തിരുവനന്തപുരം: കടം വാങ്ങി ധൂര്‍ത്തടിച്ച് കേരളത്തെ കടക്കെണിയില്‍പ്പെടുത്തുന്ന പിണറായി വിജയന് സര്‍ക്കാരിന് കേന്ദ്രത്തിന്റ കത്രികപ്പൂട്ട്. കേരളത്തിന് ഇനി കടമെടുക്കണമെങ്കില്‍ സിഎജിയുടെ ഫിനാന്‍സ് അക്കൗണ്ട്സ് റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിബന്ധന.
ജൂലൈയില്‍ തയാറായ റിപ്പോര്‍ട്ടില്‍ സിഎജി ഇനിയും ഒപ്പിട്ടിട്ടില്ല. സംസ്ഥാനത്തെ അക്കൗണ്ടന്റ് ജനറല്‍ തയാറാക്കുന്ന റിപ്പോര്‍ട്ടില്‍ ഒപ്പുവയ്ക്കേണ്ടത് സിഎജിയാണ്. എജി തയാറാക്കുന്ന കരടു റിപ്പോര്‍ട്ട് സംസ്ഥാനത്തിനു നല്‍കും. ഇതില്‍ സംസ്ഥാനം അഭിപ്രായമറിയിച്ച് സിഎജിക്ക് അയയ്ക്കണം. സിഎജി ഒപ്പിടുമ്പോള്‍ റിപ്പോര്‍ട്ട് അന്തിമമാകും. ഇതാണ് നിയമസഭയില്‍ വയ്ക്കേണ്ടത്. ജൂലൈയില്‍ സംസ്ഥാനത്തിന് കരടു റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതു സംസ്ഥാനം അഭിപ്രായങ്ങളൊന്നും രേഖപ്പെടുത്താതെ അംഗീകരിച്ച് സിഎജിക്ക് അയയ്ക്കുകയായിരുന്നു. അഭിപ്രായം രേഖപ്പെടുത്താത്ത റിപ്പോര്‍ട്ടില്‍ സിഎജി ഇതുവരെ ഒപ്പിട്ടിട്ടില്ല.
റിപ്പോര്‍ട്ട് കിട്ടാത്തതിനാല്‍ കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ വയ്ക്കാനായില്ല. ഇനി കിട്ടിയാല്‍ത്തന്നെ നിയമസഭയില്‍ വയ്ക്കണമെങ്കില്‍ പ്രത്യേക സമ്മേളനം ചേരേണ്ടി വരും. അതല്ലെങ്കില്‍ അടുത്ത സമ്മേളനം വരെ കാത്തിരിക്കണം. അതുവരെ കടമെടുക്കാന്‍ അനുവാദം കിട്ടുകയുമില്ല. ഇതുവരെ അനുവദിച്ച കടം മുഴുവന്‍ കേരളം എടുത്തു കഴിഞ്ഞു. നവംബറില്‍ ശമ്പളവും പെന്‍ഷനും നല്‍കുന്നതോടെ ട്രഷറി ഓവര്‍ ഡ്രാഫ്റ്റിലായേക്കുമെന്ന കടുത്ത പ്രതിസന്ധിയെ നേരിടുകയാണ് സംസ്ഥാന ധനവകുപ്പ്. സംസ്ഥാനത്ത് ആദ്യമായാണ് ഇങ്ങനെയൊരു പ്രതിസന്ധി.
ട്രഷറി, പിഎഫ് നിക്ഷേപങ്ങള്‍ അടങ്ങുന്ന പബ്ലിക് അക്കൗണ്ടിന്റെ വളര്‍ച്ച കൂടി കണക്കിലെടുത്താണ് സംസ്ഥാനത്തിന്റെ കടമെടുപ്പിന് കേന്ദ്രം പരിധി നിശ്ചയിക്കുന്നത്. നിലവില്‍ 12,000 കോടി പ്രതീക്ഷിച്ചാണ് കേന്ദ്രം വായ്പ പരിധി നിശ്ചയിച്ചത്. എന്നാലിത് യഥാര്‍ഥത്തില്‍ 296 കോടിയേയുള്ളെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ട്.
പബ്ലിക് അക്കൗണ്ടില്‍ പ്രതീക്ഷിച്ച വളര്‍ച്ചയില്ലാത്തതിനാല്‍ ഈ വര്‍ഷം 11,500 കോടി കൂടി കടമെടുക്കാന്‍ അര്‍ഹതയുണ്ടെന്നു കാണിച്ച് കേരളം കേന്ദ്രത്തിന് അപേക്ഷനല്കിയിട്ടുണ്ട്. ഈ അപേക്ഷ പരിഗണിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിബന്ധന മുന്നോട്ടുവച്ചത്. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാകുന്ന കേരളത്തില്‍ ഇനി കടമെടുക്കാതെ മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്നതാണ് അവസ്ഥ. ഈ സാഹചര്യത്തില്‍ ഇനി എന്തു ചെയ്യണമെന്നറിയാതെ തല പുകയ്ക്കുകയാണ് സംസ്ഥാന ധനകാര്യവകുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: