‘കാല്‍പണത്തിന്റെ പൂച്ചയ്ക്ക് മുക്കാല്പണത്തിന്റെ പാല്’ എന്ന അവസ്ഥയിലാണ് കേരളം. വരുമാനം നോക്കാതെയുള്ള ചെലവ്. അത് വര്‍ധിക്കുമ്പോള്‍ കടമെടുപ്പ് തകൃതി. കടമെടുക്കാന്‍ വൈകിയാല്‍ ശമ്പളവും മറ്റാനുകൂല്യങ്ങളും മുടങ്ങുന്ന സ്ഥിതി. ഇത് കേരളത്തിന്റെ പൊതുവായ ശൈലിയാണ്. കേരളം സാമ്പത്തിക ഞെരുക്കത്തിന്റെ നടുക്കയത്തിലാണ്. കഷ്ടിച്ച് ശമ്പളം കൊടുക്കാനുള്ള പണം മാത്രമേ ട്രഷറിയിലുള്ളൂ. ട്രഷറികള്‍ക്ക് എപ്പോള്‍ താഴ്വീഴും എന്ന് നോക്കിയാല്‍ മതി. 2014-15 ല്‍ സംസ്ഥാന വരുമാനത്തിന്റെ പൊതുകടം 26.42 ശതമാനമായിരുന്നുവെങ്കില്‍ എല്‍ഡിഎഫ് ഭരണത്തില്‍ തോമസ് ഐസക്കിന്റെ സൂക്ഷ്മ നിരീക്ഷണത്തില്‍ അത് 30.22 ശതമാനമായി ഉയര്‍ന്നു. ഇപ്പോള്‍ അതും മറികടന്ന് പൊതുകടം വാണം പോലെ കുതിക്കുന്നു. അതിപ്പോള്‍ രണ്ടു ലക്ഷമാണോ മൂന്നു ലക്ഷമാണോ എന്ന് നോക്കിയാല്‍ മതി. ആളോഹരി കടം 70, 000 പിന്നിട്ടു. ബുദ്ധിമുട്ടുകളെല്ലാം തീരാനുള്ള ഒറ്റമൂലിയാണ് ജിഎസ്ടി വിഹിതം എന്നായിരുന്നു ഐസക്കിന്റെ വാദം. ഇപ്പോള്‍ അതും തകര്‍ന്നു.
കടംവാങ്ങി ധൂര്‍ത്തടിക്കുക. അത്യാവശ്യ കാര്യങ്ങള്‍ പോലും നടത്താതിരിക്കുക. ഉത്തരം ശൈലിക്ക് നിയന്ത്രണം അത്യാവശ്യമാണ്. കടം വാങ്ങി ധൂര്‍ത്തടിച്ച് കേരളത്തെ കടക്കെണിയില്‍പ്പെടുത്തുന്ന കേരള സര്‍ക്കാരിന് കേന്ദ്രത്തിന്റ പിടിവീഴുന്നു. കേരളത്തിന് ഇനി കടമെടുക്കണമെങ്കില്‍ സിഎജിയുടെ ഫിനാന്‍സ് അക്കൗണ്ട്സ് റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിബന്ധനയാണതില്‍ മുഖ്യം.
ജൂലൈയില്‍ തയാറായ റിപ്പോര്‍ട്ടില്‍ സിഎജി ഇനിയും ഒപ്പിട്ടിട്ടില്ല. സംസ്ഥാനത്തെ അക്കൗണ്ടന്റ് ജനറല്‍ തയാറാക്കുന്ന റിപ്പോര്‍ട്ടില്‍ ഒപ്പുവയ്ക്കേണ്ടത് സിഎജിയാണ്. സിഎജി തയാറാക്കുന്ന കരടു റിപ്പോര്‍ട്ട് സംസ്ഥാനത്തിനു നല്‍കും. ഇതില്‍ സംസ്ഥാനം അഭിപ്രായമറിയിച്ച് സിഎജിക്ക് അയയ്ക്കണം. സിഎജി ഒപ്പിടുമ്പോള്‍ റിപ്പോര്‍ട്ട് അന്തിമമാകും. ഇതാണ് നിയമസഭയില്‍ വയ്ക്കേണ്ടത്. ജൂലൈയില്‍ സംസ്ഥാനത്തിന് കരടു റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതു സംസ്ഥാനം അഭിപ്രായങ്ങളൊന്നും രേഖപ്പെടുത്താതെ അംഗീകരിച്ച് സിഎജിക്ക് അയയ്ക്കുകയായിരുന്നു. അഭിപ്രായം രേഖപ്പെടുത്താത്ത റിപ്പോര്‍ട്ടില്‍ സിഎജി ഇതുവരെ ഒപ്പിട്ടിട്ടില്ല. റിപ്പോര്‍ട്ട് കിട്ടിയാല്‍ത്തന്നെ ഇനി അത് സഭയില്‍ വയ്ക്കണമെങ്കില്‍ പ്രത്യേക സമ്മേളനം വേണ്ടിവരും. അതുവരെ കടമെടുക്കാതെ പിടിച്ചുനില്‍ക്കാനാവാത്ത സ്ഥിതിയാണിന്ന്. കേന്ദ്രത്തെ കുറ്റപ്പെടുത്തി ജനത്തെ കബളിപ്പിക്കാന്‍ മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം. ധനകാര്യം കൈകാര്യം ചെയ്യുന്നതിലെ ചിട്ടയും പിടിപ്പും പിടിപ്പു കേടുമൊന്നും തങ്ങള്‍ക്കു ബാധകമല്ലെന്ന മട്ടിലാണ് പോക്ക്. പലതവണ കൊടുത്ത നിര്‍ദേശങ്ങളും മുന്നറിയിപ്പുകളുമൊന്നും ഗൗരവത്തിലെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടുമില്ല. കടമെടുത്താല്‍ ചിലവിന്റെ കണക്കു ബോധ്യപ്പെടുത്തുക എന്നത് സാമാന്യ മര്യാദയാണ്. സാമ്പത്തിക അരാജകത്വവും കേന്ദ്രവിരുദ്ധ പ്രസംഗവും ഒന്നും അതിനു പകരമാകില്ല. മറ്റു സംസ്ഥാനങ്ങള്‍ ചെയ്തുവരുന്ന, കൃത്യമായ സാമ്പത്തിക മാനേജ്മെന്റ് സംവിധാനത്തിലേക്ക് കേരളവും വന്നേ പറ്റൂ. ആ രീതിയില്‍ ചിന്തിക്കാന്‍ സംസ്ഥാനം ഭരിക്കുന്നവര്‍ക്ക് മനസ്സുണ്ടായാല് കേരളം രക്ഷപ്പെടും. പക്ഷെ അപ്പോഴും, വരുത്തിവച്ച കടത്തില്‍ നിന്നു കരകയറാന്‍ കാലം കുറേയെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: