കൊച്ചി: 66-ാമത് സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ വര്‍ണാഭമായ തുടക്കം. ഭാഗ്യചിഹന്മായ തക്കുടുവിന്റെ കൈയില്‍ സ്ഥാപിച്ചിരുന്ന ദീപശിഖയിലേക്ക് കായിക മേളയുടെ അംബാസഡര്‍ കൂടിയായ ഒളിംപ്യന്‍ പി.ആര്. ശ്രീജേഷും മന്ത്രി വി. ശിവന്‍കുട്ടിയും ചേര്‍ന്ന് ദീപം പകര്‍ന്നതോടെ ഔദ്യോഗിക തുടക്കമായി.
ഉദ്ഘാടന യോഗത്തില്‍ എംഎല്‍എ ടി.ജെ. വിനോദ് അധ്യക്ഷനായി. ഔദ്യോഗിക ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. സാസ്കാരിക പരിപാടികളുടെ ഉദ്ഘാടനം നടന് മമ്മൂട്ടി നിര്‍വഹിച്ചു. വേദിയില്‍ നില്ക്കുമ്പോള് കഥ പറയുമ്പോള്‍ എന്ന തന്റെ സിനിമയില്‍ നായകനായ അശോക്കുമാര് പറയുന്നത് പോലെ തന്റെ കുട്ടിക്കാലമാണ് ഓര്മ വരുതെന്ന് അദ്ദേഹം പറഞ്ഞു.
നമ്മുടെ നാടിന്റെ, രാജ്യത്തിന്റെ അഭിമാനമായി മാറേണ്ട താരങ്ങളാണ് എന്റെ മുന്നില്‍ നില്‍ക്കുന്നത്. ഒന്നല്ല ഒരായിരം ഒളിംപിക് മെഡലുകളുമായി നമ്മുടെ നാടിന് അഭിമാനമാകണമെന്നും മമ്മൂട്ടി പറഞ്ഞു. ഒളിംപിക്സ് മെഡല്‍ രാജ്യത്തെത്താന്‍ എല്ലാവരും ശ്രമിക്കണമെന്ന് പി.ആര്. ശ്രീജേഷ് പറഞ്ഞു. നമ്മള് ഒരു ദിവസം പരിശീലനത്തില്‍ നിന്ന് പിന്നോട്ട് പോയാല്‍, ലോകത്തെവിടെയെങ്കിലും നമ്മെ തോല്പിക്കാന് ഒരാള്‍ ശ്രമിക്കുന്നുണ്ടെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
14 ജില്ലകളുടെയും ആദ്യമായി യുഎഇയില്‍ നിന്നുള്ള ടീമിന്റെയും മാര്‍ച്ച് പാസ്റ്റ് നടന്നു. ചരിത്രത്തിലാദ്യമായി സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ ദിവ്യാംഗരും പങ്കെടുത്തു. 11ന് കായികമേളയ്ക്ക് കൊടിയിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: