കോട്ടയം: ശബരിമലയിലെ ആചാരനുഷ്ഠാനങ്ങള്‍ സംരക്ഷിക്കേണ്ടതും സുഗമമായ തീര്‍ത്ഥാടനം ഒരുക്കേണ്ടതും ദേവസ്വം ബോര്‍ഡിന്റെ കര്‍ത്തവ്യമാണെന്ന് ഗുരുസ്വാമി സംഗമത്തില്‍ അയ്യപ്പസേവാ സമാജം പ്രമേയം.
പ്രതിദിനം 80000 പേര്‍ക്കേ ദര്‍ശനാനുവാദം നല്‍കുവെന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് അഡ്വ. അജയന് ചെറുവള്ളി അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു. ക്ഷേത്രത്തിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കുക, പതിനെട്ടാംപടിക്ക് മുകളിലെ ക്യൂ ഒഴിവാക്കുക തുടങ്ങി 24 ഇന നിര്‍ദേശങ്ങളാണ് പ്രമേയത്തില്‍. പൂങ്കാവനം പുണ്യഭൂമിയായി സംരക്ഷിക്കാന്‍ ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് തിരുനക്കരസ്വാമിയാര് മഠത്തില്‍ ഗുരുസ്വാമി സംഗമം ഉദ്ഘാടനം ചെയ്ത് അയ്യപ്പസേവാസമാജം മാര്‍ഗദര്‍ശി എ.ആര്. മോഹനന് പറഞ്ഞു.
ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക്കും പൂങ്കാവനത്തില്‍ നിക്ഷേപിക്കരുത്. കഴിഞ്ഞവര്‍ഷം 261 ടണ്‍ മാലിന്യം പൂങ്കാവനത്തിലുണ്ടായി. പ്ലാസ്റ്റിക് ഇരുമുടിക്കെട്ടില്‍ ഉള്‍പ്പെട്ടാല്‍, അവ വീട്ടില്‍ കൊണ്ടുവന്ന് സംസ്കരിക്കണം. പമ്പയില്‍ തുണികളും മറ്റും വലിച്ചെറിയരുത്.
മുന്‍ മാളികപ്പുറം മേല്‍ശാന്തി പുതുമന മനു നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ അഷ്ടദ്രവ്യ ഗണപതിഹോമത്തോടെയാണ് സംഗമം ആരംഭിച്ചത്. തന്ത്രി കണ്ഠര് മോഹനര് ഭദ്രദീപം കൊളുത്തി. അയ്യപ്പസേവാ സമാജം സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് അധ്യക്ഷനായി. സ്വാമി സത്സ്വരൂപാനന്ദ സരസ്വതി (എരുമേലി ആത്മബോധിനി ആശ്രമം) മുഖ്യപ്രഭാഷണം നടത്തി. പന്തളം കൊട്ടാരം പ്രതിനിധി നാരായണ വര്‍മ്മ, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് അഡ്വ. ജി. രാമന് നായര്‍, അയ്യപ്പ സേവാ സമാജം ദേശീയ ജനറല്‍ സെക്രട്ടറി ഈറോഡ് രാജന്, ജില്ലാ പ്രസിഡന്റ് രാജ്മോഹന്‍ കൈതാരം, ജില്ലാ സെക്രട്ടറി ടി.സി. വിജയചന്ദ്രന്‍, ഹിന്ദു ഐക്യവേദി വക്താവ് ഇ.എസ്. ബിജു തുടങ്ങിയവര്‍ പ്രസംഗിച്ചു.
നിയുക്ത ശബരിമല മേല്‍ശാന്തി അരുണ്‍ നമ്പൂതിരി, ശബരിമല, മാളികപ്പുറം മുന്മേല്ശാന്തിമാര് വിവിധ ജില്ലകളില്‍ നിന്നെത്തിയ ഗുരു സ്വാമിമാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ശബരിമല അന്നും ഇന്നും എന്ന അയ്യപ്പ സഭയില്‍ ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി മുരളി കോളങ്ങാട്ട് അധ്യക്ഷത വഹിച്ചു. സ്വാമി അയ്യപ്പദാസ് വിഷയം അവതരിപ്പിച്ചു. അയ്യപ്പ സേവാസമാജം സ്ഥാപക ട്രസ്റ്റി വി.കെ. വിശ്വനാഥന് സമാപന സന്ദേശം നല്കി. ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്. നമ്പൂതിരി, തൃക്കൈക്കാട്ട് സ്വാമിയാര് മഠം പ്രസിഡന്റ് സി.പി. മധുസൂദനന്, അയ്യപ്പസേവാ സമാജം സംസ്ഥാന ജോയിന്റ് സെക്രട്ടറി ജയന് ചെറുവള്ളി, ആര്‍എസ്എസ് കോട്ടയം ജില്ലാ സംഘചാലക് എ. കേരളവര്‍മ്മ, സ്വാഗതസംഘം ചെയര്മാന് ഡോ. വിനോദ് വിശ്വനാഥ്, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ എന്‍. രാജഗോപാല്‍, ശ്രീകുമാര്‍, പി.എസ് ബിനുകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: