India

എന്തും പറയാമെന്ന് ഫാറൂഖ് വിചാരിക്കരുത്, ബിജെപിയുട നേട്ടങ്ങളെ അറിഞ്ഞിട്ട് വേണം കള്ളം പ്രചരിപ്പിക്കാൻ : സത് ശർമ്മ

Published by

ജമ്മു : നാഷണൽ കോൺഫറൻസ് പ്രസിഡൻ്റ് ഫാറൂഖ് അബ്ദുള്ളയ്‌ക്കെതിരെ തുറന്നടിച്ച് ജമ്മു കശ്മീർ ബിജെപി അധ്യക്ഷനും മുൻ മന്ത്രിയുമായ സത് ശർമ. ഫാറൂഖ് അബ്ദുള്ള ശരിയായ ഗൃഹപാഠം നടത്തി വേണം പൊതുരംഗത്ത് ഇറങ്ങേണ്ടതെന്ന് ശർമ്മ ഉപദേശിച്ചു. ബിജെപി ആസ്ഥാനമായ ത്രികുട നഗറിൽ പൂഞ്ചിൽ നിന്നുള്ള ഒരു കൂട്ടം പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുൻ മുഖ്യമന്ത്രി ജമ്മുവിലെ ജനങ്ങളെ ബിജെപിക്കെതിരെ അണിനിരത്താൻ തെറ്റിദ്ധാരണ പരത്തുകയാണ്. ഇത്തരം പ്രവൃത്തിക്ക് അദ്ദേഹം ജമ്മുവിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് സത് ശർമ്മ ആവശ്യപ്പെട്ടു.

ജമ്മുവിനെക്കുറിച്ച് ബിജെപിക്ക് ആശങ്കയില്ലെന്ന ഫാറൂഖ് അബ്ദുള്ളയുടെ സമീപകാല ആരോപണം ശരിയല്ല കൂടാതെ പൂർണ്ണമായും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. രാഷ്‌ട്രീയത്തിൽ എന്നതുകൊണ്ട് എന്തും പറയാമെന്ന രീതി ശരിയല്ല. തെറ്റായ പ്രസ്താവനകൾ , ആരോപണങ്ങൾ ഉന്നയിക്കുന്നത് ആരോഗ്യകരമായ രാഷ്‌ട്രീയത്തിന്റെ ലക്ഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്ന നേതാക്കളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യപ്പെടുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. 1950 മുതൽ നാഷണൽ കോൺഫറൻസ് ജമ്മുവിനോടും അവിടുത്തെ ജനങ്ങളോടും വിവേചനം കാട്ടിയപ്പോൾ എല്ലാ തലങ്ങളിലും ജമ്മുവിനെക്കുറിച്ച് യഥാർത്ഥത്തിൽ ആശങ്കപ്പെട്ടത് ബിജെപി മാത്രമായിരുന്നുവെന്ന് സത് ഓർമ്മിപ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള ബിജെപി സർക്കാരിന്റെ പദ്ധതികളിലൂടെ ജമ്മുകശ്മീർ വികസനത്തിന്റെ പാതയിലാണ്. കഴിഞ്ഞ പത്ത് വർഷമായി ജമ്മുവിനോടുള്ള വിവേചനം അവസാനിച്ചതായി സത് പറഞ്ഞു. എയിംസ്, സെൻട്രൽ യൂണിവേഴ്സിറ്റി, ഐഐടി, ഐഐഎം, റിംഗ് റോഡ്, സ്മാർട്ട് സിറ്റി, റോപ്‌വേ പ്രോജക്ടുകൾ, ജമ്മു റെയിൽവേ സ്റ്റേഷന്റെ നവീകരണം, ജമ്മു എയർപോർട്ട് നവീകരണം തുടങ്ങിയവയെല്ലാം ഇക്കാലയളവിൽ നടന്നു.

കൂടാതെ ജമ്മുവിലെ വാൽമീകികളും ഗൂർഖകളും ബിജെപിയിൽ നിന്ന് നീതി നേടി ഇന്ന് മാന്യമായ ജീവിതം നയിക്കുന്നു. ഇത്തരത്തിൽ ബിജെപി സർക്കാരിന് കീഴിൽ ജമ്മുവിന് ലഭിച്ച നേട്ടങ്ങളും അബ്ദുള്ള അറിഞ്ഞിരിക്കണമെന്നും ശർമ്മ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക