റാഞ്ചി: കോൺഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അധികാരത്തിലെത്തിയാൽ ജാർഖണ്ഡിൽ ജാതി സെൻസസ് നടത്തുമെന്ന് വാഗ്ദാനം ചെയ്ത രാഹുലിന്റെ പരാമർശത്തെയാണ് അദ്ദേഹം വിമർശിച്ചത്. ജാർഖണ്ഡിലെ ഖുന്തിയിൽ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
ജെഎംഎം നേതൃത്വത്തിലുള്ള സർക്കാരിന്റെ പിന്തുണയോടെ ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റം കാരണം സംസ്ഥാനത്തെ ക്രമസമാധാന നില കൂടുതൽ വഷളായെന്നും സിംഗ് ആരോപിച്ചു. സംസ്ഥാത്ത് സർക്കാർ രൂപീകരിച്ചാൽ ജാതി സെൻസസ് നടത്തുമെന്ന് അവകാശപ്പെട്ട് ഒരു കോൺഗ്രസ് നേതാവ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് രാഹുൽ ഗാന്ധിയെ പരാമർശിച്ച് സിംഗ് പറഞ്ഞു.
ഈ ജാതിപ്പെട്ടി തുറന്ന് ആർക്കാണ് നേട്ടമുണ്ടാക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നത്. ആയിരക്കണക്കിന് ജാതികളുടെ ക്ഷേമത്തിനായുള്ള പാർട്ടിയുടെ രൂപരേഖയെക്കുറിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോട് ചോദിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും സിംഗ് തുറന്നടിച്ചു.
കൂടാതെ വ്യത്യസ്‌ത ജാതികൾക്കുള്ള സംവരണത്തിനായി എന്തെല്ലാം ക്രമീകരണങ്ങൾ ചെയ്യുമെന്നും അതെല്ലാം പരസ്യമാക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. ജാർഖണ്ഡിൽ ബംഗ്ലാദേശി നുഴഞ്ഞുകയറ്റം വർധിച്ചുവരികയാണെന്നും സിംഗ് ആരോപിച്ചു.
എന്തുകൊണ്ടാണ് നുഴഞ്ഞുകയറ്റക്കാർ ജാർഖണ്ഡിലേക്ക് വരുന്നതെന്ന് ജെഎംഎം, കോൺഗ്രസ്, ആർജെഡി നേതാക്കളോട് ചോദിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് സംസ്ഥാനത്തെ ആദിവാസി ജനസംഖ്യ 52 ശതമാനത്തിൽ നിന്ന് 28 ശതമാനമായി ചുരുങ്ങിയതെന്ന് ഇൻഡി നേതാക്കൾ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജാർഖണ്ഡിൽ സ്ഥിതിഗതികൾ വഷളായതിനാൽ സരസ്വതി വന്ദനം പോലും തടയപ്പെടുന്നുവെന്നും ഉത്സവ വേളകളിൽ കല്ലേറ് നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. വർഗീയതയുടെ വിഷം ഇവിടെ അതിവേഗം പടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ജെഎംഎം നേതൃത്വത്തിലുള്ള സർക്കാർ അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്നും അതിന്റെ നേതാക്കൾ തങ്ങളുടെ പോക്കറ്റ് നിറയ്‌ക്കാൻ ആദിവാസി സമൂഹത്തെ വഞ്ചിച്ചുവെന്നും സിംഗ് ആരോപിച്ചു. ഈ സാഹചര്യത്തിൽ ജാർഖണ്ഡിലെ ജെഎംഎം നേതൃത്വത്തിലുള്ള സഖ്യസർക്കാരിനെ പുറത്താക്കാനും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയെ അധികാരത്തിലെത്തിക്കാനും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.
അതേ സമയം അധികാരത്തിലെത്തിയാൽ ജാതി സെൻസസ് ഉറപ്പാക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വെള്ളിയാഴ്ചയും ശനിയാഴ്ചയും ജാർഖണ്ഡിലെ തിരഞ്ഞെടുപ്പ് റാലികളിൽ വാഗ്ദാനം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: