരമ്മേ’ അദ്ദേഹം രചിച്ച ഏറ്റവുമധികം ശ്രദ്ധ പിടിച്ചുപറ്റിയ ദേവീസ്തുതിയാണ്. ഇതടക്കം നിരവധി ഭക്തിഗാനങ്ങളിലൂടെ ജനഹൃദയങ്ങളില്‍ ഇടംപിടിച്ച അദ്ദേഹം റെയില്‍വെയില്‍ ചീഫ് ടിക്കറ്റ് എക്സാമിനറായി വിരമിച്ച ശേഷം ഒലവക്കോടിനടുത്ത് കാവില്‍പ്പാടിലായിരുന്നു താമസം. ആലപ്പുഴ മാവേലിക്കരയില്‍ എ.എന്‍. വാസുദേവന്‍ പോറ്റിയുടെയും ദേവകി അന്തര്‍ജനത്തിന്റെയും മകനായി ജനിച്ച അദ്ദേഹം പത്തൊന്‍പതാം വയസില്‍ത്തന്നെ കവിതകളെഴുതി ശ്രദ്ധേയനായി. നിരവധി ഭക്തിഗാന കാസറ്റുകളാണ് അദ്ദേഹത്തില്‍നിന്നു പിറവിയെടുത്തത്.
1989ല്‍ പുറത്തിറങ്ങിയ ‘മണ്ണാറശാല നാഗസ്തുതികള്‍’ ആയിരുന്നു പോറ്റിയുടെ ആദ്യ ആല്‍ബം. അയ്യപ്പനെക്കുറിച്ചുള്ള ഗാനങ്ങളുടെ സമാഹാരമായ തത്ത്വമസി, 1993ല്‍ മാഗ്‌ന സൗണ്ട് പുറത്തിറക്കിയ ദേവീഗീതം എന്നീ ആല്‍ബങ്ങളിലൂടെ ഭക്തിഗാന രചയിതാവായി അറിയപ്പെട്ടു. 1995ല്‍ രവീന്ദ്രന്‍ സംവിധാനം ചെയ്ത ‘കാക്കയ്‌ക്കും പൂച്ചയ്‌ക്കും കല്യാണം’ എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് പോറ്റി മലയാള ചലച്ചിത്ര രംഗത്തേക്ക് പ്രവേശിച്ചത്. യോഗക്ഷേമസഭ ജില്ലാ ഉപാധ്യക്ഷനായിരുന്നു. ഇന്നലെ കാവില്‍പ്പാടുള്ള വസതിയിലെ പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം രാത്രി പതിനൊന്നോടെ മാവേലിക്കരയ്‌ക്ക് കൊണ്ടുപോയി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പില്‍. ഭാര്യ: പാലാ തുണ്ടത്തില്‍ ഇല്ലം നിര്‍മല. മക്കള്‍: സുനില്‍, സുജിത്ത്. മരുമക്കള്‍: രഞ്ജിമ, ദേവിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: