മുംബൈ : ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ തന്റെ കുടുംബത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും സമൂഹത്തെ അവഗണിക്കുകയാണെന്നും പരിഹസിച്ച് മഹാരാഷ്‌ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ. ഉദ്ധവ് താക്കറെ പാർട്ടിയുടെ പ്രകടന പത്രിക വീട്ടിൽ നിന്ന് പുറത്തിറക്കിയതിനെയാണ് അദ്ദേഹം പരോക്ഷമായി പരിഹസിച്ചത്.
വീടിനുള്ളിൽ ഇരിക്കാൻ ഇഷ്ടപ്പെടുന്ന ആളല്ല മറിച്ച് ജനങ്ങളെ സേവിക്കാൻ തയ്യാറുള്ളവനാണ് യഥാർത്ഥ നേതാവെന്നും ബവൻകുലെ പറഞ്ഞു. മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രകടന പത്രിക താക്കറെ മുംബൈയിലെ തന്റെ വസതിയായ മാതോശ്രീയിലാണ് അവതരിപ്പിച്ചത്.
രണ്ടര വർഷം മുഖ്യമന്ത്രിയായിരിക്കെ വീട്ടിൽ നിന്ന് ഫേസ്ബുക്ക് ലൈവ് സെഷനുകൾ നടത്തിയ ഉദ്ധവ് താക്കറെ ഇന്ന് പാർട്ടിയുടെ പ്രകടനപത്രിക തന്റെ വസതിയിൽ നിന്ന് പുറത്തിറക്കിയതായി ബവൻകുലെ പരിഹസിച്ചു. പരമ്പരാഗതമായി ശിവസേന സ്ഥാപകൻ ബാലാസാഹേബ് താക്കറെ പാർട്ടിയുടെ പ്രകടനപത്രിക ശിവസേന ഭവനിലെ ആസ്ഥാനത്ത് നിന്നാണ് പുറത്തിറക്കിയിരുന്നതെന്നും ബിജെപി നേതാവ് ചൂണ്ടിക്കാട്ടി.
രണ്ടര വർഷമായി ഉദ്ധവ് തന്റെ കുടുംബത്തിന്റെ താൽപ്പര്യങ്ങൾ മാത്രം കേന്ദ്രീകരിച്ച് രാഷ്‌ട്രീയത്തിൽ ഏർപ്പെട്ടു. പലപ്പോഴും വിശാലമായ സമൂഹത്തെ അവഗണിച്ചുവെന്നും ബവൻകുലെ കുറ്റപ്പെടുത്തി. കൂടാതെ വീട്ടിൽ നിന്ന് ജോലി ചെയ്യാനുള്ള അദ്ദേഹത്തിന്റെ പ്രവണത മാറുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെന്നും ബവൻകുലെ പരിഹസിച്ചു.
എന്നാൽ അന്തരിച്ച ബാലാസാഹേബ് താക്കറെ എല്ലായ്‌പ്പോഴും മഹാരാഷ്‌ട്രയ്‌ക്ക് ഏറ്റവും മികച്ചതിനാണ് മുൻഗണന നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: