വര്‍ക്കല: ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഭാരതത്തിലെ മുഴുവന്‍ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും പ്രതിനിധികളെ പങ്കെടുപ്പിച്ച് ശ്രീനാരായണ പ്രസ്ഥാന ദേശീയ സംഗമം ഡിസംബര്‍ 21, 22, തീയതികളിലായി ശിവഗിരിയില്‍ നടക്കും. ഗുരുദേവന്റെ ജീവചരിത്രവും കൃതികളും ഭാരതീയ ഭാഷകളില്‍ വിവര്‍ത്തനം ചെയ്യുന്നതിനെക്കുറിച്ചും ശിവഗിരി മഠത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചും സംഗമത്തില്‍ ചര്‍ച്ച ചെയ്യും.
രണ്ടു ദിവസമായി നടക്കുന്ന സംഗമത്തില്‍ ഗുരുവിന്റെ ജീവിതത്തെയും ദര്‍ശനത്തെയും വടക്കേയിന്ത്യന്‍ ജനതയ്ക്ക് പകര്‍ന്നു കൊടുക്കുന്നതിനുളള സംവാദങ്ങളും ചര്‍ച്ചകളും നടക്കും. പരിപാടികളില്‍ കള്‍ച്ചൂരി മഹാസംഘത്തിന്റെയും വിവിധ സംസ്ഥാനങ്ങളിലെ സാമൂഹിക പ്രസ്ഥാനങ്ങളുടേയും പ്രതിനിധികള്‍ പങ്കെടുക്കും. ഇതുസംബന്ധിച്ചു ചേര്‍ന്ന യോഗത്തില്‍ ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അധ്യക്ഷനായി. ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ഗുരുധര്‍മ പ്രചരണ സഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, എസ്. സുവര്‍ണകുമാര്‍, രാജേന്ദ്രബാബു (അഹമ്മദാബാദ്), സുധാകരന് (ദല്‍ഹി), കെ.എന്‍. ബാബു (ചാലക്കുടി), കെ.എസ്. ശിവരാജന് (തിരുവനന്തപുരം), പ്രമീളാദേവി (മധ്യപ്രദേശ്), അവിനേഗ് ഭായ് ശ്രാവണ്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: