കോഴിക്കോട്: ആഗോളവല്‍ക്കരണത്തിന്റെ തുടര്‍ച്ച മാധ്യമ മേഖലയുടെ നിലവാരം തകര്‍ത്തതായി പ്രമുഖ ചിന്തകന്‍ എസ്.ഗുരുമൂര്‍ത്തി. പണം മാധ്യമങ്ങളുടെ ആത്മാവ് നഷ്ടപ്പെടുത്തി. എങ്ങനെയും പണം ഉണ്ടാക്കാനുള്ള മാര്‍ഗ്ഗമായി മാധ്യമ മേഖലയെ കണ്ടതോടെ മൂല്യങ്ങള്‍ ഇല്ലാതായി. മാധ്യമ സ്വാതന്ത്ര്യം എന്നത് നഷ്ടപ്പെടുത്തി. ആശയപ്രചരണത്തിനായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ക്ക് മാത്രമാണ് ഇപ്പോള്‍ അഭിപ്രായ സ്വാതന്ത്യം ഉള്ളത്. ആശയം പറയാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. ‘ജന്മഭൂമി’ സുവര്‍ണ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമൂഹ്യ മാധ്യമങ്ങള്‍ രാജ്യത്തിന് ഭീഷണി ആയിരിക്കുകയാണ്. ഏതു സര്‍ക്കാറിനേയും തകര്‍ക്കാന്‍ കഴിയുന്ന സംവിധാനമായി അതുമാറി. സത്യമാണോ നുണയാണോ എന്നറിയാതെ വാര്‍ത്ത കൊടുക്കുകയാണ്. ഉദ്ദേശ്യപ്രചാരണം നടത്തുകയാണ്. സത്യസന്ധമായ റിപ്പോര്‍ട്ടിംഗിനേക്കാള്‍ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി വാര്‍ത്തകള്‍ ഉപയോഗിക്കപ്പെടുന്ന അവസ്ഥ. ഇതു പൊതുജനാഭിപ്രായത്തെ അശാസ്ത്രീയമായി സ്വാധീനിക്കുന്നു.എസ് ഗുരുമൂര്‍ത്തി പറഞ്ഞു.
ഇന്ത്യയുടെ മാധ്യമ ചരിത്രത്തെ പ്രധാനമായും നാലു ഘട്ടമായി തിരിക്കാമെന്നും ഗുരുമൂര്‍ത്തി അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യത്തിന് മുന്‍പ്, സ്വാതന്ത്ര്യത്തിനുശേഷം, അടിയന്താരാവസ്ഥയക്കു ശേഷം, ആഗോള വല്ക്കരണത്തിനു ശേഷം എന്നിങ്ങനെയാണത്. ബ്രിട്ടീഷുകാരില്‍ നിന്ന് രാജ്യത്തെ സ്വതന്ത്രമാക്കുക എന്ന ദൗത്യമായിരുന്നു സ്വാതന്ത്ര്യത്തിന് മുന്‍പ് മാധ്യമങ്ങള്‍ക്ക് ഉണ്ടായിരുന്നത്. എല്ലാത്തിനോടുമുള്ള പോരാട്ടമായിരുന്നു അന്ന് പത്രപ്രവര്‍ത്തനം. നിരവധി പത്രങ്ങള്‍ രാജ്യമാസകലം ആരംഭിച്ചു. സ്വാതന്ത്ര്യത്തിനുശേഷം അഭിപ്രായ സ്വാതന്ത്രത്തിന്റെ മുഖമായിരുന്നു പത്രങ്ങള്‍. അധികാരത്തില്‍ ഇരിക്കുന്നവര്‍ക്കുപോലും പത്രങ്ങളെ നിയന്ത്രിക്കാനാകുമായിരുന്നില്ല. 1975 ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ നിര്‍ബന്ധിത സെന്‍ഷര്‍ഷിപ്പിന് വിധേയമായതാണ് മൂന്നാം ഘട്ടം.
90 കളിലെ ആഗോളവല്‍ക്കരണമായിരുന്നു വലിയ വെല്ലുവിളി. വ്യവസായ- രാഷ്ട്രീയ കൂട്ടുകെട്ട് ശക്തമാകുകയും പണം സുനാമിപോലെ എത്തുകയും മാധ്യമങ്ങള്‍ പണക്കാരുടെ നിയന്ത്രണത്തില്‍ ആകുകയും ചെയ്തു. പത്രപ്രവര്‍ത്തകരും പത്രഉടമകളും അഴിമതിക്കാരായി. ഗുരുമൂര്‍ത്തി പറഞ്ഞു.
മാധ്യമങ്ങള്‍ക്കുള്ള സ്വാതന്ത്ര്യം ജനാധിപത്യത്തോടുള്ള ബാധ്യതയോടെയായിരിക്കണം. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനുള്ള അവശ്യഘടകമാണ് മാധ്യമസ്വാതന്ത്ര്യം. എന്നാല്‍, ഒരു വിഭാഗം മാധ്യമങ്ങള്‍ പ്രചാരണത്തിനായി പ്രവര്‍ത്തിക്കുകയും നിഷ്പക്ഷമായ റിപ്പോര്‍ട്ടിംഗ് നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. മാധ്യമം സ്വന്തം ചുമതലകളില്‍ ഉറച്ചുനില്‍ക്കുകയും സത്യസന്ധതയോടുകൂടിയ റിപ്പോര്‍ട്ടിംഗ് നല്‍കുകയും വേണം. ജനങ്ങള്‍ക്ക് സത്യസന്ധവും സമഗ്രവുമായ വിവരം ലഭിക്കുന്നതിന്, മാധ്യമങ്ങള്‍ അവരുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണം. പ്രത്യേകിച്ച് വാര്‍ത്തകളുടെ പ്രാമാണികത ഉറപ്പാക്കുന്നതിലും സമഗ്രവും നിഷ്പക്ഷവുമായ റിപ്പോര്‍ട്ടിംഗില്‍ ശ്രദ്ധ ചെലുത്തുന്നതിലും. ഇതുവഴി പൗരന്മാര്ക്ക് സത്യം അറിയാന്‍ സാധിക്കുകയും ഒരു സമഗ്രമായ പൊതുസമൂഹം ഉണ്ടാകാന്‍ സഹായകമാവുകയും ചെയ്യും. എസ് ഗുരുമൂര്‍ത്തി പറഞ്ഞു.
മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, ജന്മഭൂമി എഡിറ്റര്‍ കെ എന്‍ ആര് നമ്പൂതിരി അധ്യക്ഷം വഹിച്ചു. മുന്‍ എഡിറ്റര്‍ കെവിഎസ് ഹരിദാസ്, മാകോ ഡയറക്ടര്‍ എ കെ അനുരാജ്, കണ്ണൂര്‍ എസ്എന്‍ കോളേജ് പ്രിന്‍സിപ്പള്‍ ഡോ. സി പി സതീശ്, എം സുധീന്ദ്ര കുമാര്‍, എം എന്‍ സുന്ദര്‍രാജ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: