Categories: News

സബ് ജൂനിയര്‍ പ്രായക്കാരി ശ്രേയ നേടിയ സീനിയര്‍ വെങ്കലത്തിന് പൊന്‍ തിളക്കം

Published by

കൊച്ചി: ശ്രേയയുടെ പ്രായം 13 ആണ് കാറ്റഗറി അനുസരിച്ച് സബ്ജൂനിയര്‍. എന്നാല്‍ നടത്തില്‍ മത്സരിക്കണമെന്ന ആഗ്രഹം അവളെ എത്തിച്ചത് സീനിയര്‍ വിഭാഗത്തില്‍. എന്നാല്‍ മത്സരം അവസാനിച്ചപ്പോള്‍ തന്നെക്കാള്‍ ആറ് വയസോളും കുടുതലുള്ള മത്സരാര്‍ഥികളെ പിന്നിലാക്കി ശ്രേയ നടന്നു കയറിയത് വെങ്കലത്തിലേക്കായിരുന്നു. മത്സരത്തിനു മുന്‍പതന്നെ കാണികളുടെ മനസിലുടക്കിയ മുഖമായിരുന്നു ശ്രേയയും ഇരട്ട സഹോദരി ശ്രദ്ധയുടെതും.

പാലക്കാട് പേരിങ്ങേരില്‍ ആര്‍.പി.എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസിലെ വിദ്യാര്‍ഥികളാണ് ഇരുവരും. ഇരുവരുടെയും പ്രിയപ്പെട്ട ഇനം 3000 മീറ്റര്‍ നടത്തമാണ്. എന്നാല്‍ സബ്ജൂനിയര്‍ വിഭാഗത്തില്‍ ഇ ഇനമില്ല. ഉള്ളത് ജൂനിയര്‍ വിഭാഗത്തിലും, സീനിയര്‍ വിഭാഗത്തിലും. ജൂനിയര്‍തലത്തില്‍ രണ്ട് പേരും മത്സരിച്ചാല്‍ ഒരാള്‍ക്ക് മാത്രമേ സംസ്ഥാന തലത്തില്‍ എത്താന്‍ സാധിക്കു. ഇതോടെയാണ് ഒരാളെ ജൂനിയര്‍ വിഭാഗത്തിലും, മറ്റെയാളെ സീനിയര്‍ വിഭാഗത്തിലും മത്സരിപ്പിക്കാന്‍ പരിശീലകന്‍ തീരുമാനിച്ചത്. പക്ഷെ തങ്ങളേക്കാള്‍ അഞ്ച് വയസിന് മുന്നിലുള്ളവരുമായി ഇവരില്‍ ആര് മത്സരിക്കമെന്നത് ചേദ്യചിഹ്നമായി. ഒടുവില്‍ പരിശീലകന്‍ ബിജു വാസുദേവിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ടോസ് ഇട്ടതോടെ ശ്രേയ സീനിയറിലും, ശ്രദ്ധ ജൂനിയറിലും മത്സരിക്കാന്‍ തീരുമാനമായി.

രണ്ട് പേരും ജില്ലയും കടന്ന് സംസ്ഥാനതലംവരെ എത്തി. ഇന്നലെ നടന്ന 3000 മീറ്റര്‍ സിനിയര്‍ നടത്ത മത്സരത്തില്‍ ഇറങ്ങിയ ശ്രേയ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് വെങ്കലം കരസ്ഥമാക്കി. അടുത്തത് ശ്രദ്ധയുടെ മത്സരമാണ് നടക്കാനുള്ളത്. ഇന്ന് നടക്കുന്ന 3000 മീറ്റര്‍ ജൂനിയര്‍ വിഭാഗത്തില്‍ ശ്രദ്ധ ഇറങ്ങും. സുവര്‍ണനേട്ടം മാത്രമാണ് ലക്ഷ്യമെന്ന് പരിശീലകന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഓട്ടമത്സരത്തിലായിരുന്നു ഇരുവര്‍ക്കും ആദ്യം താല്‍പര്യം. എന്നാല്‍ പരിശീലകന്റെ മാര്‍ഗനിര്‍ദ്ദേശമാണ് ഇരുവരെയും നടത്തമത്സരത്തിലേയ്‌ക്ക് വഴി തിരിച്ചുവിട്ടത്. പരിശീലനത്തിന് എത്തുമ്പോള്‍ മുടി വ്യത്യസ്ത രീതിയില്‍ കെട്ടിയിടുന്നത് കൊണ്ടാണ് ഇരുവരെയും കൃത്യമായി തിരിച്ചറിയുന്നതെന്നും ബിജു വാസുദേവ് പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക