കാസര്‍കോട്: നീലേശ്വരത്ത് തെരു അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്രത്തില്‍ കളിയാട്ടത്തിനിടെ വെടിമരുന്ന് ശാലയ്‌ക്ക് തീപിടിച്ച് 136 ലേറെ പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. തിങ്കളാഴ്ച രാത്രി 12.20ഓടെയാണ് അപകടം.
സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ പരിയാരം മെഡിക്കൽ കോളേജ്, മിംസ് ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, നീലേശ്വരം തേജസ്വനി, താലൂക്ക് ആശുപത്രി, മംഗലാപുരം എന്നിവിടങ്ങളിലാണ് പ്രവേശിച്ചിരിക്കുന്നത്. 8 പേരുടെ നില ഗുരുതരമെന്നാണു സൂചന.
ക്ഷേത്രഭാരവാഹികള്‍ക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. വെടിക്കെട്ടിന് അനുമതി ഉണ്ടായിരിന്നില്ലെന്ന് ജില്ലാകലക്ടര്‍ ഇമ്പശേഖര്‍ കാളിമുത്ത് വ്യക്തമാക്കി. അലക്ഷ്യമായി പടക്കം കൈകാര്യം ചെയ്തതില്‍ ക്ഷേത്ര പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
ഉത്തരമലബാറിൽ കളിയാട്ടങ്ങൾക്ക് തുടക്കംകുറിക്കുന്ന കാവുകളിലൊണ് അഞ്ഞൂറ്റമ്പലം വീരർക്കാവ്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോൾ, തീപ്പൊരി പടക്കംസൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു. ക്ഷേത്രമതിലിനോട് ചേർന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. ഇതിനുസമീപം സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ തെയ്യം കാണാൻ കൂടിനിന്നിരുന്നവർക്കെല്ലാം പൊള്ളലേറ്റു.
കളക്ടർ കെ. ഇമ്പശേഖർ, ജില്ലാ പോലീസ് മേധാവി ഡി. ശില്പ, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. ബാബു പെരിങ്ങേത്ത്, നീലേശ്വരം നഗരസഭാധ്യക്ഷ ടി.വി. ശാന്ത, ഉപാധ്യക്ഷൻ പി.പി. മുഹമ്മദ് റാഫി, കൗൺസിലർമാരായ ഇ. ഷജീർ, കെ. പ്രീത, വിനയരാജ് തുടങ്ങിയവർ അപകടസ്ഥലത്തും ആശുപത്രികളിലുമെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. നാട്ടുകാരും നീലേശ്വരം അഗ്നിരക്ഷാസേനയും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. വൻ പോലീസ് സന്നാഹവും സ്ഥലത്തുണ്ട്.
ചികിത്സയിലുള്ളവർ (ലഭ്യമായ വിവരം): കോഴിക്കോട് മിംസ്–2, കാഞ്ഞങ്ങാട് സർക്കാർ ആശുപത്രി–16, സഞ്ജീവനി ആശുപത്രി–10, പരിയാരം മെഡിക്കൽ കോളജ്–5, കാഞ്ഞങ്ങാട് ഐഷാൽ ആശുപത്രി–17, കാഞ്ഞങ്ങാട് അരിമാലാ ആശുപത്രി–3, മിംസ് കണ്ണൂർ–18, മിംസ് കോഴിക്കോട്–2, കെഎഎച്ച് ചെറുവത്തൂർ–2, കാഞ്ഞങ്ങാട് മൺസൂർ ആശുപത്രി–5, എജെ മെഡിക്കൽ കോളജ്–18, ദീപ ആശുപത്രി–1
പ്രതികരിക്കാൻ ഇവിടെ എഴുതുക: