സാമ്പത്തിക സ്ഥിരത, മനുഷ്യ മൂലധന വികസനം, വര്‍ധിച്ച തൊഴില്‍ പങ്കാളിത്തം, സാമ്പത്തിക നയങ്ങള്‍ക്കുള്ള പിന്തുണ തുടങ്ങിയ നിരവധി പ്രധാന കാരണങ്ങളാല്‍, രാഷ്ട്രനിര്‍മാണത്തിന്, പ്രത്യേകിച്ച് തൊഴിലാളികളെ സംബന്ധിച്ചിടത്തോളം, സാമൂഹ്യ സുരക്ഷ അനിവാര്യമാണെന്നതില്‍ സംശയമില്ല. തൊഴിലില്ലായ്മ, രോഗം, അല്ലെങ്കില്‍ വിരമിക്കല്‍ തുടങ്ങിയ ആകസ്മിക തൊഴില്‍ സാഹചര്യങ്ങളില്‍ സാമ്പത്തിക സഹായം നല്‍കുന്നതിലൂടെ, ഉപഭോക്തൃ ചെലവുകള്‍ നിലനിര്‍ത്താനും സമ്പദ് വ്യവസ്ഥയെ സുസ്ഥിരമാക്കാനും വളര്‍ച്ച പ്രോത്സാഹിപ്പിക്കാനും സാമൂഹ്യസുരക്ഷ സഹായിക്കുന്നു. വിശ്വസനീയമായ സുരക്ഷാവലയം വ്യക്തികളെ തൊഴില്‍ വിപണിയില്‍ പ്രവേശിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ സുസ്ഥിര വികസനം ലക്ഷ്യമിട്ടുള്ള വിശാലമായ സാമ്പത്തിക നയങ്ങള്‍ പിന്തുണയ്ക്കപ്പെടുന്നു.
തൊഴില്‍ നിയമങ്ങളുടെ ക്രോഡീകരണം, പ്രധാനമന്ത്രി ശ്രം യോഗി മാന്‍-ധന് യോജന (ജങടഥങ), ദേശീയ പെന്ഷന് പദ്ധതി-വ്യാപാരി പദ്ധതി തുടങ്ങിയ സുപ്രധാന നയ തീരുമാനങ്ങളും നടപടികളും കേന്ദ്ര തൊഴില്‍ മന്ത്രാലയം നടപ്പാക്കിയിട്ടുണ്ട്. തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ സുതാര്യതയും ഉത്തരവാദിത്തവും കൊണ്ടുവരുന്നതിനും ചട്ടങ്ങള്‍ പാലിക്കുന്നത് ലഘൂകരിക്കുന്നതിനുമായി ഏകീകൃത വെബ് പോര്‍ട്ടലായ ‘ശ്രം സുവിധ പോര്‍ട്ടലി’നും മന്ത്രായലം തുടക്കം കുറിച്ചു. കരിയര്‍ കൗണ്‍സിലിങ്, തൊഴിലധിഷ്ഠിത മാര്‍ഗനിര്‍ദേശം, നൈപുണ്യവികസന കോഴ്സുകളെക്കുറിച്ചുള്ള വിവരങ്ങള്‍,
അപ്രന്റീസ്ഷിപ്പ്, ഇന്റേണ്‍ഷിപ്പ് മുതലായ തൊഴില്‍ സംബന്ധിച്ച വിവിധ സേവനങ്ങള്‍ നല്‍കുന്നതിന് നാഷണല്‍ കരിയര്‍ സര്‍വീസ് (എന്‍സിഎസ്) പോര്‍ട്ടലും ആരംഭിച്ചു. അസംഘടിത തൊഴിലാളികളുടെ ദേശീയ ഡേറ്റാബേസ് സൃഷ്ടിക്കുന്നതിനു
ള്ള ‘ഇ-ശ്രം’ പോര്‍ട്ടലിന്റെ വികസനം, തൊഴിലവസരം പരമാവധി മനസിലാക്കുന്നതിനും സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ നേട്ടങ്ങള്‍ വിപുലീകരിക്കുന്നതിനും തൊഴിലാളികള്‍ക്കു പ്രയോജനപ്പെടുത്തുന്നതിനുമായി ആധാറുമായി ബന്ധിപ്പിച്ചു. കോവിഡ് ബാധിച്ച് മരണമടഞ്ഞ, ഇന്‍ഷ്വര്‍ ചെയ്ത വ്യക്തികളുടെ (ഐപി) കുടുംബങ്ങള്‍ക്ക് സഹായം നല്‍കുന്നതിനുള്ള ഇഎസ്ഐസി കോവിഡ്-19 പദ്ധതി, പ്രസവാനുകൂല്യത്തിന്റെ തോത് വര്‍ധിപ്പിക്കല്‍, ഇഎസ്ഐസി സംഭാവനകളുടെ നിരക്ക് കുറയ്ക്കല്‍ എന്നിവയ്ക്കും ഇതു സഹായകമാകും.
തൊഴില്‍-ഉദ്യോഗ മന്ത്രാലയത്തിന് കീഴിലുള്ള എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന്, നമ്മുടെ രാജ്യത്തെ തൊഴിലാളികള്‍ക്ക് സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ മുന്‍പന്തിയിലാണ്. വൈവിധ്യമാര്‍ന്ന ആനുകൂല്യ പദ്ധതികളിലൂടെ കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി രാജ്യത്തെ തൊഴിലാളികള്‍ക്കു പ്രയോജനം ലഭിച്ചിട്ടുണ്ട്. ശ്രമയോഗി കുടുംബങ്ങളുടെ ആരോഗ്യവും സാമൂഹ്യ സുരക്ഷയും പരിപാലിക്കുന്ന ഇഎസ്ഐ കോര്പ്പറേഷന് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ചരിത്രപരമായ പുരോഗതി കൈവരിച്ചു. ഇക്കാലയളവില്‍, ഇഎസ്ഐ സേവനങ്ങള്‍ 393ല്‍നിന്ന് 674 ജില്ലകളിലേക്ക് വിപുലീകരിച്ചു. ഇതിലൂടെ ആരോഗ്യ സുരക്ഷയുടെ പ്രയോജനം ഇന്ന് 3.72 കോടി തൊഴിലാളി കുടുംബങ്ങളിലെത്തുന്നു. 2014ല്‍ ഇത് 1.95 കോടി മാത്രമായിരുന്നു. ഇന്ന് മൊത്തം ഗുണഭോക്താക്കളുടെ എണ്ണം 2014 ലെ 7.58 കോടിയില്‍നിന്ന് 2024ല്‍ 14.43 കോടിയായി ഉയര്‍ന്നു.
രാജ്യത്തെ തൊഴിലാളികളുടെ സാമൂഹ്യസുരക്ഷയും ആരോഗ്യ അടിസ്ഥാനസൗകര്യങ്ങളും സമഗ്രമായി ശക്തിപ്പെടുത്തുന്നതിനുള്ള ചുവടുവയ്പായി, കേന്ദ്ര സര്‍ക്കാര്‍ ഇഎസ്ഐ കളിലെമ്പാടുമായി 12,855 കോടി രൂപയുടെ നിരവധി ആരോഗ്യ അടിസ്ഥാനസൗകര്യ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു. നിരവധി ആരോഗ്യപരിപാടികള്ക്കു തുടക്കം കുറിച്ചു. കേന്ദ്ര തൊഴില്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ആയുഷ് മന്ത്രാലയം, രാസവസ്തു-രാസവള മന്ത്രാലയത്തിന്റെ ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പ് എന്നിവയ്ക്കു കീഴിലാണ് പരിപാടികള്‍ നടപ്പാക്കുന്നത്.
ഈ പദ്ധതികളുടെ ഭാഗമായി, മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 300 കിടക്കകളുള്ള ഇഎസ്ഐസി ആശുപത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി വെര്‍ച്വലായി ഉദ്ഘാടനം ചെയ്തു. അത് 500 കിടക്കകളാക്കി ഉയര്‍ത്താന്‍ കഴിയും. ഇന്‍ഷ്വര്‍ ചെയ്ത ഏകദേശം 14 ലക്ഷം വ്യക്തികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുമെന്നു പ്രതീക്ഷിക്കുന്നു. കൂടാതെ, 1030 കിടക്കകളുള്ള 6 ഇഎസ്ഐ ആശുപത്രി പദ്ധതികള്‍ക്കും അദ്ദേഹം തറക്കല്ലിട്ടു. ബൊമ്മസാന്ദ്ര (കര്‍ണാടക), നര്‍സാപുര (കര്‍ണാടക), പിതാംപുര്‍ (മധ്യപ്രദേശ്), മീററ്റ് (ഉത്തര്‍പ്രദേശ്), അച്യുതപുരം (ആന്ധ്രപ്രദേശ്), ഫരീദാബാദ് (ഹരിയാന) എന്നിവിടങ്ങളിലാണ് ഈ ആശുപത്രികള്‍. ഇന്‍ഷ്വര്‍ ചെയ്ത ഏകദേശം 41 ലക്ഷം വ്യക്തികളുടെയും ഗുണഭോക്താക്കളുടെയും ചികിത്സാ ആവശ്യങ്ങള്‍ നിറവേറ്റാനാണ് ഈ സംരംഭം. ഈ പദ്ധതികള്‍ക്കായുള്ള മൊത്തം നിക്ഷേപം 1641 കോടി രൂപയാണ്.
എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് (ഇഎസ്ഐസി) ആശുപത്രികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഭാരതത്തിലെ തൊഴിലാളികള്‍ക്ക് ആരോഗ്യ പരിരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ്. പുതിയ ആശുപത്രികള്‍ സ്ഥാപിക്കുന്നതിലൂടെ, ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷാ സേവനങ്ങളുടെ ലഭ്യത മെച്ചപ്പെടുത്താന്‍ കേന്ദ്രം ലക്ഷ്യമിടുന്നു; പ്രത്യേകിച്ച് വ്യാവസായിക-അര്‍ധനഗര പ്രദേശങ്ങളില്‍. ഔട്ട് പേഷ്യന്റ് പരിചരണം, കിടത്തിചികിത്സാ സേവനങ്ങള്‍, അടിയന്തിര പരിചരണം, പ്രത്യേക ചികിത്സകള്‍ എന്നിവയുള്‍പ്പെടെ നിരവധി സേവനങ്ങള്‍ ഈ ആശുപത്രികള്‍ വാഗ്ദാനം ചെയ്യുന്നു. ഗുണനിലവാരത്തിലുള്ള ഈ ശ്രദ്ധ തൊഴിലാളികള്‍ക്ക് സമയബന്ധിതവും ഫലപ്രദവുമായ വൈദ്യസഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. ഇത് ആരോഗ്യകരമായ തൊഴില്‍ശക്തി നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു.
ഇഎസ്ഐസി ആശുപത്രികള്‍ സ്ഥാപിക്കുന്നതിന് മുന്‍ഗണന നല്‍കുന്നതിലൂടെയും ഈ സാമൂഹിക സുരക്ഷാ പരിപാടികള്‍ രാഷ്ട്രനിര്‍മാണത്തില്‍ പ്രധാന പങ്ക് വഹിക്കുന്നു. തൊഴിലാളികളുടെ ക്ഷേമത്തിനും രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക ആരോഗ്യത്തിനുമുള്ള പ്രതിജ്ഞാബദ്ധതയാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിലൂടെ പ്രതിഫലിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: