മുംബൈ : മഹാരാഷ്‌ട്രയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രണ്ടാം ദിവസം പ്രതിപക്ഷമായ കോൺഗ്രസിനെതിരെ ആക്രമണം ശക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം ദുർബ്ബലമാകുമ്പോഴാണ് കോൺഗ്രസ് ശക്തിപ്പെടുന്നതെന്നും മോദി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. മഹാരാഷ്‌ട്രയിൽ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടാതെ കോൺഗ്രസ് വിവിധ ജാതികൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുന്നു. അവർ ഒരിക്കലും നമ്മുടെ ജാതികളെ ഒന്നിപ്പിക്കാൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. അതേ സമയംവിവിധ ജാതികൾ ഒറ്റക്കെട്ടായി നിന്നില്ലെങ്കിൽ പ്രതിപക്ഷ പാർട്ടി സാഹചര്യം മുതലെടുക്കുമെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
കോൺഗ്രസ് എവിടെ സർക്കാർ രൂപീകരിക്കുന്നുവോ ആ സംസ്ഥാനം അവരുടെ കുടുംബത്തിന്റെ എടിഎമ്മായി മാറുമെന്നും മോദി ഗാന്ധി കുടുംബത്തെ ലക്ഷ്യമിട്ടു പറഞ്ഞു. ഹിമാചൽ പ്രദേശ്, കർണാടക, തെലങ്കാന എന്നിവ അവരുടെ എടിഎമ്മുകളായി ഇതിനോടകം മാറിയിരിക്കുന്നു. മഹാരാഷ്‌ട്രയിലെ തിരഞ്ഞെടുപ്പിന്റെ പേരിൽ അവർ കർണാടകയിലെ മദ്യവിൽപ്പനക്കാരിൽ നിന്ന് 700 കോടി രൂപ കൊള്ളയടിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
ഇതിനു പുറമെ 2014 മുതൽ മഹാരാഷ്‌ട്ര ബിജെപിയെ തുടർച്ചയായി പിന്തുണയ്‌ക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 288 അംഗ മഹാരാഷ്‌ട്ര നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നവംബർ 20 ന് നടക്കും, നവംബർ 23 ന് വോട്ടെണ്ണും. 2019 തിരഞ്ഞെടുപ്പിൽ 105 സീറ്റുകൾ നേടി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക