തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി. ഡ്രൈവർ യദുവും തമ്മിലുണ്ടായ തര്‍ക്കത്തെ തുടർന്നുണ്ടായ കേസിൽ സത്യസന്ധമായ അന്വേഷണം നടക്കണമെന്ന് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. സംഭവത്തില്‍ ഒരു സ്വാധീനത്തിനും വഴങ്ങാത്ത അന്വേഷണമാണ് വേണ്ടത്. കാലതാമസം വരുത്തരുത്. ഒന്നും രണ്ടും പ്രതികളായ മേയര്‍ ആര്യാ രാജേന്ദ്രനില്‍നിന്നോ സച്ചിന്‍ ദേവ് എംഎല്‍എയില്‍നിന്നോ ഏതെങ്കിലും തരത്തിലുള്ള സ്വാധീനം അന്വേഷണത്തില്‍ ഉണ്ടാകരുതെന്നും കോടതി നിര്‍ദേശിച്ചു.
മേയറും താനും തമ്മിലുള്ള തര്‍ക്കത്തില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യദു സമർപ്പിച്ച ഹർജിയിലാണ് കോടതി നിർദേശം. അന്വേഷണത്തിനുഉള പൂർണ സ്വാതന്ത്ര്യം അന്വേഷണ ഉദ്യോഗസ്ഥനുണ്ടെങ്കിലും ഈ നിർദ്ദേശങ്ങൾ പാലിക്കണമെന്നും കോടതി പറഞ്ഞു. മൂന്ന് മാസത്തില്‍ ഒരിക്കല്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും യദു ഉന്നയിച്ചിരുന്നു.
സംഭവത്തില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണം കാര്യക്ഷമമാണെന്നാണ് ഹര്‍ജി പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഈ വാദം അംഗീകരിച്ച കോടതി ചില നിർദേശങ്ങൾ മുന്നോട്ട് വയ്‌ക്കുകയായിരുന്നു. ഈ നിർദേശങ്ങൾ സ്വീകരിക്കുകയല്ലേയെന്ന് യദുവിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു. യദുവിന്റെ അഭിഭാഷകർ ഇക്കാര്യം അംഗീകരിച്ചതോടെ ഹർജി തീർപ്പാക്കി.
വിധിയില്‍ പ്രതീക്ഷയുണ്ട് എന്നാണ് യദു മാധ്യമങ്ങളോട് പ്രതികരിച്ചത്. നീതി ലഭിക്കാന്‍ ഒന്നരവര്‍ഷംകൂടി കാക്കേണ്ടിവരും. മേയര്‍ സ്ഥാനമൊഴിയുന്നതുവരെ നീതി ലഭിക്കാൻ സാധ്യതയില്ലെന്നും യദു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക