ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന് മാസം മാത്രം ശേഷിക്കെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ കൈലാഷ് ഗെഹ്ലോട്ടിന്റെ രാജിയിലൂടെ ആപ്പിനേറ്റത് കനത്തതിരിച്ചടി.
കൈലാഷിന്റെ രാജിക്കത്ത് പാര്‍ട്ടിക്കകത്തും പുറത്തും വലിയ വെലുവിളി ഉയര്‍ത്തുന്നതാണ്. പാര്‍ട്ടിയുടെ നയങ്ങളിലുണ്ടായ വ്യതിയാനം അദ്ദേഹം രാജിക്കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാനായില്ലെന്നും കൈലാഷ് രാജിക്കത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്. ജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുന്നതില്‍ നിന്ന് സ്വന്തം രാഷ്ട്രീയ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിലേക്ക് പാര്‍ട്ടിയുടെ ശ്രദ്ധമാറി. ഇത് ദല്‍ഹി നിവാസികള്‍ക്ക് അടിസ്ഥാന സേവനങ്ങള്‍ നല്‍കുന്നതിനെ തടസപ്പെടുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിയായിരിക്കെ അരവിന്ദ് കേജ്രിവാള് ഔദ്യോഗിക വസതി കോടികള്‍ മുടക്കി മോടിപിടിപ്പിച്ചതിനെക്കുറിച്ചും രാജിക്കത്തില്‍ പരാമര്‍ശമുണ്ട്.
ആം ആദ്മി പാര്‍ട്ടി ഇന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഗുരുതരമായ വെല്ലുവിളികള്‍ നേരിടുന്നതായി കൈലാഷ് ഗെഹ്ലോട്ട് രാജിക്കത്തില്‍ പറയുന്നു. രാഷ്ട്രീയ അഭിലാഷങ്ങള്‍ ഉണ്ടായപ്പോള്‍ ജനങ്ങളോടുള്ള പ്രതിബദ്ധത മറന്നു. ജനങ്ങള്‍ക്ക് നല്കിയ നിരവധി വാഗ്ദാനങ്ങള്‍ നിറവേറ്റാനായില്ല. യമുന നദിയെ ശുദ്ധീകരിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അത് നടപ്പാക്കാന്‍ ഇതുവരെ കഴിഞ്ഞില്ല. ഇപ്പോള്‍ യമുന ഒരുപക്ഷേ കൂടുതല്‍ മലിനമായിരിക്കുന്നു. ഇതിനുപുറമെ, ഇപ്പോള്‍ ശീഷ്മഹല്‍ പോലെയുള്ള ലജ്ജാകരവും അസഹനീയവുമായ നിരവധി വിവാദങ്ങള്‍ ഉണ്ട്. ഇപ്പോഴും ആം ആദ്മിയില്‍ വിശ്വസിക്കുന്നുണ്ടോ എന്ന് എല്ലാവരും സംശയിക്കുന്നു.
ജനങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നതിന് പകരം സ്വന്തം രാഷ്ട്രീയ അജണ്ടക്ക് വേണ്ടി മാത്രമാണ് ഇപ്പോള്‍ കൂടുതല്‍ പോരാടുന്നത്. ഇത് ദല്‍ഹിയിലെ ജനങ്ങള്‍ക്ക് അടിസ്ഥാന സേവനങ്ങള്‍ എത്തിക്കാനുള്ള തങ്ങളുടെ കഴിവിനെ സാരമായി ബാധിച്ചു. ദല്‍ഹി സര്‍ക്കാര്‍ അതിന്റെ ഭൂരിഭാഗം സമയവും കേന്ദ്രവുമായി പോരാടിയാല്‍ ദല്‍ഹിക്ക് പുരോഗതി കൈവരിക്കാനാകില്ല. ദല്‍ഹിയിലെ ജനങ്ങളെ സേവിക്കാനുള്ള പ്രതിബദ്ധതയോടെയാണ് താന്‍ രാഷ്ട്രീയ യാത്ര ആരംഭിച്ചത്. ആ ദൗത്യം തുടരാനാണ് താന്‍ ഉദ്ദേശിക്കുന്നത്. അതിനാല്‍, ആം ആദ്മിയില്‍ നിന്ന് മാറിനില്‍ക്കുകയല്ലാതെ മറ്റ് മാര്‍ഗവുമില്ല, അതിനാല്‍ ആപിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെക്കുകയാണെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: