കൊച്ചി: പുതിയ ഉയരവും ദൂരവും വേഗവും തേടി കൗമാരതാരങ്ങള്‍ ഇന്ന് മഹാരാജാസ് കളിമുറ്റത്തെ സിന്തറ്റിക്ക് ട്രാക്കിലിറങ്ങുമ്പോള്‍ ജില്ലകള്‍ തമ്മിലുള്ള വീറും വാശിയും ആവേശക്കാഴ്ച്ചകള്‍ക്ക് മിഴിവേകും.
കഴിഞ്ഞ വര്‍ഷം തൃശൂരില്‍ ഹാട്രിക് പൂര്‍ത്തിയാക്കിയ പാലക്കാട് ഇക്കുറി ചിരവൈരികളായ എറണാകുളത്തിന്റെ തട്ടകത്തില്‍ എത്തിയിരിക്കുന്നു. തുടര്‍ച്ചയായ നാലാം അത്ലറ്റിക്സ് കിരീടമാണ് ലക്ഷ്യമിടുന്നത്. കൈവിട്ട കിരീടം വീണ്ടെടുക്കാന്‍ എറണാകുളവും, മുന്‍വര്‍ഷങ്ങളിലെ പ്രകടനം മെച്ചപ്പെടുത്താന്‍ മലപ്പുറവും, കോഴിക്കോടും കൂടി ചേരുമ്പോള്‍ ട്രാക്കിലും ഫീല്‍ഡിലും തീപ്പാറുമെന്നുറപ്പ്. തൃശൂര്‍ മീറ്റില്‍ 266 പോയിന്റുകള്‍ നേടിയാണ് പാലക്കാട് ചാമ്പ്യന്‍പട്ടം നിലനിര്‍ത്തിയത്. തിരുവനന്തപുരം, കണ്ണൂര്‍ മേളകളിലും പാലക്കാടായിരുന്നു ചാമ്പ്യന്മാര്. 168 പോയിന്റ് നേടിയ മലപ്പുറം റണ്ണേഴ്സ് അപ്പായപ്പോള്‍ 95 പോയിന്റോടെയാണ് കോഴിക്കോട് മൂന്നാം സ്ഥാനക്കാരായത്. 2019ല്‍ എറണാകുളത്തെ അട്ടിമറിച്ച് നേടിയ കിരീടം കഴിഞ്ഞ തവണ കുന്നംകുളത്ത് എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് പാലക്കാട് കാത്തത്. കല്ലടി, പറളി, ചിറ്റൂര്‍ സ്കൂളുകളുടെ കരുത്തില്‍ 28 സ്വര്‍ണവും 27 വെള്ളിയും 12 വെങ്കലവും അടക്കം 266 പോയിന്റുകള്‍ നേടിയായിരുന്നു നേട്ടം. രണ്ടാം സ്ഥാനത്തെത്തിയ മലപ്പുറത്തേക്കാള്‍ 98 പോയിന്റ് വ്യത്യാസം. പറളി, കല്ലടി സ്കൂളുകള്‍ ഇത്തവണയും മികച്ച പ്രകടനം ആവര്‍ത്തിച്ചാല്‍ കിരീടം വീണ്ടും പാലക്കാട്ടേക്ക് തന്നെയെത്തും. മുണ്ടൂര്‍ എച്ച്എസ്എസ്, വടവന്നൂര്‍ ജിഎച്ച്എസ്എസ് എന്നിവയും പാലക്കാടിന് കിരീടപ്പോരാട്ടത്തില്‍ കരുത്ത് പകരും.
സ്കൂള്‍ കായികമേളയിലെ പതിവുള്ള കാഴ്ചകളായിരുന്നില്ല കഴിഞ്ഞ രണ്ടുവര്‍ഷവും. പതിറ്റാണ്ടായി കിരീടത്തിനായി പാലക്കാടുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ എറണാകുളം കഴിഞ്ഞ രണ്ടു വര്‍ഷവും നിരാശപ്പെടുത്തിയിരുന്നു. തൃശൂര്‍ മീറ്റില്‍ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 2022ല്‍ കോട്ടയത്തിനും പിന്നില്‍ അഞ്ചാം സ്ഥാനത്തായിരുന്നു ഫിനിഷിങ്. 11 വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം മണ്ണില്‍ മഹാമേള തിരിച്ചെത്തുമ്പോള്‍ കിരീടം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് ആതിഥേയര്‍. കോതമംഗലം സെന്റ് ജോര്‍ജിന്റെ പിന്‍വാങ്ങലും, മാര്‍ബേസിലിന്റെ ഫോമില്ലായ്മയുമാണ് എറണാകുളത്തിന് തിരിച്ചടിയായത്. കഴിഞ്ഞ വര്‍ഷം നേരിയ വ്യത്യാസത്തിലാണ് മാര്‍ബേസിലിന് സ്കൂള്‍ ചാമ്പ്യന്‍പട്ടം നഷ്ടമായത്. ഇത്തവണ മാര്‍ബേസില്‍ കരുത്ത് വീണ്ടെടുത്താല്‍ എറണാകുളവും മുന്നേറും. കോതമംഗലത്തെ തന്നെ കീരംപാറ സെന്റ് സ്റ്റീഫന്‍സ് എച്ച്എസ്എസ്, അങ്കമാലി മൂക്കന്നൂര്‍ സേക്രഡ് ഹാര്‍ട്ട് ഓര്‍ഫനേജ് എച്ച്എസ്എസ്, എറണാകുളം ഗവ.ഗേള്‍സ് സ്കൂള്‍ എന്നിവരും മികച്ച താരങ്ങളെയാണ് ഇത്തവണ ഇറക്കുന്നത്. 2019ല്‍ 21 സ്വര്‍ണമുള്‍പ്പെടെ 157 പോയിന്റുകള്‍ നേടിയ എറണാകുളത്തിന് കോവിഡിന് ശേഷം 2022ല്‍ നടന്ന മീറ്റില്‍ ലഭിച്ചത് 11 സ്വര്‍ണവും 81 പോയിന്റും മാത്രം. തൃശൂരില്‍ 12 സ്വര്‍ണം ഉള്‍പ്പെടെ 88 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് മുന്നേറി. അക്വാട്ടിക്സിലും മറ്റു ഗെയിംസിനങ്ങളിലും കുതിപ്പ് തുടരുന്ന തിരുവന്തപുരവും ഇത്തവണ കൂടുതല്‍ മികവുമായാണ് അത്ലറ്റിക്സിനെത്തുന്നത്. പോയ വര്‍ഷം അഞ്ചാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ മറ്റു ജില്ലകളുടെ പോയിന്റ് നേട്ടം ഇങ്ങനെ: കണ്ണൂര്‍ 48, കാസര്‍ഗോഡ് 46, കോട്ടയം 42, ആലപ്പുഴ 42, തൃശൂര്‍ 25, ഇടുക്കി 25, കൊല്ലം 23, വയനാട് 20, പത്തനംതിട്ട 7.
മഹാരാജാസ് ഗ്രൗണ്ടില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കാലാവധി കഴിഞ്ഞ് ഉപയോഗശൂന്യമായ സിന്തറ്റിക് ട്രാക്ക്, പുനര്‍നിര്‍മിച്ചതിന് ശേഷമുള്ള ആദ്യ മീറ്റില്‍ റെക്കോഡ് പ്രകടനങ്ങളാണ് പ്രതീക്ഷിക്കുന്നത്. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സിന്തറ്റിക് ട്രാക്ക് നിര്‍മിച്ചതെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ടീമുകളെല്ലാം ഇന്നലെ രജിസ്ട്രേഷന് പൂര്‍ത്തിയാക്കി, വൈകിട്ട് ഗ്രൗണ്ടില്‍ പരിശീലനത്തിനും ഇറങ്ങി. രാവിലെ 6.10ന് സീനിയര്‍ ആണ്‍കുട്ടികളുടെ അയ്യായിരം മീറ്റര്‍ നടത്തത്തോടെ ട്രാക്കുണരും. മൂവായിരത്തോളം താരങ്ങള്‍ക്കൊപ്പം 350ലേറെ ഒഫീഷ്യല്‍സും മേളയുടെ ഭാഗമാവും. 14 ജില്ലാ ടീമുകള്‍ക്ക് പുറമേ യുഎഇ ടീമും ഇത്തവണ മത്സരത്തിനുണ്ട്. പകലും രാത്രിയുമായാണ് മത്സരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: