മുംബൈ: ഒരു പെണ്‍കുട്ടി പുരുഷനൊപ്പം ഹോട്ടല്‍ മുറി ബുക്ക് ചെയ്യുന്നതും അവിടെ പോകുന്നതും ലൈംഗിക ബന്ധത്തിനുള്ള സമ്മതമായി കണക്കാക്കരുതെന്ന് ബോംബെ ഹൈക്കോടതി. ജസ്റ്റിസ് ഭരത് ദേശ്പാണ്ഡെയുടേതാണ് നിരീക്ഷണം. യുവാവിനെ ബലാത്സംഗ കുറ്റത്തില്‍നിന്നും ഒഴിവാക്കിയ 2021 മാര്‍ച്ചിലെ വിചാരണക്കോടതി ഉത്തരവ് തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.
കേസിനാസ്പദമായ സംഭവത്തില്‍ ഹോട്ടല്‍ മുറി ബുക്ക് ചെയ്തത് പെണ്‍കുട്ടിയുടെ അറിവോടെയാണ്. അതിനാല്‍ യുവാവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനും പെണ്‍കുട്ടിക്ക് സമ്മതമായിരുന്നു എന്നാണ് ഇതിനര്ത്ഥമെന്നുമായിരുന്നു വിചാരണക്കോടതിയുടെ നിരീക്ഷണം. തുടര്‍ന്ന് ആരോപണ വിധേയനായ ഗുല്‍ഷര്‍ അഹമ്മദിനെതിരെ ബലാത്സംഗക്കുറ്റം ചുമത്താനാകില്ലെന്നും വിചാരണ കോടതി വിധിച്ചു.
എന്നാല്‍ വിചാരണക്കോടതിയുടെ ഉത്തരവില്‍ പിഴവുണ്ടായതായി ബോംബെ ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇരയ്ക്ക് വിദേശ രാജ്യത്ത് ജോലി നല്‍കാമെന്ന് പ്രതി വാഗ്ദാനം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് യുവതിയെ ഹോട്ടലില്‍ കൂട്ടിക്കൊണ്ട് പോയത്. അതിക്രമം നടന്നയുടന്‍ തന്നെ ഇര പരാതി നല്‍കിയിട്ടുണ്ട്. യുവതിയും കുറ്റാരോപിതനും ഒരുമിച്ച് മുറിയില്‍ കയറി എന്നത് ലൈംഗിക ബന്ധത്തിനുള്ള സമ്മതമായി അനുമാനിക്കുന്നത് തെറ്റാണ്. പെണ്‍കുട്ടി കരഞ്ഞുകൊണ്ട് മുറിയില്‍ നിന്ന് ഓടിപ്പോകുന്നതായി ഹോട്ടല്‍ ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു. അതിനാല്‍ പ്രതി കുറ്റക്കാരനാണെന്നും ബോംബെ ഹൈക്കോടതി വിധിച്ചു. പ്രതിയുടെ വിചാരണ പുനഃസ്ഥാപിക്കുകയും ചെയ്തു.
2020 മാര്‍ച്ച് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത പ്രതി ഏജന്റിനെ കാണാനെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ മട്ഗാവിലെ ഹോട്ടലിലെത്തിച്ചത്. മുറിയിലെത്തിയ ഉടന്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പ്രതി ബാത്ത്റൂമില്‍ പോയ സമയം പെണ്‍കുട്ടി അവിടെ നിന്ന് രക്ഷപ്പെട്ടു. ഉടന്‍തന്നെ പോലീസില്‍ അറിയിച്ചു. പിന്നാലെ പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: