കൊല്‍ക്കൊത്ത: ടാറ്റാ സ്റ്റീല്‍ ചെസ്സില്‍ അതിവേഗ ചെസ്സിന്റെ രൂപമായ ബ്ലിറ്റ്സ് ഗെയിമില്‍ വെറും 20 നീക്കങ്ങളില്‍ നോര്‍വ്വെയുടെ മാഗ്നസ് കാള്‍സനെ തറപറ്റിച്ച് ഇന്ത്യയുടെ അര്ജുന് എരിഗെയ്സി. ടാറ്റാ സ്റ്റീല്‍ ചെസ്സിലെ റാപിഡ് വിഭാഗത്തില്‍ ചാമ്പ്യനായി മണിക്കൂറുകള്‍ പിന്നിടുമ്പോഴേക്കുമാണ് മാഗ്നസ് കാള്‍സന്റെ പ്രതാപത്തെ തകര്‍ത്ത് അര്ജുന് എരിഗെയ്സി വിജയം കൊയ്തത്. അതും കറുത്തകരുക്കള്‍ കൊണ്ട് കളിച്ചാണ് അര്ജുന് എരിഗെയ്സി മാഗ്നസ് കാള്‍സനെ തോല്പിച്ചത്. ടാറ്റാ സ്റ്റീല്‍ ചെസ് തുടങ്ങിയ ശേഷം മാഗ്നസ് കാള്‍സന്റെ ആദ്യ തോല്‍വിയാണിത്. ചെസ്സില്‍ ഏറെക്കുറെ അജയ്യനായ ഗ്രാന്റ് മാസ്റ്ററായി കരുതപ്പെടുന്ന മാഗ്നസ് കാള്‍സന്റെ ഫിഡെ റേറ്റിംഗ് 29000 ഇഎല്‍ഒ പോയിന്റാണ്. ഇന്ത്യയില്‍ വിശ്വനാഥന് ആനന്ദിന് ശേഷം ഫിഡെ റേറ്റിംഗില്‍ 2800 ഇഎല്‍ഒ പോയിന്റ് സ്വന്തമാക്കിയ താരമാണ് അര്ജുന് എരിഗെയ്സി.
റാപിഡ് ചെസ് വിഭാഗത്തില്‍ 9ല്‍ 7.5 പോയിന്റ് നേടി മാഗ്നസ് കാള്സന് ചാമ്പ്യനായപ്പോള്‍ 5.5 പോയിന്റോടെ രണ്ടാം സ്ഥാനം നേടിയത് പ്രജ്ഞാനന്ദയാണ്. റാപിഡ് പട്ടികയില്‍ വെറും 3.5 പോയിന്റ് മാത്രം ഉള്ള അര്ജുന് എരിഗെയ്സി എട്ടാം സ്ഥാനത്തായിരുന്നു. എന്നാല്‍ ബ്ലിറ്റ് സ് വിഭാഗം ആരംഭിച്ചതോടെ ഫോം വീണ്ടെടുത്തിരിക്കുകയാണ് അര്ജുന് എരിഗെയ്സി.
ബ്ലിറ്റ്സ് വിഭാഗം ആരംഭിച്ചതോടെ അര്ജുന് എരിഗെയ്സി തുടര്‍ച്ചയായ ജയങ്ങളിലൂടെ 3.5 പോയിന്റില്‍ നിന്നും തന്റെ പോയിന്റ് നില 5.5 ആക്കി ഉയര്‍ത്തി.
ചാമ്പ്യനാകുമോ പ്രജ്ഞാനന്ദ?
പ്രജ്ഞാനന്ദയും 5.5 ല്‍ നിന്നും പോയിന്റ് നില ആറായി ഉയര്‍ത്തിയിട്ടുണ്ട്.. ആകെ കളിച്ച ഒമ്പത് കളികളില്‍ ആദ്യത്തെ മൂന്ന് കളികളില്‍ മാഗ്നസ് കാള്സന്, വിദിത് ഗുജറാത്തി, എസ് എല്‍ നാരായണന് എന്നിവരുമായി തോറ്റ പ്രജ്ഞാനന്ദ പിന്നീട് തുടര്‍ച്ചയായ ആറ് ജയങ്ങളിലൂടെ തിരിച്ചുവരവ് നടത്തുകയായിരുന്നു. നോഡിര്‍ബെക് അബ്ദുസത്തൊറൊവ്, വിന്‍സെന്റ് കെയ്മന്‍, നിഹാല്‍ സരിന്, അര്ജുന് എരിഗെയ്സി, വെസ്ലി സോ, ഡാനില്‍ ഡുബൊവ് എന്നിവരെയാണ് പ്രജ്ഞാനന്ദ തോല്പിച്ചത്. ആദ്യ മുന്ന് ഗെയിം തോറ്റതോടെ താന്‍ പിന്നെ ഫലത്തെക്കുറിച്ച് ചിന്തിക്കാതെ രസിച്ച് കളിക്കാന്‍ തുടങ്ങിയെന്നും അതോടെ വിജയം തേടിയെത്തിയെന്നുമാണ് 19 കാരന് പ്രജ്ഞാനന്ദ പ്രതികരിച്ചത്. ഇപ്പോള്‍ കാള്‍സനേക്കാള്‍ അര പോയിന്റ് മാത്രം പിന്നിലാണ് പ്രജ്ഞാനന്ദ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: