Sports

സംസ്ഥാന സ്‌കൂള്‍ കായികമേള: വ്യക്തിഗത നേട്ടം കുറിച്ച് എട്ട് താരങ്ങള്‍

Published by

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പില്‍ മികവ് കാട്ടി എട്ട് താരങ്ങള്‍. മികച്ചു നില്‍ക്കുന്നത് കന്നി മത്സരത്തിനെത്തി മൂന്ന് സ്വര്‍ണം നേടിയ കോഴിക്കോടിന്റെ അല്‍ക്ക ഷിനോജ്.

സബ്ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ ഈ ഏഴാം ക്ലാസുകാരി 200, 400, 600 മീറ്ററുകളിലാണ് ഒന്നാമതെത്തിയത്. കോഴിക്കോട് കുളത്തുവയല്‍ സെന്റ് ജോര്‍ജ് എച്ച്എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് അല്‍ക്ക.

സീനിയര്‍ ഗേള്‍സ് ട്രിപ്പിള്‍ സ്വര്‍ണം നേടിയ എം. ജ്യോതിയാണ് ഇക്കുറി പ്രധാന നേട്ടം കൊയ്ത മറ്റൊരു താരം. എച്ച്.എസ് പറളി പാലക്കാടിന്റെ ഈ താരം 400 മീറ്റര്‍, 400 മീറ്റര്‍ ഹര്‍ഡില്‍സ്, 200 മീറ്ററുകളില്‍ സ്വര്‍ണം നേടി.

ജൂനിയര്‍ ഗേള്‍സിന്റെ 100, 200 മീറ്ററുകളില്‍ സ്വര്‍ണം നേടിയ ശ്രേയ. ആര്‍ മീറ്റില്‍ മിന്നും താരമായി. 400 മീറ്ററില്‍ വെള്ളി മെഡല്‍ സ്വന്തമാക്കാനും ആലപ്പുഴ സെന്റ് ജോസഫ്സ് ജിഎച്ച്എസ്എസില്‍ പഠിക്കുന്ന ഈ പത്താംക്ലാസുകാരിക്ക് സാധിച്ചു.

3000 മീറ്ററിലും 1500 മീറ്ററിലും മീറ്റ് റിക്കാര്‍ഡോടെ സ്വര്‍ണം നേടിയ മലപ്പുറം മുഹമ്മദ് അമീന്‍ എം.പി. ആണ് സീനിയര്‍ ഇനങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്നതാരം. ഇന്നലെ ക്രോസ് കണ്ട്രിയില്‍ മത്സരിച്ചും അമീന്‍ സ്വര്‍ണം സ്വന്തമാക്കി.

കാസര്‍ഗോഡ് കുട്ടമത്ത് ജിഎച്ച്എസ്എസിലെ കെ.സി. സര്‍വന്‍ സീനിയര്‍ ബോയ്സ് ഷോട്ട്പുട്ടിലും ഡിസ്‌കസ് ത്രോയിലും കഴിഞ്ഞ വര്‍ഷത്തെ സ്വന്തം റിക്കാര്‍ഡുകള്‍ തിരുത്തിക്കൊണ്ട് സ്വര്‍ണം നേടി. 400മീറ്ററില്‍ പുതിയ മീറ്റ് റിക്കാര്‍ഡ് സ്ഥാപിച്ചുകൊണ്ട് സ്വര്‍ണം നേടിയ മുഹമ്മദ് അഷ്ഫാഖ് 400 മീറ്റര്‍ ഹര്‍ഡില്‍സിലും പൊന്‍നേട്ടം കൈവരിച്ചു. തിരുവനന്തപുരം ജി.വി. രാജ സ്പോര്‍ട്സ് സ്‌കൂളില്‍ നിന്നുള്ള താരമാണ്.

ട്രിപ്പിള്‍ നേട്ടം കുറിച്ച മറ്റൊരു താരമാണ് ജൂനിയര്‍ ബോയ്സിലെ എം.അമൃത്. പാലക്കാട് കല്ലടി എച്ച്.എസ് കുമരംപുത്തൂര്‍ സ്‌കൂളിന്റെ അമൃത് 1500, 800, 400 മീറ്ററുകളില്‍ സ്വര്‍ണം നേടി.

സബ്ജൂനിയര്‍ ബോയ്സില്‍ 200, 400 മീറ്ററുകളില്‍ സ്വര്‍ണം നേടിയ തിരുവനന്തപുരം ജിവി രാജ സ്‌കൂളിന്റെ സായൂജ് പി.കെ. ഇതേ വിഭാഗത്തിലെ 100 മീറ്ററില്‍ വെങ്കലം സ്വന്തമാക്കിയിരുന്നു. ആകെ മൂന്ന് മെഡലുകളാണ് ഈ ഏഴാം ക്ലാസുകാരന്‍ ആദ്യ മീറ്റില്‍ നേടിയിരിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക