ന്യൂദല്‍ഹി: ജനസംഖ്യ നിര്‍ണയത്തിനായി ആവശ്യമായ സെന്‍സസ് നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ അടുത്തവര്‍ഷം മുതല്‍ ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സെന്‍സസ് ഉചിതമായ സമയത്ത് തന്നെ നടക്കുമെന്ന് അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. 2011-ല്‍ ആയിരുന്നു അവസാനമായി സെന്‍സെസ് നടത്തിയത്. 2021 ല്‍ നടത്തേണ്ടി ഇരുന്ന സെന്‍സെസില്‍ നാല് വര്‍ഷം വൈകിയാണ് നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.
അതേസമയം, കഴിഞ്ഞ സെന്‍സസ് ഇന്ത്യയില്‍ 121 കോടിയിലധികം ജനസംഖ്യ രേഖപ്പെടുത്തിയിരുന്നു. ഇത് 17.7 ശതമാനം വളര്‍ച്ചാ നിരക്ക് പ്രതിഫലിപ്പിക്കുന്നതാണ്. മൊബൈല്‍ ആപ്പ് വഴി പൂര്‍ണമായും ഡിജിറ്റല്‍ രീതിയിലായിരിക്കും ഇത്തവണത്തെ സെന്‍സസ് നടപടികളെന്നാണ് റിപ്പോര്‍ട്ട്.രജിസ്ട്രാര്‍ ജനറലും ഇന്ത്യന്‍ സെന്‍സസ് കമ്മീഷണറുമായ മൃത്യുഞ്ജയ് കുമാര്‍ നാരായണിന്റെ ഡെപ്യുട്ടേഷന്‍ കാലാവധി അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ നീട്ടിയിരുന്നു. 2026 ഓടെ സെന്‍സസ് നടപടികള്‍ പൂര്‍ത്തിയാക്കി ലോക്‌സഭ മണ്ഡല പുനര്‍നിര്‍ണയത്തിലേക്ക് കടക്കാനാണ് നീക്കം. മണ്ഡലം പുനര്‍നിര്‍ണയം 2028 ഓടെ പൂര്‍ത്തിയാക്കാനും നീക്കമുണ്ട്. സെന്‍സസുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: