തിരുവനന്തപുരം: കഴിഞ്ഞ ഏഴ് വർഷത്തെ നികുതി കുടിശ്ശികയായ 1.57 കോടി രൂപ ശ്രീ പദ്‌മനാഭസ്വാമി ക്ഷേത്ര ഭരണസമിതി അടയ്‌ക്കണമെന്ന് നോട്ടീസ് നൽകി കേന്ദ്ര ജിഎസ്‌ടി വകുപ്പ്. തുക സമിതി അടച്ചില്ലെങ്കിൽ 100 ശതമാനം പിഴയും 18 ശതമാനം പിഴപ്പലിശയും അടയ്‌ക്കണം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ലഭിക്കേണ്ട 77 ലക്ഷം ജിഎസ്‌ടി വിഹിതവും മൂന്ന് ലക്ഷം പ്രളയ സെസും ചേർന്നതാണ് തുക.
ക്ഷേത്രത്തിൽ വാടകയിനത്തിൽ ലഭിക്കുന്ന വിവിധ വരുമാനങ്ങൾ, ഭക്തർക്ക് വസ്‌ത്രം ധരിക്കാനടക്കം നൽകുന്നതിലൂടെ കിട്ടുന്ന വരുമാനം, ചിത്രങ്ങളടക്കം വിൽപന നടത്തി കിട്ടുന്ന പണം, എഴുന്നള്ളിപ്പ് ആനയെ വാടകയ്‌ക്ക് നൽകി കിട്ടുന്ന വരുമാനം ഇവയുടെയൊന്നും ജിഎസ്‌ടി ക്ഷേത്ര ഭരണസമിതി നൽകുന്നില്ലെന്ന് കേന്ദ്ര ജിഎസ്‌ടി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ജിഎസ്‌ടിയിൽ വിവിധ ഇളവുകൾ ഉണ്ടെന്നുകാട്ടി ഭരണസമിതി നൽകിയ വിശദീകരണം തള്ളിയാണ് കേന്ദ്ര ജി.എസ്.ടി വകുപ്പ് നോട്ടീസ് നൽകിയിരിക്കുന്നത്.
ക്ഷേത്രത്തിൽ നിന്നും നികുതി അടയ്‌ക്കുന്നില്ല എന്ന രഹസ്യവിവരത്തിന് പിന്നാലെയാണ് മതിലകം ഓഫീസിൽ പരിശോധന നടന്നത്. സേവനവും ഉൽപ്പന്നവും നൽകുമ്പോൾ ജിഎസ്‌ടി ഭരണസമിതി വാങ്ങുന്നുണ്ട് എന്നാൽ ആ പണം അടയ്‌ക്കുന്നില്ലെന്ന് ജിഎസ്‌ടി വകുപ്പ് കണ്ടെത്തി. ക്ഷേത്രത്തിന് വിവിധ ഇളവുകൾക്ക് ശേഷം അടയ്‌ക്കാനുള്ളത് 16 ലക്ഷം മാത്രമാണെന്നാണ് ക്ഷേത്ര ഭരണസമിതി അറിയിച്ചത്. മൂന്ന് ലക്ഷം അടച്ചെന്നും വിവരം നൽകി. എന്നാൽ സമിതി നൽകിയ മറുപടി തള്ളിയശേഷമാണ് 1.57 കോടി രൂപ നികുതിയടക്കാൻ നോട്ടീസ് നൽകിയിരിക്കുന്നത്.
നോട്ടീസിൽ കൃത്യമായി വിശദീകരണം നൽകുമെന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: