തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസില്‍ ഇപ്പോള്‍ പുറത്തു വന്നിട്ടുളള വെളിപ്പെടുത്തല്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്.പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പിആര്‍ ഏജന്‍സി ആണ് ആരോപണങ്ങള്‍ക്ക് പിന്നില്‍.
തിരൂര്‍ സതീഷ് ഇപ്പോള്‍ ആര്‍ക്കൊപ്പമാണെന്ന കാര്യം അന്വേഷിക്കണമെന്നും കെ സുരേന്ദ്രന് ആവശ്യപ്പെട്ടു. കേസ് ഇപ്പോള്‍ ചര്‍ച്ചയാക്കുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്.
തേഞ്ഞൊട്ടിയ മുനയൊടിഞ്ഞ ആരോപണങ്ങളുമായി ഇടതു വലതു മുന്നണികള്‍ വന്നതാണ്. പൊലീസ് അന്വേഷിച്ചു കുറ്റപത്രം നല്കിയ കേസ് ആണിത്. ആഭ്യന്തര വകുപ്പ് തന്റെ കൈയില്‍ അല്ലല്ലോ എന്നും കെ സുരേന്ദ്രന് ചൂണ്ടിക്കാട്ടി. ഇപ്പോള്‍ കുഴല്‍പണം എന്ന ആരോപണം ഉന്നയിച്ച ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശനെ അഴിമതി നടത്തിയതുള്‍പ്പെടെ കാര്യങ്ങള്‍ക്ക് രണ്ട് വര്‍ഷം മുമ്പ് പുറത്താക്കിയതാണെന്നും സുരേന്ദ്രന് വെളിപ്പെടുത്തി.
സന്ദീപ് വാര്യര്‍ ബിജെപിയോട് ഉടക്കി നില്ക്കുന്നു എന്ന് റിപ്പോര്‍ട്ടുകളൊക്കെ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ്. സന്ദീപ് ശക്തമായി പ്രവര്‍ത്തിക്കുന്ന ബിജെപി പ്രവര്ത്തകന് ആണ്.
വലിയ ഭരണവിരുദ്ധ വികാരമാണ് സംസ്ഥാനത്തുളളത്. എന്നാല്‍ സര്‍ക്കാരിന് വെല്ലുവിളി ഉയര്‍ത്താന്‍ പ്രതിപക്ഷത്തിനു ഇത് വരെ കഴിഞ്ഞിട്ടില്ല. സര്‍ക്കാരിനെ സഹായിക്കുന്ന പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലുള്ള ഉപജാപക സംഘത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തപ്പെടുന്ന തെരഞ്ഞെടുപ്പാണിതെന്നും കെ സുരേന്ദ്രന് പറഞ്ഞു.
സിപിഎം ബന്ധമുള്ള കണ്ണൂര്‍ കളക്ടറുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുളളത് നവീന്‍ ബാബുവിന്റെ കേസിനെ സാരമായി ബാധിക്കുന്ന ഇടപെടല്‍ ആണ്. കളക്ടര്‍ മുമ്പ് നല്കിയ മൊഴിയില്‍ ഇല്ലാത്ത കാര്യം പ്രത്യേക അന്വേഷണ സംഘത്തിന് മൊഴിയായി നല്കി. മുഖ്യമന്ത്രിയുമായും റവന്യുമന്ത്രിയുമായും ആശയ വിനിമയം നടത്തിയ ശേഷമാണ് മൊഴി മാറ്റിയത്. നീചമായ കാര്യമാണ് കളക്ടര്‍ ചെയ്തതെന്നും കെ സുരേന്ദ്രന് പറഞ്ഞു.
പത്തനംതിട്ടയിലെ സിപിഎം നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പം നില്ക്കുന്നു എന്ന് പറയുകയും പാര്‍ട്ടി ദിവ്യയെ രക്ഷിക്കാന്‍ ശ്രമം നടത്തുകയും ചെയ്യുന്നു. വി ഡി സതീശന് എന്ത് കൊണ്ട് ഈ കാര്യങ്ങളില്‍ ഒന്നും പറയുന്നില്ലെന്ന് ചോദിച്ച സുരേന്ദ്രന് കേരള പൊലീസ് അന്വേഷിച്ചാല്‍ കുടുംബത്തിന് നീതി കിട്ടില്ലെന്നും വിമര്‍ശിച്ചു. ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കുകയോ അല്ലെങ്കില്‍ മറ്റേതെങ്കിലും ഏജന്‍സിയോ അന്വേഷിക്കണമെന്നും കെ സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: