ബ്രിസ്ബേന്‍(ഓസ്ട്രേലിയ): പ്രധാനമന്ത്രി മോദിയുടെ കരുത്തില്‍ ഓസ്ട്രേലിയയുമായുള്ള ബന്ധം ആഴത്തിലുള്ളതായി മാറിയെന്ന് വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍. ബ്രിസ്ബേനില്‍ ഭാരത സമൂഹത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളവും ഉറപ്പുള്ളതുമാകാന് നാല് കാരണങ്ങളുണ്ട്. പ്രധാനമന്ത്രി മോദി, ഓസ്ട്രേലിയ, ലോകം, പിന്നെ നിങ്ങളെല്ലാവരും, അദ്ദേഹം ഭാരതീയ സമൂഹത്തോട് പറഞ്ഞു.
ബ്രിസ്ബേനില്‍ നാലാമത്തെ കോണ്‍സുലേറ്റ് ഉദ്ഘാടനം ചെയ്യുന്നതിനായി മാത്രമല്ല, ഓസ്ട്രേലിയയിലെ ഭാരതീയരോടുള്ള പ്രധാനമന്ത്രി മോദിയുടെ പ്രതിബദ്ധത അറിയിക്കുന്നതിനുകൂടിയാണ് ഞാന്‍ വന്നത്. നിങ്ങളുടെ സാന്നിധ്യവും പരിശ്രമവുമാണ് ബ്രിസ്ബേന്‍ കോണ്‍സുലേറ്റിനെ സാധ്യമാക്കിയത്. ഇവിടെ കോണ്‍സുലേറ്റ് തുറക്കുമെന്ന് പ്രധാനമന്ത്രി മോദി നിങ്ങള്‍ക്ക് നല്കിയ വാക്കാണ്. അത് പാലിക്കാനാണ് ഞാനെത്തിയത്, ജയശങ്കറിന്റെ വാക്കുകള്‍ സദസ് വന്ദേമാതരം വിളികളോടെയാണ് വരവേറ്റത്.
പതിനാറായിരം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ക്വീന്‍സ്ലാന്‍ഡില്‍ താമസിക്കുന്ന ഒന്നേകാല്‍ ലക്ഷം ഭാരതീയരുടെ അധ്വാനമാണ് ഓസ്ട്രേലിയയുടെ ഭാരതത്തിലേക്കുള്ള കയറ്റുമതിയുടെ 75 ശതമാനവും. ഇത് കേവലം നേട്ടമല്ല, ഭാവി വളര്‍ച്ചയുടെ ചട്ടക്കൂടാണ്. ഭാരതം ലോകത്തോടൊപ്പം, ലോകത്തിന് വേണ്ടി വളരുകയാണ്. വെല്ലുവിളികളുണ്ടാകാം, എന്നാല്‍ നമ്മള് ശുഭാപ്തി വിശ്വാസികളാണ്.
ലോകം ഭാരതത്തോട് സൗഹൃദം കൂടാന്‍ ആഗ്രഹിക്കുന്നു. നമ്മള് വിജയിക്കുന്ന രാജ്യമാണ് എന്ന് ഇന്ന് ലോകത്തിന് അറിയാം. അത് പ്രയോജനപ്പെടുത്തേണ്ടത് ഓരോ ഭാരതീയന്റെയും കടമയാണെന്ന് ജയശങ്കര്‍ പറഞ്ഞു.
പത്ത് വര്‍ഷത്തിനിടെ, പരസ്പരം പോഷിപ്പിക്കുന്ന, വ്യാവസായി പുരോഗതി എളുപ്പമാക്കുന്ന, ജീവിത സൗകര്യം മെച്ചപ്പെടുത്തുന്ന, ഗതി ശക്തി പരിപാടിയിലൂടെ അടിസ്ഥാന സൗകര്യങ്ങള്‍ സമൂലമായി മെച്ചപ്പെടുത്തുന്നതില്‍ നമ്മള് വലിയ പുരോഗതി നേടി.
രാഷ്ട്രീയ സുസ്ഥിരത തീരുമാനങ്ങള്‍ എടുക്കുന്നതിലും നയം നടപ്പാക്കുന്നതിലും പ്രകടമാക്കി. ഇന്നത്തെ ഭാരതം പ്രതിദിനം 28 കിലോമീറ്റര്‍ ഹൈവേയും ദിവസവും 12-14 കിലോമീറ്റര്‍ റെയില്‍വേ ട്രാക്കും നിര്‍മ്മിക്കുന്നു, ഒരു ദശാബ്ദം മുമ്പ് രാജ്യത്ത് 75 വിമാനത്താവളങ്ങളുണ്ടായിരുന്നു; ഇന്ന്, അത് ഇരട്ടിയിലേറെയായി, ജയശങ്കര്‍ പറഞ്ഞു.
ഏഴ് വരെ തുടരുന്ന ദ്വിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ജയശങ്കര്‍ ബ്രിസ്ബേനിലെത്തിയത്. ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് ഹൗസില്‍ നടക്കുന്ന രണ്ടാമത് റെയ്സിന ഡൗണ്‍ അണ്ടര്‍ കോണ്‍ഫറന്‍സില്‍ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തും. നവംബര്‍ 8 ന് അദ്ദേഹം സിംഗപ്പൂര്‍ സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: