കോഴിക്കോട്: ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തലും മത്സ്യതൊഴിലാളികളുടെ കയലറിവും സമന്വയിപ്പിക്കണം. കടല്‍ സമ്പത്ത് സുസ്ഥിരമായി നിലനിര്‍ത്താന്‍ ഓരോരുത്തര്‍ക്കും ബാധ്യതയുണ്ട്. മത്സ്യമേഖലയ്ക്കായി കേന്ദ്രം നടപ്പിലാക്കുന്ന പദ്ധതികളുടെ ഗുണഫലങ്ങള്‍ കേരളത്തില്‍ ലഭിക്കുന്നില്ല. മത്സ്യ വിപണിയുടെ അഗോള കമ്പോളം പിടിച്ചെടുക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഭാരതത്തിനു മുന്നില്‍. ആഭ്യന്തരവിപണിയ്ക്ക് പ്രാധാന്യം നല്കി ഭക്ഷ്യസുരക്ഷ ഉറപ്പാക്കണം. കടലോര മേഖലയിലെ ജീവിതത്തെ നേര്‍ക്കുനേര്‍ കാണാനുള്ള സൗമനസ്യം ആരും കാണിക്കുന്നില്ല. രാജ്യത്തിന്റെ സാമ്പത്തിക കുതിപ്പില്‍ മൂന്നിലൊന്ന് സംഭാവന മത്സ്യമേഖലയില്‍നിന്നാണെന്ന പ്രധാന്യം കാണാതെ പോകരുത്.
ജന്മഭൂമി സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഫിഷറീസ് മേഖലയെക്കുറിച്ച് നടന്ന സെമിനാറില്‍ ഉയര്‍ന്നു വന്നത് കടല്‍ പോലെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും വിലയിരുത്തലുകളും. ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ സഹകരണത്തോടെ ‘ബ്ളൂ റവല്യൂഷന്’ എന്ന പേരില്‍ നടന്ന സെമിനാറില്‍ പ്രസംഗിച്ചവരും പ്രബന്ധം അവതരിപ്പിച്ചവരും വിഷയത്തില്‍ നല്ല അറിവുണ്ടായിരുന്നവര്‍. വിഷയം അറിയാനെത്തിയ വലിയ സദസ്സും.
മത്സ്യ തൊഴിലാളികളുടെ കടലിനെക്കുറിച്ചുള്ള അപാരമായ അറിവ് കൈമാറപ്പെടുന്നില്ലന്ന് കേരള ഫിഷറീസ് സര്‍വകലാശാല ഡീന്‍ ഡോ. എസ് സുരേഷ് കുമാര്‍ പറഞ്ഞു. സമുദ്രത്തില്‍ എവിടെ മീന്‍ ലഭ്യത ഉണ്ട് എന്ന് മുന്‍കൂട്ടി പറയാന്‍ ശാസ്ത്രലോകത്തിന് കഴിയും. എന്നാല്‍ ഏതുതരം മീന്‍ കിട്ടും എന്നറിയുന്നത് കടലില്‍ പോകുന്ന തൊഴിലാളികള്‍ക്കാണ്. മീന്‍ പിടുത്തക്കാരുടെ കടലിനെക്കുറിച്ചുള്ള അറിവ് അപാരമാണ്. അത്തരം അറിവുകള്‍ അവരുടെ ഹൃദയത്തില്‍ സൂക്ഷിക്കപ്പെടുന്നു. ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തലും മത്സ്യതൊഴിലാളികളുടെ കയലറിവും സമന്വയിപ്പിക്കുന്ന സംവിധാനം ഉണ്ടായാല്‍ മത്സ്യമേഖലയുടെ വലിയ കുതിപ്പിനു വഴിതെളിക്കും. മത്സ്യമേഖലയിലെ സാധ്യതകളും പ്രതിസന്ധികളും എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് സുരേഷ്് കുമാര്‍ പറഞ്ഞു.
വിതയ്ക്കാതെ കൊയ്യുന്ന ഒരോയൊരു സമ്പത്തായ മത്സ്യ സമ്പത്ത് സുസ്ഥിരമായി നിലനിര്‍ത്താന്‍ ഓരോരുത്തര്‍ക്കും കടമയുണ്ടെന്ന് സമുദ്രോല്പന്ന കയറ്റുമതി വികസന അതോററ്റിയുടെ ക്വാളിറ്റി മനേജ്മെന്റ് സംസ്ഥാന കോര്‍ഡിനേറ്റര്‍ സംഗീത എം ആര് പറഞ്ഞു. മത്സ്യമേഖലയുടെ വികസനം കേവലം തീരദേശത്തിന്റോയോ മത്സ്യ തൊഴിലാളികളുടേയോ മാത്രം പുരോഗതിയല്ല ഉണ്ടാക്കുന്നത്. തൊഴില്‍, വ്യവസായം, നിര്‍മ്മാണം തുടങ്ങി വിവിധ മേഖലകളില്‍ ഉണര്‍വ് നല്‍കും. കയറ്റുമതി വികസിച്ചാല്‍ മാത്രമേ മത്സ്യമേഖലയില്‍നിന്ന് വരുമാനം കിട്ടൂ. കടല്‍തീരത്തും കടലിലും മീന്‍ കൈകാര്യം ചെയ്യുന്ന ഇടങ്ങളിലും സുചിത്രം ഉറപ്പാക്കാനാകണം. സംഗീത പറഞ്ഞു.
മത്സ്യമേഖലയ്ക്കായി കേന്ദ്രം നിരവധി നല്ല പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കേരളം പലതും നടപ്പിലാക്കുന്നില്ലന്ന് വിഷയാവതരണം നടത്തിയ ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന പ്രസിഡന്റ് പി പീതാംബരന് പറഞ്ഞു. കേന്ദ്രത്തിന്റെ ചില പദ്ധതികളുടെ 40 ശതമാനം ചെലവ് സംസ്ഥാന സര്‍ക്കാറാണ് വഹിക്കേണ്ടത്. പണമില്ലാത്തതിനാല്‍ പദ്ധതിയോടുതുതന്നെ കേരളം പുറം തിരിഞ്ഞു നില്‍ക്കുകയാണ്. അദ്ദേഹം പറഞ്ഞു.
സമുദ്രം ഭാരതീയരുടെ നിത്യജീവിതത്തിന്റെ ഭാഗമാണെന്നും സമുദ്രവന്ദനം ജീവിതത്തിന്റെ ഭാഗമാക്കിയത് അതുകൊണ്ടാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിക്കുന്നത് സമുദ്രമേഖലയാണ്. തീരമേഖല ദേശവിരുദ്ധ ശക്തികളുടെ താവളമാകുന്നത് കാണാതെ പോകരുത്, രമേശ് പറഞ്ഞു.
ജന്മഭൂമി എഡിറ്റര്‍ കെ എന്‍ ആര് നമ്പൂതിരി നിലവിളക്ക് കൊളുത്തി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. തീരദേശ മേഖലയിലെ ജീവിതത്തെ നേര്‍ക്കുനേര്‍ കാണാനുള്ള സൗമനസ്യം ആരും കാണിക്കുന്നില്ല. എന്നാല്‍ ആ മേഖലയിലെ ജനങ്ങള്‍ക്കൊപ്പം നടന്ന ചരിത്രമാണ് ജന്മഭൂമിയുടേത്. മാറാടു മുതല്‍ മുനമ്പം വരെ നിരവധി സംഭവങ്ങളില്‍ ജന്മഭൂമി അത് തെളിയിച്ചതുമാണ്. കെ എന്‍ ആര് പറഞ്ഞു.
എന്‍എഫ്ഡിബി ഗവേണിംഗ് ബോര്‍ഡ് അംഗം എന്‍ പി രാധാകൃഷ്ണന് മോഡറേറ്റര്‍ ആയിരുന്നു. കെ രജനീഷ് കുമാര്‍ സ്വാഗതവും സി വി അനീഷ് നന്ദിയും പറഞ്ഞു. ഷൈനി മാറാടിന്റെ പ്രാര്‍ത്ഥനയോടെയാണ് പരിപാടി തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: