ജബല്‍പ്പൂര്‍ (മധ്യപ്രദേശ്): ലോകക്ഷേമം ഹിന്ദു ജീവിത ദര്‍ശനത്തിന്റെ അകക്കാമ്പാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ജബല്‍പ്പൂര്‍ യോഗമണി ട്രസ്റ്റിന് യോഗമണി ഡോ. ഊര്‍മിള തായ് ജംദാറിന്റെ അനുസ്മരണ ഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലോകം മുഴുവന്‍ ഭാരതത്തിലേക്കാണ് ഉറ്റുനോക്കുന്നത്. പടിഞ്ഞാറന്‍ വിചാരധാരയിലൂന്നി മുന്നോട്ടു കൊണ്ടുവന്ന വികസന നയം അപൂര്‍ണമാണ് എന്ന് ലോക രാജ്യങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ധര്‍മത്തെക്കുറിച്ച് അവര്‍ക്ക് ധാരണയില്ലായിരുന്നു. മതവും രാഷ്ട്രീയവും പിന്നീട് ശാസ്ത്രയുഗത്തിന്റെ വരവിനുശേഷം ആയുധവ്യാപാരവുമൊക്കെ അവര്‍ക്ക് പുരോഗതിയുടെ അടയാളങ്ങളായി. എന്നാല്‍ ഈ വഴി സന്തോഷത്തിനും സമൃദ്ധിക്കും പകരം ലോകത്തിന് നല്‍കിയത് സര്‍വനാശമാണ്, മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി.
സംഘര്‍ഷത്തിലേക്കാണ് പടിഞ്ഞാറന്‍ കാഴ്ചപ്പാട് മനുഷ്യനെ എത്തിച്ചത്. നിരീശ്വരവാദിയും ഈശ്വരവാദിയും സംഘര്‍ഷത്തിലായി. ജീവിക്കുകയും ബലവാന്റെ ആക്രമണത്തില്‍ ദുര്‍ബലര്‍ മരിച്ചു വീണു. അതുകൊണ്ടാണ് ലോകം ഇന്ന് ആത്മീയ സമാധാനത്തിനായി ഭാരതത്തിലേക്ക് ഉറ്റുനോക്കുന്നത്.
ഇന്ന് ലോകം വിഭവങ്ങളാല്‍ സമ്പന്നമാണ്. പരിധിയില്ലാത്ത അറിവുണ്ട്. എന്നാല്‍ മനുഷ്യരാശിയുടെ ക്ഷേമത്തിനായുള്ള പാത അവരുടെ പക്കലില്ല. ഇക്കാര്യത്തില്‍ ഭാരതം സമ്പന്നമാണ്. എന്നാല്‍ നമ്മള് നമ്മെക്കുറിച്ച് അറിയുന്നില്ല. മറവിയുടെ ആഴത്തില്‍ നിന്ന് കരകയറിയേ മതിയാകൂ.
അവിദ്യയും വിദ്യയും ഭാരതീയ ജീവിത തത്വശാസ്ത്രത്തില്‍ പ്രധാനമാണ്, അതിനാല്‍ ഭൗതികവും ആത്മീയവുമായ ജീവിതത്തില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഇവ രണ്ടും തമ്മിലുള്ള ബന്ധം ആവശ്യമാണ്. ഇത് ഹിന്ദു ധര്‍മം അംഗീകരിച്ചിട്ടുണ്ട്, അതുകൊണ്ടാണ് നമ്മള് ഇതേ പാതയിലൂടെ സഞ്ചരിക്കുന്നത്. തീവ്രവാദത്തെയും മതഭ്രാന്തിനെയും അത് ചെറുക്കും. മനുഷ്യധര്‍മ്മം സനാതനമാണ്. അത് തന്നെയാണ് ഹിന്ദു ധര്‍മം. എല്ലാ വിഷയങ്ങളെയും ഏകീകൃത രൂപത്തില്‍ കാണുന്നവനാണ് ഹിന്ദു. നാനാത്വത്തില്‍ ഏകത്വത്തിന്റെ സന്ദേശമാണ് ഹിന്ദു നല്‍കുന്നത്. ‘ഹിന്ദു’ എന്ന വാക്ക് പണ്ടുമുതലേ ജനമനസില്‍ പ്രബലമാണ്. പിന്നീട് വേദഗ്രന്ഥങ്ങളിലും പരാമര്‍ശിക്കപ്പെട്ടു, എന്നാല്‍ ഗുരുനാനാക്ക് ദേവാണ് അത് പൊതു പ്രസംഗത്തിന്റെ രൂപത്തില്‍ ആദ്യമായി ഉപയോഗിച്ചത്.
നമ്മുടെ ധര്‍മ സങ്കല്‍പ്പം സത്യം, അനുകമ്പ, പരിശുദ്ധി, തപസ് എന്നിവയാണ്, അതിനാല്‍ ഈ ദര്‍ശനം ലോക ക്ഷേമത്തിനുപകരിക്കണം, സര്‍സംഘചാലക് പഞ്ഞു.
പരിപാടിയില്‍ സംസ്ഥാന സംഘചാലക് ഡോ. പ്രദീപ് ദുബെ, യോഗമണി ട്രസ്റ്റ് പ്രസിഡന്റ് ഡോ. ജിതേന്ദ്ര ജംദാര്‍, അഖില ഭാരതീയ സഹ ബൗദ്ധിക് പ്രമുഖ് ദീപക് വിസ്പുതെ, ക്ഷേത്രീയ പ്രചാരക് സ്വപ്നില്‍ കുല്‍ക്കര്‍ണി, സഹ പ്രചാരക് പ്രേംശങ്കര്‍ സിദാര്‍, പ്രാന്തപ്രചാരക് ബ്രജ്കാന്ത്, മന്ത്രി പ്രഹ്ലാദ് പട്ടേല്‍, രാകേഷ് സിങ് എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: