കണ്ണൂർ : സിപിഎം തനിക്കെതിരെ എടുത്ത നടപടിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി പി.പി ദിവ്യ . ജയിലിൽ കിടക്കുമ്പോൾ നടപടി വേണ്ടിയിരുന്നില്ലെന്നായിരുന്നു ദിവ‍്യയുടെ പ്രതികരണം. തന്റെ ഭാഗം കേൾക്കാൻ പാർട്ടി തയ്യാറായില്ല. ഫോണിൽ വിളിച്ച നേതാക്കളോട് അതൃപ്തി രേഖപ്പെടുത്തി എന്നാണ് വിവരം.
എഡിഎം നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് ആത്മഹത‍്യപ്രരണക്കുറ്റം ചുമത്തി റിമാൻഡിൽ കഴിയുന്ന സമയത്തായിരുന്നു ദിവ‍്യക്കെതിരെ പാർട്ടി നടപടി സ്വീകരിച്ചത്. കഴിഞ്ഞ ദിവസം ജയിലിൽ നിന്നിറങ്ങിയ ദിവ്യ പാർട്ടി നടപടിക്കെതിരെ ഒന്നും പ്രതികരിച്ചിരുന്നില്ല. തന്നെ ആരും കണ്ണൂരിലെ വീട്ടിലേക്ക് കാണാൻ വരേണ്ടതില്ല എന്ന് പറഞ്ഞു എന്നാണ് വിവരം.
കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദിവ‍്യയെ സിപിഎം പ്രാഥമിക അംഗത്വത്തിലേക്കായിരുന്നു തരംതാഴ്‌ത്തിയത്. സിപിഎം സംസ്ഥാന നേതൃത്വം ഓൺലൈനായി ചേർന്ന യോഗത്തിലായിരുന്നു ദിവ‍്യയെ തരംതാഴ്‌ത്താനുള്ള നടപടിക്ക് അംഗീകാരം നൽകിയത്. സിപിഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് ദിവ്യ പുറത്താകും. പി പി ദിവ്യ ഇനി സിപിഎം അംഗം മാത്രം ആകും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തുനിന്ന് നേരത്തെ നീക്കിയിരുന്നു.
അതേസമയം ജയിൽമോചിതയായ ദിവ‍്യ നവീൻ ബാബുവിന്റെ മരണത്തിൽ തനിക്ക് ദു: ഖമുണ്ടെന്നും തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും കഴിഞ്ഞ ദിവസം മാധ‍്യമങ്ങളോട് വ‍്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: