അഗർത്തല : ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ വനവാസി സമൂഹത്തിന്റെ സുപ്രധാന സംഭാവനകളെ കോൺഗ്രസ് അവഗണിക്കുന്നതിനെ വിമർശിച്ച് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. വനവാസി സ്വാതന്ത്ര്യ സമര സേനാനി ബിർസ മുണ്ടയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് അഗർത്തലയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചത്.
ബിർസ മുണ്ട ബ്രിട്ടീഷ് ഭരണത്തിനെതിരെ നിർണ്ണായക പോരാട്ടം നടത്തി. ഭാരത മാതാവിന് വേണ്ടി ആത്യന്തികമായ ത്യാഗം ചെയ്തു. വനവാസി സമുദായത്തിന് മാത്രമല്ല ഇന്ത്യയിലെ 140 കോടി ജനങ്ങൾക്ക് അദ്ദേഹം ഒരു നായകനാണെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യസമരത്തിലെ വനവാസികളുടെ സംഭാവനകളെ അംഗീകരിച്ചാൽ മാത്രമെ ഇന്ത്യയുടെ ചരിത്രം പൂർണ്ണമാകൂവെന്ന് സിന്ധ്യ പറഞ്ഞു. കോൺഗ്രസിന്റെ ഭരണത്തിൻ കീഴിൽ വനവാസികൾ അവഗണിക്കപ്പെട്ടുവെന്നും അവരുടെ ചരിത്രപരമായ സംഭാവനകൾ മറക്കപ്പെട്ടുവെന്നും സിന്ധ്യ ആരോപിച്ചു.
കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ, ഗോത്രവർഗ്ഗക്കാർ രാജ്യത്തിന്റെ വളർച്ചയിൽ നിന്ന് വിച്ഛേദിക്കപ്പെട്ടു. സ്വാതന്ത്ര്യ സമരത്തിൽ അവരുടെ പങ്ക് അവഗണിക്കപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ചരിത്രപരമായ ഈ അനീതി തിരുത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. 2014-ൽ മോദി പ്രധാനമന്ത്രിയായപ്പോൾ വലിയൊരു മാറ്റം സംഭവിച്ചു. ഗോത്രവർഗ നേതാക്കളെ മന്ത്രിമാരും ഗവർണർമാരും ജനപ്രതിനിധികളുമാക്കി മോദി അർഹമായ അംഗീകാരം നൽകാൻ തുടങ്ങിയെന്നും സിന്ധ്യ കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ആദ്യ ഗോത്രവർഗക്കാരിയായ രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ തിരഞ്ഞെടുത്തത് ഒരു സുപ്രധാന നാഴികക്കല്ലായി മന്ത്രി എടുത്തുപറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക