പത്തനംതിട്ട: ഓഹരികളില്‍ നിക്ഷേപിക്കുന്നതിന് ദീപാവലി ദിനത്തില്‍ ശുഭകരമായി കണക്കാക്കുന്ന മുഹൂര്‍ത്ത വ്യാപാരം ഇന്ന്. സ്റ്റോക്ക് എക്സ്ചേഞ്ച് എല്ലാ വര്‍ഷവും മുഹൂര്‍ത്ത വ്യാപാരത്തിന്റെ സമയം നിക്ഷേപകരെ അറിയിക്കാറുണ്ട്. എന്‍എസ്ഇ (നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച്), ബിഎസ്ഇ (ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്) എന്നീ എക്സ്ചേഞ്ചുകളില്‍ പരിമിതമായ സമയത്തിലാണ് മുഹൂര്‍ത്ത വ്യാപാരം.
സംവത് 2081 വര്‍ഷത്തിന്റെ തുടക്കമായും ഇന്നത്തെ ദിനം ആഘോഷിക്കും. സംവത് ആരംഭദിനം കൂടിയായ ഇന്ന് ഓഹരി വാങ്ങുന്നത് ഈ വര്‍ഷം മുഴുവനും ഐശ്വര്യവും സമൃദ്ധിയും നല്‍കുമെന്ന് വിശ്വസിക്കുന്നു. മുഹൂര്‍ത്ത വ്യാപാരം നടക്കുന്ന ഒരു മണിക്കൂര്‍ വ്യാപാരം നടത്തുന്ന ആളുകള്‍ക്ക് വര്‍ഷം മുഴുവനും സമ്പത്തും സമൃദ്ധിയും നേടാനുള്ള മികച്ച അവസരങ്ങള്‍ ലഭിക്കുമെന്നാണ് കാലങ്ങളായുള്ള വിശ്വാസം. ദീപാവലി ദിനത്തിലെ സായാഹ്നത്തിലാണ് ഇത് സാധരണയായി സംഘടിപ്പിക്കാറുള്ളത്. പല ആളുകളും ലക്ഷ്മി ദേവിയുടെ അടയാളമായിക്കണ്ട് ഓഹരി വാങ്ങുകയും ചെയ്യാറുണ്ട്.
ഈ വര്‍ഷം മുഹൂര്‍ത്ത വ്യാപാരം നവംബര്‍ ഒന്നിനാണ്. പ്രീമാര്‍ക്കറ്റ് ഇന്ന് വൈകുന്നേരം 5.45 ന് ആരംഭിക്കും. സാധാരണ മാര്‍ക്കറ്റ് തുടങ്ങുന്നത് ആറു മുതല്‍ ഏഴു വരെയാണ്.
മിക്ക നിക്ഷേപകരും വ്യാപാരികളും ഈ ദിവസത്തിന്റെ ഐശ്വര്യമുള്ള ദിനം എന്ന ട്രെന്‍ഡ് പൊതുവെ നിലനില്‍ക്കുന്നതിനാല്‍ ഓഹരികള്‍ വാങ്ങുകയും അല്ലെങ്കില്‍ വില്‍ക്കുകയും ചെയ്യുന്നതിനാല്‍ വ്യാപാരത്തിന്റെ തോത് ഉയര്‍ന്നു നില്ക്കും.
വിപണികളില്‍ വിദേശ നിക്ഷേപകര്‍ നിക്ഷേപം പിന്വലിക്കുന്നതിനാലും ഇസ്രായേല്‍ – ഇറാന് യുദ്ധഭീതി കൊണ്ടും മറ്റും രൂപപ്പെട്ട നെഗറ്റീവ് ട്രെന്‍ഡ് കൊണ്ട് വലിയ നഷ്ടം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ ഈ വര്‍ഷത്തെ മുഹൂര്‍ത്ത വ്യാപാരം പ്രതീക്ഷയോടെയാണ് നിക്ഷേപകര്‍ കാണുന്നത്. കഴിഞ്ഞ വര്‍ഷം മുഹൂര്‍ത്ത വ്യാപാര ദിനത്തില്‍ നിഫ്റ്റി 100 പോയിന്റും സെന്‍സെക്സ് 354 പോയിന്റും ഉയര്‍ന്നിരുന്നു. ഇന്ന് ആ നേട്ടം ആവര്‍ത്തിക്കുമോ എന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: