സംഭാജിനഗർ : വോട്ട് ജിഹാദിനെ ധർമ്മയുദ്ധ വോട്ടിലൂടെ പ്രതിരോധിക്കണമെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. മഹാരാഷ്‌ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ മഹായുതി സഖ്യ സ്ഥാനാർത്ഥികളായ അതുൽ സേവ്, സഞ്ജയ് ഷിർസാത് , പ്രദീപ് ജയ്‌സ്വാൾ എന്നിവരെ പിന്തുണച്ചുള്ള റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോൾ സംസ്ഥാനത്ത് ഒരു വോട്ട് ജിഹാദ് ആരംഭിച്ചിരിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നമ്മൾ അത് കണ്ടതാണ്. ധൂലെയിൽ തങ്ങൾ 1.90 ലക്ഷം വോട്ടുകൾക്ക് മുന്നിലായിരുന്നു. എന്നാൽ മലേഗാവിൽ 1.94 ലക്ഷം വോട്ടുകൾ ഉണ്ടായിട്ടും 4,000 വോട്ടുകൾക്ക് തങ്ങൾ പരാജയപ്പെട്ടു. ഈ വോട്ട് ജിഹാദാണ് അവിടെ തോൽവിക്ക് കാരണം. അന്ന് നമ്മൾ ഒരുമിച്ചില്ലായിരുന്നുവെന്നും ബിജെപി നേതാവ് പറഞ്ഞു.
ഈ സാഹചര്യത്തിലാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിഭജിച്ചാൽ നമ്മൾ നശിക്കും എന്ന സന്ദേശവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നിച്ചാൽ നമ്മൾ സുരക്ഷിതരായി തുടരും എന്ന സന്ദേശവും നൽകിയതായി ഫഡ്‌നാവിസ് പറഞ്ഞു. കൂടാതെ ഛത്രപതി സംഭാജിനഗർ ഒരു കാവി കോട്ടയാണെന്ന് തെളിയിക്കാനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ ഈ നഗരത്തിന്റെ പേര് ഇപ്പോൾ ആർക്കും മാറ്റാൻ കഴിയില്ല. ഇവിടെ നടന്ന ഒരു എഐഎംഐഎം റാലിയിൽ ആരോ ചോദിച്ചു ആരാണ് സംഭാജി മഹാരാജ് എന്ന്. സംഭാജി മഹാരാജ് ഒമ്പത് വർഷത്തോളം തോൽവിയറിയാതെ തന്റെ ജൈത്രയാത്ര തുടർന്നയാളാണ്. അതിനാലാണ് തങ്ങൾ അദ്ദേഹത്തിന്റെ പേര് നഗരത്തിന് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.
മുമ്പ് ഔറംഗബാദ് എന്നറിയപ്പെട്ടിരുന്ന ഈ നഗരം ഛത്രപതി ശിവാജി മഹാരാജിന് ശേഷം മറാത്ത സംസ്ഥാനത്തിന്റെ രണ്ടാമത്തെ ഭരണാധികാരിയായ സംഭാജിയുടെ പേരിലാണ് പുനർനാമകരണം ചെയ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: