Kerala

കത്തോലിക്കാ സഭയുടെ നിലപാട്: മുനമ്പം- ഇടതും വലതും പിന്നില്‍ നിന്ന് കുത്തി; ബിജെപിയെ സഹായിക്കേണ്ടി വരും

Published by

കോട്ടയം: മുനമ്പത്തെ മനുഷ്യരുടെ കണ്ണീരു കാണാതെ വഖഫ് നിയമം സംരക്ഷിക്കാന്‍ കേരള നിയമസഭയില്‍ പ്രമേയം പാസാക്കിയ ഇടത്-വലത് മുന്നണികള്‍ക്ക് കത്തോലിക്കാ സഭയുടെ കടുത്ത വിമര്‍ശനം.

വഖഫ് നിയമത്തിന്റെ മുനമ്പം ഇരകളെയും അവരെ പിന്തുണക്കുന്നവരെയും പിന്നില്‍നിന്നു കുത്തുകയാണ് രണ്ടു മുന്നണികളും ചെയ്യുന്നതെന്ന് കത്തോലിക്ക സമുദായത്തിന്റെ മാധ്യമമായ ദീപിക മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

എല്‍ഡിഎഫാണോ യുഡിഎഫാണോ ബിജെപിയെ സഹായിക്കാന്‍ ഒളിസേവ നടത്തുന്നതെന്ന ആരോപണ പ്രത്യാരോപണങ്ങളിലാണ് കേരളത്തിലെ ഇരുമുന്നണികളും. മുനമ്പത്തെ മനുഷ്യരുടെ കണ്ണീരു കാണാതെ പോകുന്നവര്‍ക്ക് മുന്നില്‍ ഇരകളും അവര്‍െക്കാപ്പമുള്ളവര്‍ക്കും തങ്ങളുടെ രാഷ്‌ട്രീയ നിലപാടുകള്‍ ഭേദഗതി ചെയ്യേണ്ടതായി വരും. മുനമ്പത്ത് വന്ന് നീതി നടപ്പാക്കുമെന്നു പറഞ്ഞവരാണ് തിരുവനന്തപുരത്തെത്തി വഖഫില്‍ തൊടരുതെന്നു പറഞ്ഞ് പ്രമേയം പാസാക്കിയത്. ബിജെപിയെ സഹായിക്കാന്‍ ഇവര്‍ ജനങ്ങളെ നിര്‍ബന്ധിക്കുകയാണ്.

ജനകീയസമരമൊന്നും പ്രശ്നമല്ലെന്നും സ്വത്ത് പിടിച്ചെടുക്കുമെന്നുമുള്ള നിലപാടിലാണ് വഖഫ് ബോര്‍ഡ്. മുനമ്പത്തെ 600 കുടുംബങ്ങളുടെ നിയമാനുസൃത സ്വത്ത്, പ്രാകൃത നിയമങ്ങള്‍ കൊണ്ട്കവര്‍ന്നെടുക്കാന്‍ കൂട്ടുനില്‍ക്കുന്നത് രാഷ്‌ട്രീയ നെറികേടാണ്. മുനമ്പത്തെ കണ്ണീര്‍ രാജ്യത്തു പലയിടത്തും സംഭവിച്ച ദുരന്തത്തിന്റെ തുടര്‍ച്ചയാണ്.

രാജ്യത്തിനുമേല്‍ നരസിംഹറാവുവിന്റെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കെട്ടിവച്ച ശാപമാണ് 1995ലെ വഖഫ് നിയമം. ഇതിന്റെ 40-ാം അനുച്ഛേദ പ്രകാരം, ഏതെങ്കിലും സ്വത്ത് തങ്ങള്‍ക്ക് അവകാശപ്പെട്ട താണെന്ന് വഖഫ് ബോര്‍ഡ് കരുതിയാല്‍ നിലവിലുള്ള ഏതു രജിസ്ട്രേഷന്‍ ആക്ടിനെയും മറികടന്ന് അതു സ്വന്തമാക്കാം. ഇടപെടാന്‍ ഹൈക്കോടതിക്കുപോലും പരിമിതമായ അധികാരമേയുള്ളൂ. വഖഫ് ബോര്‍ഡിനെതിരേ പരാതിയുള്ളവര്‍ വഖഫ് ട്രൈബ്യൂണലുകളെ സമീപിച്ചുകൊള്ളണം. ജനാധിപത്യത്തിനും മതേതരത്വത്തിനും മേല്‍ ഒരു സര്‍ക്കാര്‍ നടത്തിയ പിന്‍വാതില്‍ നിയമം! കോണ്‍ഗ്രസ് വിതച്ചു, വഖഫ് കൊയ്തു.

വഖഫ് നിയമമെന്ന വേതാളത്തെ തോളിലിട്ടു താലോലിച്ചു കൊണ്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ മുനമ്പംകാരെ ആശ്വസിപ്പിക്കാന്‍ കെട്ടുകഥകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഈയൊരൊറ്റ കാര്യത്തില്‍ മാത്രം കോണ്‍ഗ്രസിനോട് ഇടതുപക്ഷത്തിന് എതിര്‍പ്പില്ല. അതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന വഖഫ് ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പട്ട് ഇരുകക്ഷികളും നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക