കൊച്ചി: ശ്രേഷ്ഠ കത്തോലിക്ക ബാവ യാക്കോബായ സഭാ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ(95) അന്തരിച്ചു.
ആഴ്ചകളായി കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രക്തസമ്മര്‍ദത്തിലെ വ്യതിയാനമടക്കം പരിഹരിക്കാന്‍ ശ്രമം തുടരുന്നതിനിടെയാണ് അന്ത്യം. സംസകാര ചടങ്ങുകള്‍ സംബന്ധിച്ച് ബിഷപ്പുമാരുടെ യോഗം ചേര്‍ന്ന് തീരുമാനിക്കും.
1929 ജൂലൈ 28നാണ് ജനനം. 1958 ല്‍ വൈദിക പട്ടം സ്വീകരിച്ചു. 1974 ഫെബ്രുവരി 24ന് അങ്കമാലി ഭദ്രാസാധിപനായി.2002 ജൂലൈ 26ന് ശ്രേഷ്ഠ കത്തോലിക്ക ബാവയായി. 2019 മേയ് ഒന്നിന് ഭരണചുമതലകളില്‍ നിന്നൊഴിഞ്ഞു.
പ്രതിസന്ധി ഘട്ടങ്ങളില്‍ സഭയെ ചേര്‍ത്തുപിടിച്ച അധ്യക്ഷന്‍ ആണ് വിടവാങ്ങിയത്. സഭാ വിഷയത്തില്‍ തെരുവിലിറങ്ങി വിശ്വാസികള്‍ക്കൊപ്പം പ്രതിഷേധിച്ച ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയ്‌ക്കെതിരെ 600ല്‍ ഏറെ കേസുകളാണ് ഉണ്ടായിരുന്നത്.
ശ്രേഷ്ഠ കാതോലിക്ക അഭിവന്ദ്യ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സഭാമക്കളുടെയും ക്രൈസ്തവ വിശ്വാസികളുടെയും പൊതുസമൂഹത്തിന്റെയാകെയും സേവനത്തിനും പരിപാലനത്തിനുമായി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അഭിവന്ദ്യ ബാവാ തിരുമേനിയുടേത്.
യാക്കോബായ സുറിയാനി സഭയുടെ വളർച്ചയിൽ സമാനതകളില്ലാത്ത സംഭാവനകളാണ് ബാവാ തിരുമേനി നൽകിയത്. പ്രയാസഘട്ടങ്ങളിൽ അക്ഷരാർത്ഥത്തിൽ സഭയെ സംരക്ഷിച്ചു നിർത്തിയ വലിയ ഇടയനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ യാക്കോബായ സുറിയാനി സഭയെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
ഇന്ത്യയിലെ ക്രൈസ്തവ മേൽപട്ടക്കാരിൽ പ്രായം കൊണ്ടും ശുശ്രൂഷാ കാലയളവുകൊണ്ടും ഏറ്റവും തലമുതിർന്ന പിതാക്കന്മാരിൽ ഒരാളായിരുന്നു. ഏതു പ്രതിസന്ധിയെയും എത്ര വലിയ പ്രതികൂല സാഹചര്യത്തെയും നേരിടാനുള്ള ധൈര്യവും സമർപ്പണവുമായിരുന്നു ബാവായുടെ ഏറ്റവും വലിയ സവിശേഷത. ഒന്നിന്റെയും മുന്നിൽ അദ്ദേഹം പതറിയിട്ടില്ല, എല്ലാത്തിനെയും അദ്ദേഹം ധീരതയോടെ നേരിട്ടു. നിലപാടുകളിൽ അചഞ്ചലനായിരുന്നു. ബസേലിയോസ് എന്ന ഗ്രീക്ക് നാമത്തിന്റെ അർത്ഥത്തെ അന്വർത്ഥമാക്കുന്ന വ്യക്തിത്വമായി ജീവിതം കൊണ്ട് അദ്ദേഹം മാറി.
22 വർഷക്കാലം യാക്കോബായ സുറിയാനി സഭയുടെ തലവനായിരുന്നു. സഭയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ മേഖലയിലാവട്ടെ, സാമൂഹ്യ മേഖലയിലാവട്ടെ, സംവാദത്തിന്റെ മേഖലയിലാവട്ടെ, സഭാംഗങ്ങളുടെ പരിപാലന ശുശ്രൂഷയുടെ മേഖലയിലാവട്ടെ, സമഗ്രമായ ഇടപെടലുകളായിരുന്നു അദ്ദേഹം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: