ആലപ്പുഴ: തൊഴിലാളികളെ ഭിന്നിപ്പിക്കുന്ന സമീപനമാണ് സിഐടിയുവിന്റേതെന്ന് കയര്‍മേഖലയിലെ ഇതര തൊഴിലാളി യൂണിയനുകള്‍ കുറ്റപ്പെടുത്തി. ഒന്നിച്ചു സമരത്തിനിറങ്ങാന്‍ തീരുമാനിച്ച ശേഷം സിഐടിയു പിന്‍വാങ്ങുകയായിരുന്നു. ഉപതെരഞ്ഞെടുപ്പാണ് കാരണമായി പറഞ്ഞത്. പിന്നീട് അടിസ്ഥാന ആവശ്യങ്ങള്‍ ഒഴിവാക്കി സിഐടിയു ഒറ്റയ്‌ക്ക് സമരം പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ മാസം 29 നാണ് സിഐടിയു ഉള്‍പ്പടെ എല്ലാ യൂണിയനുകളും ചേര്‍ന്ന് ഒന്നിച്ച് സമരത്തിനിറങ്ങാന്‍ തീരുമാനിച്ചത്.
കയര്‍ ഫാക്ടറി മേഖലയിലെ മുഴുവന്‍ തൊഴിലാളികളെയും സ്ഥിരപ്പെടുത്തണമെന്ന ആവശ്യമാണ് സിഐടിയുവിന് ഉള്‍ക്കൊള്ളാനാകാതെ പോയതെന്ന് ഇതര യൂണിയനുകള്‍ കുറ്റപ്പെടുത്തി. സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് ബിഎംഎസ്, എഐടിയുസി, ഐഎന്‍ടിയുസി, യുടിയുസി, ടിയുസി എന്നീ യൂണിയനുകളില്‍പ്പെട്ട കയര്‍ ഫാക്ടറി തൊഴിലാളികള്‍ ഇന്ന് ഉച്ചമുതല്‍ പണിമുടക്കി വൈകിട്ട് മൂന്നിന് ആലപ്പുഴ സുഗതന്‍ സ്മാരകത്തില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തും. 2022 ആഗസ്ത് 10 ലെ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പൂര്‍ണമായും നടപ്പിലാക്കുക, സിഐആര്‍സി തീരുമാനപ്രകാരമുള്ള കൂലിയും മറ്റാനുകൂല്യങ്ങളും എല്ലാ സ്ഥാപനങ്ങളിലും നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സംസ്ഥാന സര്‍ക്കാരും, സര്‍ക്കാര്‍ ഏജന്‍സികളായ കയര്‍ഫെഡും കയര്‍കോര്‍പറേഷനും പരാജയമാണ്. ഇടതുസര്‍ക്കാര്‍ ജനപക്ഷത്തല്ലെന്നും യൂണിയനുകള്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക