ന്യൂദൽഹി : രാജ്യത്തിന്റെ പ്രതിരോധ ഉപകരണ കയറ്റുമതിയുടെ ആദ്യ മൂന്ന് ഉപഭോക്താക്കളായി യുഎസ്, ഫ്രാൻസ്, അർമേനിയ രാജ്യങ്ങൾ സ്ഥാനം പിടിച്ചുവെന്ന് റിപ്പോർട്ട്. ഇന്ത്യ നിലവിൽ ലോകമെമ്പാടുമുള്ള നൂറിലധികം രാജ്യങ്ങളിലേക്ക് സൈനിക ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ ഞായറാഴ്ച അറിയിച്ചു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് രാജ്യങ്ങളിൽ യുഎസ്, ഫ്രാൻസ്, അർമേനിയ എന്നിവ ഉൾപ്പെടുന്നുവെന്ന് അധികൃതർ അറിയിച്ചു. ഈ സാഹചര്യത്തിൽ ആഭ്യന്തരവും അന്തർദേശീയവുമായ ആവശ്യകതകൾ നിറവേറ്റുന്നതിനായി ഈ യുദ്ധ ഉപകരണങ്ങളുടെ ഉൽപ്പാദനം മെച്ചപ്പെടുത്തുന്നതിനായി പ്രതിരോധ മന്ത്രാലയം രാജ്യത്ത് പ്രതിരോധ കയറ്റുമതിയും ഉൽപ്പാദനവും പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.
ലോക്ക്ഹീഡ് മാർട്ടിൻ, ബോയിംഗ് തുടങ്ങിയ ആഗോള കമ്പനികൾക്കായി ഇന്ത്യൻ കമ്പനികൾ നിർമ്മിക്കുന്ന വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും ഗണ്യമായ ഭാഗങ്ങൾ യുഎസിലേക്കുള്ള കയറ്റുമതിയിൽ ഉൾപ്പെടുന്നുവെന്ന് അധികൃതർ പറഞ്ഞു.
അതേ സമയം ഫ്രാൻസിലേക്കുള്ള കയറ്റുമതിയിൽ ധാരാളം സോഫ്റ്റ്‌വെയറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഉൾപ്പെടുന്നുണ്ട്. അർമേനിയയിലേക്കുള്ള കയറ്റുമതിയിൽ ATAGS പീരങ്കി തോക്കുകൾ, പിനാക മൾട്ടി-ബാരൽ റോക്കറ്റ് ലോഞ്ചർ സിസ്റ്റങ്ങൾ, ആയുധങ്ങൾ കണ്ടെത്തുന്ന റഡാറുകൾ മറ്റ് പ്രധാന സംവിധാനങ്ങളും ഉൾപ്പെടുന്നുണ്ട്.
2014-15 മുതൽ രാജ്യത്തെ പ്രതിരോധ ഉൽപ്പാദനത്തിന്റെ മൂല്യം ഗണ്യമായി ഉയർന്നതായി വൃത്തങ്ങൾ അറിയിച്ചു. കൂടാതെ 2014-15 മുതൽ ഇങ്ങോട്ട് ഉൽപ്പാദന മൂല്യത്തിൽ ഏകദേശം മൂന്നിരട്ടി വർധനയുണ്ടായി. ഇന്ത്യൻ കമ്പനികൾ 2014-15ൽ 46,429 കോടി രൂപയുടെ ഉപകരണങ്ങൾ ഉൽപ്പാദിപ്പിച്ചപ്പോൾ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇത് 1.27,265 കോടി രൂപയായി ഉയർന്നുവെന്നും റിപ്പോർട്ടുണ്ട്.
അതേ സമയം ഈ ഉൽപാദന മൂല്യത്തിൽ സ്വകാര്യമേഖലയുടെ സംഭാവന 21 ശതമാനമാണ്. തേജസ് യുദ്ധവിമാനങ്ങൾ, വിമാനവാഹിനിക്കപ്പലുകൾ, യുദ്ധക്കപ്പലുകൾ, അന്തർവാഹിനികൾ, ധനുഷ് ആർട്ടിലറി ഗൺ സിസ്റ്റം, MBT അർജുൻ, അഡ്വാൻസ്ഡ് ടോവ്ഡ് ആർട്ടിലറി ഗൺ സിസ്റ്റം ലൈറ്റ് സ്പെഷ്യലിസ്റ്റ് വെഹിക്കിൾസ്, ഹൈ മൊബിലിറ്റി വെഹിക്കിൾസ്, വെപ്പൺ ലൊക്കേറ്റിംഗ് റഡാർ, 3D ടാക്ടിക്കൽ കൺട്രോൾ, റഡാർ, സോഫ്റ്റ്‌വെയർ ഡിഫൈൻഡ് റേഡിയോകൾ, ആകാശ് മിസൈൽ സിസ്റ്റം എന്നിവയാണ് രാജ്യത്ത് നിർമ്മിക്കുന്ന പ്രധാന പ്രതിരോധ യുദ്ധോപകരണങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: