കൊച്ചി: എറണാകുളത്ത് കോടികള്‍ വില മതിക്കുന്ന സ്വകാര്യ ട്രസ്റ്റിന്റെ ഭൂമി തട്ടിയെടുത്ത് ഷോപ്പിങ് കോംപ്ലക്സ് പണിയാന്‍ വഖഫ് ബോര്‍ഡ് നീക്കം. ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളെ കുടിയൊഴിപ്പിക്കാന്‍ വഖഫ് നോട്ടീസ് നല്കി. എറണാകുളം പുല്ലേപ്പടിയില്‍ അബ്ദുള്‍ സത്താര്‍ മൂസാ ഹാജി സേഠിന്റെ കൊച്ചുമകള്‍ ഷംസാദിനെയാണ് കുടിയൊഴിപ്പിക്കാന്‍ നീക്കം. ഇവര്‍ താമസിക്കുന്ന വീടും ഭൂമിയും വഖഫിന്റേതാണെന്നാണ് അവകാശവാദം.
ഷംസാദിന്റെ മുത്തച്ഛന് അബ്ദുള്‍ സത്താര്‍ ഹാജി മൂസ കൊല്ല വര്‍ഷം 1099 കന്നി 25ന് ഒരു ട്രസ്റ്റ് രൂപീകരിച്ചിരുന്നു. കുടുംബത്തിന്റെ ക്ഷേമത്തിനായി കുടുംബാംഗങ്ങള്‍ മാത്രം ഉള്‍പ്പെട്ട ട്രസ്റ്റാണ് രൂപീകരിച്ചത്. കുടുംബത്തിലെ ആണ്-പെണ് അംഗങ്ങള്‍ക്ക് അംഗങ്ങളാകാം. ഏഴു പേരാണ് ഭരണ സമിതിയില്‍ വേണ്ടത്. കുടുംബത്തിലെ പിന്തുടര്‍ച്ചാവകാശികള്‍ക്കല്ലാതെ മറ്റാര്‍ക്കും അംഗങ്ങളാകാനോ ട്രസ്റ്റ് ഭരണ സമിതിയില്‍ വരാനോ പാടില്ല.
മുന്നൂറിലധികം ഏക്കര്‍ ഭൂമിയുണ്ടായിരുന്നു അബ്ദുള്‍ സത്താര്‍ ഹാജി മൂസയ്ക്ക്. 1961ല്‍ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ ഭരണ കാലത്ത് കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമമാണ് എല്ലാം മാറ്റിമറിച്ചത്. 16 ഏക്കര്‍ ഭൂമി വരെയേ ഒരാള്‍ക്ക് കൈവശം വയ്ക്കാന്‍ പാടുള്ളൂവെന്നും ബാക്കിയുള്ളവ സര്‍ക്കാര്‍ കണ്ടുകെട്ടുമെന്നും പറഞ്ഞ് വഖഫിന്റെ കേന്ദ്ര ഓഫിസിലുള്ളവര്‍ അബ്ദുള്‍ സത്താര്‍ ഹാജി മൂസയെ സമീപിച്ചു. പള്ളി അധികാരികളുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഷംസാദിന്റെ ബാപ്പയും ജ്യേഷ്ഠനും ചേര്‍ന്ന് മുത്തച്ഛന്റെ പേരിലുള്ള സ്വത്ത് ട്രസ്റ്റിന് ധര്‍മ്മം എന്ന നിലയില്‍ എഴുതിവയ്ക്കുകയായിരുന്നു. സേവന പ്രവര്‍ത്തനം നടത്തുക എന്നതാണ് ട്രസ്റ്റിന്റെ മുഖ്യലക്ഷ്യം. അതോടൊപ്പം ട്രസ്റ്റിലെ അംഗങ്ങളെ സംരക്ഷിക്കുകയും വേണം. എന്നാല്‍ ട്രസ്റ്റിന്റെ തലപ്പത്ത് കുടുംബത്തില്‍ നിന്നു പുറത്തുള്ളയാള്‍ വരികയും വസ്തുക്കള്‍ ബിനാമി ഇടപാടില്‍ വില്‍ക്കുകയും ചെയ്തു.
ഷംസാദ് ഇപ്പോള്‍ താമസിക്കുന്ന വീടും 108 ഏക്കര്‍ വരുന്ന ഭൂമിയും ദൈവത്തിന് ധര്‍മ്മം നല്‍കിയതില്‍ ഉള്‍പ്പെട്ടതാണെന്ന് വ്യാജ രേഖ ഉണ്ടാക്കി റവന്യൂ രേഖകളില്‍ എഴുതി ചേര്‍ത്തു. ഇതോടെ വഖഫിന്റെ സ്വത്താണെന്ന് അവകാശമുന്നയിച്ച് ബോര്‍ഡ് എത്തി. ഇതിനെതിരേ ഷംസാദ് വഖഫ് അധികാരികളെ സമീപിച്ചെങ്കിലും ആട്ടിപ്പായിക്കുകയായിരുന്നു. ആധാരത്തില്‍ വഖഫ് എന്ന പേരുപോലും പറഞ്ഞിട്ടില്ല. ധര്‍മം നല്കിയ ഭൂമി വഖഫിന്റേതാക്കി മാറ്റിയെന്നും വിട്ട് തരണമെന്നും ആവശ്യപ്പെട്ട് ഷംസാദ് ഹൈക്കോടതിയെ സമീപിച്ചു.
ഷംസാദിന്റെ ഭാഗം കൂടെ കേട്ട ശേഷം തീരുമാനമെടുക്കാന്‍ ഹൈക്കോടതി വഖഫ് ബോര്‍ഡിനോട് നിര്‍ദേശിച്ചു. എന്നാല്‍ ഇതുവരെ ഷംസാദിനെ വഖഫ് ബോര്‍ഡ് വിളിച്ചിട്ടില്ല. കൂടാതെ ഷംസാദ് താമസിക്കുന്ന വീടും 24 സെന്റ് വസ്തുവും ഒഴിയണമെന്നു കാണിച്ച് നോട്ടീസും നല്കി. ഷംസാദ് താമസിക്കുന്ന ഭൂമി പോയിട്ട് ബാക്കിയുള്ള ഭൂമിയില്‍ ഷംസാദിന്റെ കുടുംബക്കാര് നിര്‍മിച്ച വീടുകളുടെ വാടകയും വഖഫ് വാങ്ങുന്നു.
ഷോപ്പിങ് കോംപ്ലക്സ് പണിയണമെന്നാണ് വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ടവര്‍ വാദിക്കുന്നത്. വയോധികയായ ഷംസാദും സഹോദരനുമാണ് വീട്ടില്‍ താമസിക്കുന്നത്. ജീവിതച്ചെലവ് പോലും ട്രസ്റ്റ് നല്‍കുന്നില്ല. എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞു വീഴാവുന്ന വീട്ടിലാണ് ഇവര്‍ കഴിഞ്ഞു കൂടുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: