പരീക്ഷ രണ്ട് തവണ: ആദ്യ പരീക്ഷ ജനുവരി 22 നും 31 നും മധ്യേ.
നവംബര്‍ 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
വിജ്ഞാപനം, ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന് https:///jeemain.nta.nic.in ല്‍
രണ്ടാമത്തെ പരീക്ഷ ഏപ്രിലില്‍.
പരീക്ഷാര്‍ത്ഥികള്‍ക്ക് പ്രായപരിധിയില്ല.
അക്കാഡമിക് മികവോടെ ശാസ്ത്ര വിഷയങ്ങളില്‍ പ്ലസ്ടു/തത്തുല്യ പരീക്ഷ വിജയിച്ചവര്‍ക്കും 2025 ല്‍ ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം.
ഐഐടികളിലേക്കുള്ള ജെഇഇ അഡ്വാന്‍സ്ഡ് അഭിമുഖീകരിക്കുന്നതിനും ജെഇഇ മെയിനില്‍ ഉയര്‍ന്ന റാങ്ക് നേടണം.
കേരളത്തില്‍ കാലിക്കറ്റ് അടക്കമുള്ള എന്‍ഐടികള്‍, ഐഐഐടികള്‍, കേന്ദ്ര ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ മുതലായവ 2025-26 വര്‍ഷം നടത്തുന്ന എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, പ്ലാനിങ് ബിരുദ കോഴ്സുകളില്‍ പ്രവേശനത്തിന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന് മെയിന്‍ (ജെഇഇഇ-മെയിന്‍ 2025) പരീക്ഷയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു.
രണ്ടു തവണകളായാണ് പരീക്ഷ. ആദ്യ പരീക്ഷ ജനുവരി 22 നും 31 നും മധ്യേ നടത്തും. രണ്ടാമത്തെ പരീക്ഷ ഏപ്രില്‍ ഒന്നിനും എട്ടിനും മധ്യേ. മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഉള്‍പ്പെടെ 13 ഭാഷകളിലാണ് പരീക്ഷ നടത്തുക.
പരീക്ഷ: കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ 2 പേപ്പറുകള്‍, ഒന്നാമത്തെ പേപ്പറില്‍ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിലായി മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയില്‍ 75 ചോദ്യങ്ങളുണ്ടാവും. പരമാവധി 300 മാര്‍ക്കിനാണിത്. യോഗ്യത നേടുന്നവര്‍ക്ക് ബിഇ/ബിടെക് പ്രവേശനത്തിന് അര്‍ഹതയുണ്ട്.
പേപ്പര്‍ രണ്ട് ‘എ’ ബിആര്‍ക് പ്രവേശനത്തിനുള്ളതാണ്. മാത്തമാറ്റിക്സ്, ആപ്ടിട്യൂഡ് ടെസ്റ്റ്, ഡ്രോയിങ് ടെസ്റ്റ് എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുണ്ടാവും. ആകെ മാര്‍ക്ക് 77.
പേപ്പര്‍ 2 ബി പരീക്ഷയില്‍ മാത്തമാറ്റിക്സ്, ആപ്ടിട്യൂഡ് ടെസ്റ്റ്, പ്ലാനിങ് എന്നിങ്ങനെ മൂന്ന് ഭാഗങ്ങള്‍, 100 മാര്‍ക്കിന്. യോഗ്യത നേടുന്നവര്‍ക്ക് ബി പ്ലാനിങ് പ്രവേശനത്തിന് അര്‍ഹതയുണ്ട്.
രണ്ട് ഷിഫ്റ്റുകളായാണ് പരീക്ഷ. രാവിലെ 9-12 മണിവരെയും ഉച്ചയ്ക്കുശേഷം 3-6 മണിവരെയും. ബി പ്ലാനിങ് പ്രവേശനത്തിനായുള്ള പേപ്പര്‍ 2 ബി പരീക്ഷ ഉച്ചയ്ക്കുശേഷം മാത്രമായിരിക്കും. പരീക്ഷാ ഘടനയും വിശദമായ സിലബസും https://jeemain.nta.nic.in ല്‍ ലഭ്യമാണ്. പരീക്ഷാഫലം ഫെബ്രുവരി 12 ന് വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും.
ആദ്യ ജെഇഇ മെയിന്‍ പരീക്ഷ അഭിമുഖീകരിക്കുന്നതിനുള്ള രജിസ്ട്രേഷന് തുടങ്ങി. ഓണ്‍ലൈനായി നവംബര്‍ 22 രാത്രി 9 മണിവരെ അപേക്ഷ സമര്പ്പക്കാവുന്നതാണ്.
അപേക്ഷാ ഫീസ്: ബിഇ/ബിടെക് അല്ലെങ്കില്‍ ബിആര്‍ക് അല്ലെങ്കില്‍ ബി പ്ലാനിങ്-ജനറല്‍ വിഭാഗത്തിന്-പുരുഷന്മാര് 1000 രൂപ, വനിതകള്‍-800 രൂപ, ഇഡബ്ല്യുഎസ്/ഒബിസി-നോണ്‍ ക്രീമിലെയര്‍ പുരുഷന്മാര് -900 രൂപ വനിതകള്‍-800 രൂപ. എസ്സി/എസ്ടി/പിഡബ്ല്യുഡി/തേര്‍ഡ് ജന്‍ഡര്‍- 500 രൂപ. ഒന്നിലധികം കോഴ്സുകളിലേക്ക് പരിഗണിക്കപ്പെടുന്നതിനും ഇന്ത്യയ്ക്ക് പുറത്ത് പരീക്ഷാ കേന്ദ്രം ആവശ്യമുള്ളവരും ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ നിഷ്കര്ഷിട്ടിച്ചുള്ള ഉയര്‍ന്ന നിരക്കിലുള്ള ഫീസ് നല്‍കണം. ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ് മുഖേന നവംബര്‍ 22 രാത്രി 11.50 വരെ ഫീസ് അടയ്ക്കാം.
യോഗ്യത: അക്കാദമിക് മികവോടെ ശാസ്ത്ര വിഷയങ്ങളില്‍ പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ 2023, 2024 വര്‍ഷങ്ങളില്‍ പാസായവര്‍ക്കും 2025 ല്‍ ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. അംഗീകൃത ത്രിവത്സര ഡിപ്ലോമാക്കാരെയും പരിഗണിക്കും. പ്രായപരിധിയില്ല.
എന്‍ഐടികളിലും ഐഐഐടികളിലും മറ്റും ബിടെക് പ്രവേശനത്തിന് പ്ലസ്ടു/തത്തുല്യ പരീക്ഷ 75 ശതമാനം മാര്‍ക്കില്‍ (എസ്സിഎസ്ടി വിഭാഗങ്ങള്‍ക്ക് 65% മതി)കുറയാതെ പാസായിരിക്കണം. ഫിസിക്സ്, മാത്തമാറ്റിക്സ് നിര്‍ബന്ധ വിഷയങ്ങളായും കെമിസ്ട്രി/ബയോ ടെക്നോളജി/ബയോളജി/ടെക്നിക്കല്‍/വൊക്കേഷണല്‍ വിഷയങ്ങളിലൊന്ന് കൂടിയും പ്ലസ്ടു തലത്തില്‍ പഠിച്ചിരിക്കണം.
ബിആര്‍ക് അഡ്മിഷന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് മൊത്തം 50% മാര്‍ക്കില്‍ കുറയാതെ പാസായിരുന്നാല്‍ മതി. മാത്തമാറ്റിക്സ് നിര്‍ബന്ധ വിഷയമായി പഠിച്ച് മൊത്തം 45% മാര്‍ക്കില്‍ കുറയാതെ ത്രിവത്സര ഡിപ്ലോമാ നേടിയവരെയും പരിഗണിക്കും.
ബി പ്ലാനിങ് കോഴ്സിലേക്ക് മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച് പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം. മാത്തമാറ്റിക്സില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെയും പ്ലസ്ടുവിന് മൊത്തത്തില്‍ 50% മാര്‍ക്കില്‍ കുറയാതെയുണ്ടാകണം.
ജെഇഇ മെയിന്‍ 2025 അഖിലേന്ത്യാ റാങ്കടിസ്ഥാനത്തില്‍ ജോയിന്റ് സീറ്റ് അലോക്കേഷന് അതോറിട്ടി (ജോസ) നടത്തുന്ന ഓണ്‍ലൈന്‍ കൗണ്‍സലിങ് വഴിയാണ് എന്‍ഐടികളിലെയും ഐഐഐടികളിലെയും മറ്റും പ്രവേശനം.
ജെഇഇ അഡ്വാന്‍സ്ഡ് റാങ്കടിസ്ഥാനത്തിലാണ് ഐഐടികളിലെ ബിടെക്/ഡ്യുവല്‍ ഡിഗ്രി എംടെക് മുതലായ പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷന്. ജെഇഇ അഡ്വാന്‍സ്ഡ് 2025 ല്‍ പങ്കെടുക്കുന്നതിന് ജെഇഇ മെയിനില്‍ ഉയര്‍ന്ന റാങ്ക് നേടുന്ന രണ്ടരലക്ഷം പേര്‍ക്കാണ് അവസരം.
ജെഇഇ മെയിന്‍ 2025 പരീക്ഷയ്ക്ക് കേരളത്തില്‍ ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍, വയനാട്, പയ്യന്നൂര്‍, ആലപ്പുഴ, ചെങ്ങന്നൂര്‍, എറണാകുളം, മൂവാറ്റുപുഴ, ലക്ഷദ്വീപില്‍ കവരത്തി എന്നിവ പരീക്ഷാ കേന്ദ്രങ്ങളായി അനുവദിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: