Kerala

ഫീസ് വര്‍ധന: വിദ്യാര്‍ത്ഥികളെ കൊള്ളയടിക്കാന്‍ അനുവദിക്കില്ല-എബിവിപി

Published by

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ നാല് വര്‍ഷത്തെ ബിരുദാനന്തര ബിരുദം പരീക്ഷയുടെ ഭാഗമായി ഈടാക്കുന്ന ഭീമമായ ഫീസ് പിന്‍വലിക്കണമെന്നും വിദ്യാര്‍ത്ഥികളെ കൊള്ളയടിക്കാന്‍ അനുവദിക്കില്ലെന്നും എബിവിപി സംസ്ഥാന സെക്രട്ടറി ഇ. യു. ഈശ്വരപ്രസാദ്.

നാലുവര്‍ഷ ബിരുദ കോഴ്‌സുകളുടെ ഭാഗമായി വിദ്യാര്‍ത്ഥികളില്‍ നിന്നും അമിതഫീസ് വാങ്ങാനുള്ള കേരള സര്‍വകലാശാലയുടെയും സര്‍ക്കാരിന്റെയും തീരുമാനം അനുവദിക്കില്ല. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ തന്നെ വിവിധ സര്‍വകലാശാലകളില്‍ ഫീസ് ഇനത്തില്‍ ഭീമന്‍ വര്‍ധനയാണ് ഈ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ളത്. ഒരു വിദ്യാര്‍ത്ഥിക്ക് 20 രൂപയില്‍ താഴെ വരുന്നതാണ് പരീക്ഷ ചെലവ്. എന്നാല്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കുന്നത് 2200 രൂപയാണ്. വിദ്യാര്‍ത്ഥികളുടെ പോക്കറ്റടിക്കുന്നതിന് തുല്യമായ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

കേരളത്തില്‍ ദേശീയ വിദ്യാഭ്യാസം നടപ്പിലാക്കുന്നതിന്റെ മറവില്‍ വിദ്യാര്‍ത്ഥികളെ കൊള്ളയടിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഫീസ് വര്‍ധിക്കുന്നതല്ലാതെ വിദ്യാഭ്യാസ ഗുണനിലവാരത്തില്‍ ഒരു തരത്തിലുള്ള മുന്നേറ്റം സൃഷിക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. സാധാരണ വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ് സര്‍ക്കാര്‍ വര്‍ധിപ്പിക്കുന്ന ഫീസ് തുക. ഈ തീരുമാനത്തില്‍ നിന്നും സര്‍വകലാശാലയും സര്‍ക്കാരും പിന്മാറണമെന്നും അല്ലെങ്കില്‍ എബിവിപി നേതൃത്വം നല്‍കുന്ന പ്രക്ഷോഭങ്ങളെ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by