ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം രൂക്ഷം. തുടര്‍ച്ചയായ മൂന്നാം ദിവസവും കടുത്ത വായു മലിനീകരണം നേരിടുന്നതിനാല്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷന്റെ ഉത്തരവിനെത്തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കി തുടങ്ങി. സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് (സിപിസിബി) റിപ്പോര്‍ട്ട് പ്രകാരം അഞ്ച് കേന്ദ്രങ്ങളില്‍ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് (എക്യുഐ) 450ന് മുകളില്‍ എത്തിയിരുന്നു. തുടര്‍ന്നാണ് കൂടുതല്‍ നിന്ത്രണങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങിയത്.
നഗരത്തിന്റെ പലഭാഗങ്ങളിലും പുകയും മഞ്ഞും ചേര്‍ന്ന് മൂടിയിരിക്കുന്ന അവസ്ഥയാണ്. ഇതുകാരണം ദൂരക്കാഴ്ചയ്‌ക്കും തടസ്സമുണ്ട്. റോഡ് – വിമാന ഗതാതത്തെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്.
തലസ്ഥാനത്ത് അനിവാര്യമല്ലാത്ത എല്ലാ നിര്‍മാണ, പൊളിക്കല്‍ ജോലികളും നിര്‍ത്തിവെച്ചു. ഇലക്ട്രിക് അല്ലാത്ത ബസുകള്‍ നിരത്തിലിറക്കുന്നതും നിരോധിച്ചു. കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് തീരുമാനങ്ങള്‍ ഇന്നലെ രാവിലെ മുതല്‍ പ്രാബല്യത്തിലായി. ദേശീയ സുരക്ഷ, ആരോഗ്യസംരക്ഷണം, ചില പൊതു അടിസ്ഥാന സൗകര്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്‌ക്ക് ആവശ്യമായ പദ്ധതികള്‍ക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ നിരോധനം ബാധകമല്ല.
അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നലെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചു. മലിനീകരണം രൂക്ഷമായതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആയിരിക്കും. മലിനീകരണ ലഘൂകരണ നില ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍-മൂന്ന് ആയി ഉയര്‍ത്താനാണ് തീരുമാനം. നഗരത്തിലും എന്‍സി ആറിലും ബിഎസ്-3 പെട്രോള്‍, ബിഎസ്-4 ഡീസല്‍ വാഹനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ നിലവിലുള്ളതിനെക്കാള്‍ 20 അധികട്രിപ്പുകള്‍ കൂടി പ്രവൃത്തി ദിവസങ്ങളില്‍ നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. പൊടി ഇല്ലാതാക്കാന്‍ കൂടുതല്‍ യന്ത്രവല്‍കൃത റോഡ് സ്വീപ്പിങ്, വെള്ളം തളിക്കല്‍ യന്ത്രങ്ങള്‍ വിന്യസിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക