ന്യൂദല്‍ഹി: പതിനാലുകാരന്റെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് 65 വസ്തുക്കള്‍. ബാറ്ററികള്‍, റേസര്‍ ബ്ലേഡുകള്‍, ചങ്ങല, സ്‌ക്രൂ എന്നിവ ഉള്‍പ്പെടെയുള്ള വസ്തുക്കളാണ് കുട്ടിയുടെ വയറ്റിലുണ്ടായിരുന്നത്. ശസ്ത്രക്രിയയിലൂടെ ഇവ നീക്കം ചെയ്തെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
ഉത്തര്‍പ്രദേശിലെ ഹാഥ്റസ് സ്വദേശി ആദിത്യ ശര്‍മ്മയുടെ വയറ്റില്‍ നിന്നാണ് ബാറ്ററികള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പുറത്തെടുത്തത്. ദല്‍ഹിയിലെ സഫ്ദാര്‍ജങ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് നിരവധി ആശുപത്രികളില്‍ കാണിച്ചശേഷമാണ് ആദിത്യ ശര്‍മ്മയെ മാതാപിതാക്കള്‍ സഫ്ദാര്‍ജങ് ആശുപത്രിയില്‍ എത്തിച്ചത്.
കുടലിലുണ്ടായ അണുബാധയാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വയറ്റിലുണ്ടായിരുന്ന വസ്തുക്കള്‍ കുട്ടി സ്വയം വിഴുങ്ങിയതാകാം എന്നാണ് വിലയിരുത്തല്‍. അഞ്ച് മണിക്കൂറത്തെ ശസ്ത്രക്രിയയ്‌ക്ക് ഒടുവിലാണ് വയറ്റില്‍ നിന്ന് വസ്തുക്കള്‍ പുറത്തെടുത്തത്.
ഹാഥ്റസിലെ മെഡിക്കല്‍ റെപ്രസന്ററ്റീവാണ് ആദിത്യ ശര്‍മ്മയുടെ അച്ഛന്‍ സഞ്ചേത് ശര്‍മ്മ. ഒക്ടോബര്‍ 13നാണ് കുട്ടിക്ക് ശ്വാസംമുട്ടല്‍ ഉള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. കൂട്ടിയുടെ ഹൃദയമിടിപ്പ് മിനുട്ടില്‍ 280 ആയി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് പരിശോധനകള്‍ ആരംഭിച്ചത്.
ആഗ്ര, ജയ്പുര്‍, അലിഗഡ്, നോയ്ഡ, ദല്‍ഹി എന്നിവിടങ്ങളിലെ ആശുപത്രികളില്‍ മകനെ കാണിച്ചിരുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 28നാണ് ആദിത്യ ശര്‍മ്മ മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: