ടെല്‍ അവീവ് : ഇറാന് ആണവശേഷി കൈവരിക്കാന്‍ അനുവദിക്കില്ലെന്നതാണ് ഇസ്രയേലിന്റെ മുഖ്യലക്ഷ്യമെന്നും അതില്‍ മാറ്റമൊന്നുമില്ലെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍ സൈന്യത്തിലെ പുതിയ ബാച്ചിന്റെ ബിരുദദാനച്ചടങ്ങിലാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഈ വിശദീകരണം. ഇതോടെ ഇറാന്റെ ആണവകേന്ദ്രങ്ങളെക്കൂടി ഇസ്രയേല്‍ അടുത്തഘട്ടത്തില്‍ ആക്രമിച്ചേക്കുമോ എന്ന ഭയം ഇറാനില്‍ പ്രകടനമായിരിക്കുകയാണ്.
എന്തുവിലകൊടുത്തും ഇറാന് ആണവശേഷി നേടുന്നതില്‍ നിന്നും തടയും. മാത്രമല്ല, മുമ്പെന്നെത്തേക്കാളും ഇറാനെ ഏത് ഭാഗത്ത് വേണമെങ്കിലും ആക്രമിക്കാനുള്ള ശേഷി ഇസ്രയേലിനുണ്ട്. – ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇസ്രയേലിനെ ഇറാന് തിരിച്ചാക്രമിക്കും എന്ന ആയത്തൊള്ള ഖമനേയിയുടെ പ്രഖ്യാപനത്തെ ഇല്ലായ്മ ചെയ്യുകയാണോ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലക്ഷ്യം എന്നും സംശയിക്കപ്പെടുന്നു.
ഇസ്രയേലിന്റെ ശക്തിയും ഒക്ടോബര്‍ 27ന് ഇറാന് മേല്‍ നടത്തിയ പ്രഹരത്തിന്റെ
കാഠിന്യവും മറച്ചുവെയ്ക്കാന്‍ ഇനി ഇറാനാവില്ലെന്നും ബെഞ്ചമിന്‍ നെതന്യാഹു പറയുന്നു.
ഇറാന്റെ പക്കല്‍ ആണവായുധമുണ്ടോ?
ഇക്കാര്യത്തില്‍ ലോകത്തിന് ഇനിയും വ്യക്തത വന്നിട്ടില്ല. വാസ്തവത്തില്‍ ആണവായുധങ്ങളുടെ കാര്യം ഇറാന് മറച്ചുവെയ്ക്കുകയാണ്. ശത്രു അയല്‍ രാജ്യങ്ങളുടെ കയ്യില്‍ ആണവശേഷി ലഭിക്കുന്നത് ഇസ്രയേലിന് ആശങ്കയുള്ള കാര്യമാണ്. കാരണം ചെറിയ രാജ്യമായതിനാല്‍ ഒരൊറ്റ ആണവാക്രമണം മതി ഇസ്രയേലിനെ മുച്ചൂടും നശിപ്പിക്കാന്‍. ദശകങ്ങളായി ആണവശേഷി കൈവരിക്കാന്‍ ശ്രമിക്കുകയാണ് ഇറാന്. ഇതിന് തടയിടാന്‍ ഒളിഞ്ഞും തെളിഞ്ഞും ഇസ്രയേല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.
മുമ്പൊക്കെ ഇറാന് നേരെ വ്യോമാക്രമണം മാത്രമാണ് ഇസ്രയേല്‍ നടത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ വ്യോമാക്രമണത്തിനൊപ്പം സൈബര്‍ ആക്രമണങ്ങളും ചാരപ്രവര്‍ത്തനങ്ങളും ആണവ പദ്ധതികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ വധിക്കലും തുടങ്ങി വ്യാപകമായ ആക്രമണങ്ങളാണ് ഇറാന് നടത്തുന്നത്.
സ്ട്രക്സ്നെറ്റ് എന്ന് വൈറസ്; നശിപ്പിച്ചത് ആയിരം യൂറേനിയം സമ്പുഷ്ടീകരണയൂണിറ്റുകള്
ഇറാന്റെ ആണവപദ്ധതികള്‍ പലവിധ കേന്ദ്രങ്ങളിലും അതീവരഹസ്യമായി നടന്നുവരികയാണെന്നതിനാല് ഒറ്റയടിക്ക് നശിപ്പിക്കുക എളുപ്പവുമല്ല. സ്ട്രക്സ്നെറ്റ് എന്ന വൈറസിനെ 2010ല്‍ ആണ് ഇസ്രയേല്‍ വികസിപ്പിച്ചെടുത്തത്. ഇതിന് പിന്നില്‍ അമേരിക്കയുടെ സഹായവും ഉണ്ട്. ഇറാന്റെ ആണവപരീക്ഷണകേന്ദ്രമായ നടാന്‍സ് ആണവകേന്ദ്രത്തിലെ കംപ്യൂട്ടര്‍ ശൃംഖലകളിലാണ് ഈ വൈറസ് അതിക്രമിച്ച് കയറിയത്. ഒട്ടേറെ സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തുകയും നശിപ്പിക്കുകയും ചെയ്തു. യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള ആയിരത്തോളം യൂണിറ്റുകളാണ് ഈ വൈറസ് നശിപ്പിച്ചത്. ആണവായുധം വികസിപ്പിക്കുന്നതില്‍ സുപ്രധാന ഇനമായ യുറേനിയത്തിന്റെ സമ്പൂഷ്ടീകരിണത്തെ നശിപ്പിക്കുകയാണ് ഈ വൈറസ് ചെയ്യുന്നത്. ഇതുപോലെ എത്രയോ തവണ ഇറാന്റെ ആണവായുധം വികസിപ്പിക്കാനുള്ള പദ്ധതികളെ ഇസ്രയേല്‍ നശിപ്പിച്ചിട്ടുണ്ട്. ജോര്‍ജ്ജ് ബുഷിന്റെ കാലത്ത് ആരംഭിക്കുകയും പിന്നീട് ഒബാമ ഭരണകാലത്ത് തുടരുകയും ചെയ്ത ഒളിമ്പിക് ഗെയിംസ് എന്ന പേരിലുള്ള സൈബര്‍ ആക്രമണവും ആണവശേഷി കൈവരിക്കാനുള്ള ഇറാന്റെ ശ്രമങ്ങളെ വല്ലാതെ പിറകോട്ടടിപ്പിച്ചിരുന്നു. ഇത്തരം ആധുനിക സൈബര്‍ ആയുധങ്ങള്‍ വികസിപ്പിക്കാനുള്ള ശേഷി ഇസ്രയേലിന് മാത്രമേ ഉള്ളൂവെന്നും ഇറാന് പറയുന്നു.
മൊഹ്സെന്‍ ഫക്രിസാദെയുടെ വധം
2020ല്‍ മൊഹസെന്‍ ഫക്രിസാദെ എന്ന ഇറാന്റെ പ്രമുഖ ആണവശാസ്ത്രജ്ഞന്‍ വധിക്കപ്പെട്ടിരുന്നു. ഇറാന്റെ ആണവായുധം വികസിപ്പിക്കാനുള്ള പദ്ധതിയുടെ ശില്പിയായി അറിയപ്പെടുന്ന വ്യക്തിയാണ് മൊഹ്സെന്‍ ഫക്രിസാദെ. ഇയാളുടെ മരണത്തിന് പിന്നില്‍ ഇസ്രയേല്‍ ചാരസംഘടനയായ മൊസ്സാദിന്റെ കൈകളുണ്ടെന്ന് പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: