കണ്ണൂര്‍: പാനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുളിയാത്തോടില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിയുടെ ഗുരുതര വെളിപ്പെടുത്തല്‍. സ്‌ഫോടനത്തില്‍ കൈപ്പത്തി നഷ്ടപ്പെട്ട മുളിയാത്തോട് വലിയപറമ്പത്ത് വിനീഷാണ് ബോംബ് നിര്‍മിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകരെ അക്രമിക്കാനാണെന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്.
ബോംബ് നിര്‍മിച്ചതില്‍ മരണം വരെ കുറ്റബോധം ഇല്ലെന്നും വിനീഷ് ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ വെളിപ്പെടുത്തി. ഈ വര്‍ഷം ഏപ്രില്‍ അഞ്ചിന് അര്‍ധരാത്രിയിലായിരുന്നു വിനീഷിന്റെ വീടിന് സമീപത്തെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ടെറസില്‍ ബോംബ്
നിര്‍മിക്കുന്നതിനിടെ സ്‌ഫോടനം ഉണ്ടായത്. കൈവേലിക്കല്‍ സ്വദേശി ഷെറില്‍ (31) സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ മരിച്ച ഷെറിനും പരിക്കേറ്റ വിനീഷിനും പുറമെ സിപിഎം പ്രവര്‍ത്തകരായ വിനോദ്, അക്ഷയ് എന്നിവര്‍ക്കും സ്‌ഫോടനത്തില്‍ പരിക്കേറ്റു.
ചെണ്ടയാട് സ്വദേശി മനോഹരന്‍ മുളിയാത്തോട് പുതുതായി നിര്‍മിച്ച കുവ്വക്കുന്നുമ്മല്‍ പറമ്പില്‍ പണിതീരാത്ത വീടിന്റെ ടെറസിലാണ് സ്‌ഫോടനം നടന്നത്. വിനീഷ് അടുത്തകാലത്താണ് ഈ വീടിന്റ സമീപത്ത് താമസമാരംഭിച്ചത്. വിനീഷും ഷെറിലും നിരവധി കേസുകളില്‍ പ്രതിയാണ്. സിപിഎം നേതാവ് വലിയപറമ്പത്ത് നാണുവിന്റെ മകനാണ് നിരവധി കേസുകളില്‍ പ്രതിയായ പരിക്കേറ്റ വിനീഷ്. മൂന്ന് ഡിവൈഎഫ്‌ഐ യൂണിറ്റ് ഭാരവാഹികളടക്കം 13 സിപിഎം പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. മരിച്ച ഷെറിന്‍ അടക്കം കേസില്‍ ആകെ 15 പ്രതികളാണുള്ളത്.
തുടക്കത്തില്‍ത്തന്നെ കേസില്‍ പോലീസിന് മൃദുസമീപനമായിരുന്നു. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ബോംബ് നിര്‍മാണത്തിന് പിന്നിലെന്നും രാഷ്‌ട്രീയ ലക്ഷ്യങ്ങളില്ലെന്നുമാണ് പ്രതികള്‍ മൊഴി നല്‍കിയതെന്നായിരുന്നു പോലീസ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഒന്നാം പ്രതി ഗുരുതര വെളിപ്പെടുത്തല്‍ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക