വാഷിങ്ടണ്‍: യുഎസ് പ്രതിനിധി സഭയിലേക്ക് ജയിച്ചവരില്‍ ആറ് ഭാരത വംശജര്‍. ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധികളാണ് ഇവരെല്ലാം. അടുത്ത സെക്കന്‍ഡ് ലേഡി ഉഷ വാന്‍സും ഭാരത വംശജയാണ്. ‘സമോസ കോക്കസ്’ എന്നാണ് ഭാരത വംശജരായ ജനപ്രതിനിധികള്‍ യുഎസില്‍ അറിയപ്പെടുന്നത്. നിലവിലെ ജനപ്രതിനിധി സഭയില്‍ അഞ്ച് ഭാരത വംശജരുണ്ട്. ഇവര്‍ വീണ്ടും ജയിച്ചു.
അമി ബേര, റോ ഖന്ന, രാജാ കൃഷ്ണമൂര്‍ത്തി, ശ്രീ തനേദാര്‍, പ്രമീള ജയപാല്‍ എന്നിവര്‍ രണ്ടാം വട്ടവും പ്രതിനിധിസഭയിലെത്തി. അഭിഭാഷകനായ സുഹാസ് സുബ്രഹ്മണ്യമാണ് ആറാമന്‍. വിര്‍ജീനിയയില്‍ നിന്നാണ് സുഹാസ് സുബ്രഹ്മണ്യം ജനപ്രതിനിധി സഭയിലേക്ക് എത്തിയത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മൈക്ക് ക്ലാന്സിയായിരുന്നു സുഹാസിന്റെ എതിരാളി. ബരാക്ക് ഒബാമ പ്രസിഡന്റ് ആയിരിക്കെ വൈറ്റ് ഹൗസ് ഉപദേഷ്ടാവായിരുന്നു ഇദ്ദേഹം.
കാലിഫോര്‍ണിയ ആറാം കോണ്‍ഗ്രഷണല്‍ ജില്ലയുടെ പ്രതിനിധിയാണ് ഡോ. അമി ബേര. ഹൗസ് ഫോറിന് അഫയേഴ്സ് കമ്മിറ്റിയിലെ ഇന്തോ പസഫിക് സബ്കമ്മിറ്റിയിലെ റാങ്കിങ് അംഗമായിരുന്നു. അടുത്തിടെ രൂപീകരിച്ച ക്വാഡ് കോക്കസ് സഹ അധ്യക്ഷന്‍ കൂടിയാണ്. ഭാരത വംശജരായ ജനപ്രതിനിധികളില്‍ ഏറ്റവും മുതിര്‍ന്ന അംഗമാണ്.
ഇല്ലിനോയിയിലെ ഏഴാം കോണ്‍ഗ്രഷണല്‍ ജില്ലയിലെ പ്രതിനിധിയാണ് രാജ കൃഷ്ണമൂര്‍ത്തി. കഴിഞ്ഞ കോണ്‍ഗ്രസില്‍ ചൈനയുമായുള്ള വിഷയങ്ങളില്‍ ഹൗസ് സെലക്ട് കമ്മിറ്റിയിലെ റാങ്കിങ് അംഗമായിരുന്നു. സിലിക്കണ്‍ വാലിയിലെ പ്രതിനിധിയാണ് റോ ഖന്ന. ടെക് പോളിസി ഡിബേറ്റുകളിലെ പ്രധാനശബ്ദമായ ഇദ്ദേഹം വിദേശകാര്യ സമിതി, ചൈന കമ്മിറ്റി എന്നിവയില്‍ നിര്‍ണായക പദവി വഹിച്ചിരുന്നു.
വാഷിങ്ടണ്‍ ഏഴാം കോണ്‍ഗ്രഷണല്‍ ജില്ലയുടെ പ്രതിനിധിയായി ഇത്തവണയും ജനങ്ങള്‍ തെരഞ്ഞെടുത്തത് പ്രമീള ജയപാലിനെയാണ്. ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളിലെ ഏറ്റവും സ്വാധീനമുള്ള ബ്ലോക്കായി കരുതപ്പെടുന്ന ഹൗസ് പ്രോഗ്രസീവ് കോക്കസിന്റെ അധ്യക്ഷയാണ്.
മിഷിഗണില്‍ 13-ാം കോണ്‍ഗ്രഷണല്‍ ജില്ലയുടെ പ്രതിനിധിയാണ് ശ്രീ തനേദാര്‍. രണ്ടാം തവണയാണ് മിഷിഗണണില് നിന്ന് തെരഞ്ഞെടുക്കപ്പെടുന്നത്. കര്‍ണാടക സ്വദേശിയാണ് ശ്രീ തനേദാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: